രണ്ടു ലോകയുദ്ധങ്ങളിൽ പറന്ന സീപ്ലെയ്ൻ: കടലിൽ ലാൻഡ് ചെയ്യുന്ന അദ്ഭുതവിമാനം
Mail This Article
റൈറ്റ് സഹോദരൻമാരാണ് വിമാനം കണ്ടെത്തിയതെന്ന് നമുക്ക് അറിയാം. വിമാനങ്ങളുടെ കണ്ടെത്തലിനു ശേഷമുള്ള കാലത്തു തന്നെ വെള്ളത്തിൽ നിന്നു പറന്നുപൊങ്ങാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന വിമാനങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇവയുടെ പൂർത്തീകരണമായിരുന്നു സീപ്ലെയിൻ.ഫ്ലോട്ട്പ്ലെയിൻസ്, ഫ്ലയിങ് ബോട്ടുകൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് സീപ്ലെയിനുകളുള്ളത്. ഫ്ലോട്ട്പ്ലെയിനുകളിൽ വെള്ളത്തിൽ ഉയർന്നുനിൽക്കാനായി പ്രത്യേക ഘടനകൾ നൽകുമ്പോൾ, ഫ്ലയിങ് ബോട്ട് ഈ രീതിയിൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്. 1910ൽ ഫ്രാൻസിലാണ് സീ പ്ലെയിനുകൾ ആദ്യമായി പറന്നത്. ഹെൻറി ഫേബർ എന്നയാളാണ് ഇതിന്റെ കണ്ടെത്തലിനു പിന്നിൽ. പിന്നീട് യുഎസ് വ്യോമഗവേഷകനായ ഗ്ലെൻ കർട്ടിസ് ഇതു പരിഷ്കരിച്ചു.
ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടിഷ് നാവികസേന വ്യാപകമായി സീപ്ലെയിനുകൾ ഉപയോഗിച്ചിരുന്നു. മതിയായ റൺവേകളില്ലാത്തയിടത്തും ലാൻഡ് ചെയ്യാമെന്ന പ്രയോജനം ഈ പ്ലെയിനുകൾക്കുണ്ടായിരുന്നു. ശത്രുവിന്റെ കപ്പലുകളെ നോട്ടമിടാനും നാവികരെ രക്ഷിക്കാനുമൊക്കെ ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നു. 1930 കാലഘട്ടമായപ്പോഴേക്കും സീപ്ലെയിനുകൾ ലോകത്തെ ഏറ്റവും വേഗമുള്ള എയർക്രാഫ്റ്റുകളിൽ ഉൾപ്പെട്ടിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ പസിഫിക് സമുദ്രത്തിലെ വിദൂരമേഖലകളിലേക്കൊക്കെ സഹായമെത്തിക്കാൻ ഇവ സഹായകമായി. രണ്ടാം ലോകയുദ്ധത്തിനു ശേഷം സൈനിക മേഖലയിൽ ഇവയുടെ പ്രാധാന്യം കുറഞ്ഞുവന്നു. വിനോദസഞ്ചാരം, സെർച് ആൻഡ് റെസ്ക്യു, അഗ്നിശമനസേനാ പ്രവർത്തനം തുടങ്ങി പലമേഖലകളിൽ ഇവ ഇന്നുപയോഗിക്കപ്പെടുന്നു.