നമ്മുടെ ഒരു രൂപയ്ക്ക് 75 വയസ്സായി! റിസർവ് ബാങ്ക് ഗവർണർ ഒപ്പിടാത്ത ഒരേയൊരു നോട്ട്
Mail This Article
2011ന് മുൻപ് കുറേയേറെ പൈസാ നാണയങ്ങൾ ഇന്ത്യയിലുണ്ടായിരുന്നു. എന്നാൽ 2011നു ശേഷം 50 പൈസയായി ഇന്ത്യയിൽ പൈസാ ഗണത്തിലുള്ള നാണയം. ഒറ്റ രൂപ നാണയവും നമുക്കെല്ലാം സുപരിചിതം. മിഠായി വാങ്ങാനും ബസിൽ ചില്ലറ കൊടുക്കാനുമൊക്കെ നമ്മൾ ഒരു രൂപ നാണയം നൽകാറുണ്ട്.
ഒരു രൂപാ നോട്ടുമുണ്ട്. നമ്മുടെ രാജ്യത്ത് സർക്കുലേഷനിലുള്ള ഏറ്റവും ചെറിയ തുകയുള്ള നോട്ടാണ് ഒരു രൂപ. ഈ നോട്ട് പുറത്തിറക്കിയിട്ട് 75 വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ് കേട്ടോ. 1949 ഓഗസ്റ്റ് 12ന് ആണ് ഈ നോട്ട് ആദ്യമായി പുറത്തിറങ്ങിയത്. കേന്ദ്രധനകാര്യ വകുപ്പിന്റെ ആദ്യ സെക്രട്ടറിയും മലയാളിയുമായ കെ.ആർ.കെ മേനോനാണ് ഒരു രൂപ നോട്ടിൽ ആദ്യമായി ഒപ്പിട്ടത്. ഒരു രൂപ നോട്ടിന് അങ്ങനൊരു പ്രത്യേകതയുമുണ്ട്, മറ്റുള്ള നോട്ടിലെ പോലെ റിസർവ് ബാങ്ക് ഗവർണറുടേതല്ല, കേന്ദ്ര ധനകാര്യ സെക്രട്ടറിയുടേതാണ് ഈ നോട്ടിലെ ഒപ്പ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയല്ല മറിച്ച് കേന്ദ്ര ധനകാര്യ വകുപ്പാണ് ഒറ്റ രൂപാനോട്ട് പുറത്തിറക്കുന്നത് എന്നതാണ് കാരണം. ലോകത്തുണ്ടായ മറ്റു ചില കറൻസി കൗതുകങ്ങൾ അറിഞ്ഞാലോ.
മുൻ യൂറോപ്യൻ രാജ്യമായ യൂഗോസ്ലാവ്യ എൺപതുകളുടെ അവസാനത്തിൽ വൻ വിലക്കയറ്റത്തെ നേരിട്ടു. എല്ലാ വസ്തുക്കൾക്കും വില കൂടിയതോടെ സർക്കാർ വിലകൂടിയ ഒരു നോട്ടുമിറക്കി. അൻപതിനായിരം കോടി ദിനാരയുടെ ഈ നോട്ടിനു ഏറ്റവും വലിയ സംഖ്യ അടയാളപ്പെടുത്തിയ നോട്ട് എന്ന ഖ്യാതി സ്വന്തമായി. യൂഗോസ്ലാവ്യ എന്ന രാജ്യം ഇന്നില്ല. ക്രൊയേഷ്യ, മോണ്ടിനെഗ്രോ, സെർബിയ, സ്ലോവെനിയ, ബോസ്നിയ ആൻഡ് ഹെർസെഗോവിന, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങൾ യൂഗോസ്ലാവ്യയിൽ നിന്നു വന്നതാണ്.
ഇതു കൂടാതെ വേറെയും കറൻസി വിശേഷങ്ങളുണ്ട്.
1997 ൽ ആഫ്രിക്കൻ രാഷ്ട്രമായ സയറിൽ (ഇന്നത്തെ കോംഗോ) വിപ്ലവം നടന്നു. സ്വേച്ഛാധിപതിയായ ജോസഫ് മോബുട്ടു പുറത്താക്കപ്പെട്ടു. അന്നു രാജ്യത്ത് നിലവിലിരുന്ന കറൻസിയിൽ മോബുട്ടുവിന്റെ തലച്ചിത്രം അച്ചടിച്ചിട്ടുണ്ടായിരുന്നു. വിപ്ലവത്തിനു ശേഷം പുതിയ കറൻസി അച്ചടിക്കാനുള്ള പണമില്ലാത്തതിനാൽ വിപ്ലവാനന്തര കോംഗോയിലെ സർക്കാർ നോട്ടുകളിൽ മോബുട്ടുവിന്റെ തലഭാഗം വെട്ടിമാറ്റി ഉപയോഗിച്ചു.
ഐറിഷ് ഫുട്ബോൾ ഇതിഹാസമായിരുന്ന ജോർജ് ബെസ്റ്റിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത കറൻസി നോട്ടുകൾ വടക്കൻ അയർലൻഡിലെ യൂൾസ്റ്റർ ബാങ്ക് 2006ൽ പുറത്തിറക്കി. ലിമിറ്റഡ് എഡിഷൻ എന്ന നിലയിൽ പുറത്തിറങ്ങിയ നോട്ടുകൾ വാങ്ങാൻ ബെസ്റ്റിന്റെ ആരാധകർ തമ്മിൽ കടുത്ത മൽസരമായിരുന്നു. ഓൺലൈനിലും നോട്ടുകൾ വിൽപനയ്ക്കുണ്ടായിരുന്നു.
1952ൽ ഇസ്രായേലിന്റെ പ്രധാനമന്ത്രിയാകാനുള്ള ക്ഷണം ആൽബർട്ട് ഐൻസ്റ്റീനു ലഭിച്ചു. എന്നാൽ അദ്ദേഹം സ്നേഹപൂർവം ഇതു നിരസിക്കുകയാണുണ്ടായത്.
ലോകത്തിലെ ഏറ്റവും പഴയ ബാങ്ക്നോട്ട് ചൈനയിൽ നിന്നാണ് കിട്ടിയിട്ടുള്ളത്. പേപ്പർ കണ്ടു പിടിച്ച ചൈനക്കാർ തന്നെയാണ് നോട്ടുകളും ആദ്യം അച്ചടിച്ചു തുടങ്ങിയത്. 1380ൽ അച്ചടിച്ചതാണ് ഈ നോട്ടെന്നു കരുതപ്പെടുന്നു.
ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്നോട്ട് പുറങ്ങിയത് ഫിലിപ്പീൻസിലാണ് . ഒരു ഫൂൾസ്കാപ് പേപ്പറിന്റെ വലുപ്പം ഇതിനുണ്ടായിരുന്നു. സ്പെയിനിൽ നിന്നു സ്വാതന്ത്ര്യം നേടിയതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ നോട്ട് ഇറങ്ങിയത്