ADVERTISEMENT

മാതാപിതാക്കള്‍ കുട്ടികളെ പ്രശംസിച്ചു സംസാരിക്കുന്നത് പേരന്റിങ്ങിന്റെ പ്രധാനപ്പെട്ട ഗുണമായിട്ടാണ് പൊതുവേ കരുതപ്പെടുന്നത്. പക്ഷേ അമിതമായതോ തെറ്റായതോ ആയ പ്രശംസകള്‍ കുട്ടികളുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.

1. എല്ലാ കാര്യങ്ങളിലും കുട്ടികളെ അഭിനന്ദിക്കേണ്ടതുണ്ടോ?  
മാതാപിതാക്കള്‍ കുട്ടികളെ സന്ദര്‍ഭം പരിഗണിക്കാതെ അമിതമായി പുകഴ്ത്തുന്നത് ദോഷകരമായി ബാധിക്കും. 1998 ല്‍ മുള്ളറും ഡ്വേക്കും ചേര്‍ന്ന് നടത്തിയ ഗവേഷണം സൂചിപ്പിക്കുന്നത്, ഏതെങ്കിലും ഒരു കാര്യം ചെയ്യാനുള്ള കുട്ടികളുടെ പരിശ്രമത്തേക്കാള്‍ സഹജമായ കഴിവുകളെ നിരന്തരം പ്രശംസിക്കുന്നത് മോശം മാനസികാവസ്ഥയിലേക്ക് കുട്ടികളെ നയിക്കുമെന്നാണ്. ഇത്തരം കുട്ടികള്‍ക്ക് വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധതയും കുറവായിരിക്കുമെന്ന് ഇവരുടെ പഠനങ്ങള്‍ പറയുന്നു. ഉദാഹരണമായി, കുട്ടികളെ അവരുടെ നിറത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നതിന് പകരം കളിക്കളത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നതിന് അവര്‍ നടത്തുന്ന പരിശ്രമത്തെ അഭിനന്ദിക്കുക. ഒരാളുടെ നിറം അയാളില്‍ സ്വാഭാവികമായി ഉള്ളതാണ്. അത്തരം കാര്യങ്ങള്‍ക്ക് പകരം അവരുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടത്. സഹജമായ സ്വഭാവങ്ങളേക്കാള്‍ കുട്ടികള്‍ നടത്തുന്ന പ്രയത്നങ്ങളെ പ്രശംസിക്കുന്നത് വെല്ലുവിളികളെ നേരിടുവാനും പരാജയങ്ങളെ പഠനത്തിനുള്ള അവസരങ്ങളായി വീക്ഷിക്കുവാനുമുള്ള ആരോഗ്യകരമായ മാനസികാവസ്ഥ കുട്ടികളില്‍ രൂപപ്പെടുത്തും.

2. ചുമതലകള്‍ നിറവേറ്റുന്നത് പ്രശംസയ്ക്ക് വേണ്ടിയോ?
മറ്റുള്ളവരുടെ അംഗീകാരത്തിന് വേണ്ടി മാത്രം കാര്യങ്ങള്‍ ചെയ്യുന്ന സ്വഭാവത്തിലേക്ക് അനുചിതമായ പ്രശംസ കുട്ടികളെ എത്തിക്കും. ഒരു കാര്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം ആസ്വദിക്കാന്‍ സാധിക്കാതെ, മറ്റുള്ളവര്‍ നല്‍കുന്ന പ്രശംസയിലേക്ക് മാത്രമായിരിക്കും കുട്ടിയുടെ ശ്രദ്ധ. ഉദാഹരണമായി, നന്നായി ചിത്രം വരയ്ക്കുന്ന കുട്ടിക്ക് താന്‍ ഒരു നല്ല ചിത്രം വരച്ചു കഴിയുമ്പോള്‍ അതാസ്വദിക്കാന്‍ സാധിക്കില്ല, ആരെങ്കിലും ആ ചിത്രത്തെ പ്രശംസിക്കുമ്പോള്‍ മാത്രമാണ് കുട്ടിക്ക് സന്തോഷം ലഭിക്കുന്നത്. ഇത് പ്രധാനമായും രണ്ടു പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഒന്നാമതായി കുട്ടിയുടെ സന്തോഷത്തിന്റെ കടിഞ്ഞാണ്‍ മറ്റു പലരുടെയും കയ്യിലാകുന്നു. രണ്ടാമതായി, പല തരം മനുഷ്യരുള്ള സമൂഹത്തില്‍ എപ്പോഴും പ്രശംസ ലഭിക്കുന്നത് നടപ്പുള്ള കാര്യമല്ല. ഇത് മാനസിക സംഘര്‍ഷങ്ങളിലേക്ക് നയിച്ചേക്കാം. റിച്ചാര്‍ഡ് റയാന്റെയും എഡ്വേര്‍ഡ് ഡെസിയുടെയും 'സെല്‍ഫ് ഡിറ്റര്‍മിനേഷന്‍' തിയറിയില്‍ കുട്ടികളില്‍ അന്തര്‍ലീനമായ, ചുമതല നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. അമിതമായ പ്രശംസയിലൂടെ അതിനെ ദുര്‍ബലപ്പെടുത്താതിരിക്കാന്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം.

3. അമിതമായ അഭിനന്ദനം സൃഷ്ടിക്കുന്ന ആശയക്കുഴപ്പം
കുട്ടിയുടെ യഥാർഥ പരിമിതികള്‍ അംഗീകരിക്കാതെ മാതാപിതാക്കള്‍ നടത്തുന്ന അമിതമായ പ്രശംസ, തനിക്ക് അസാധ്യമായ കാര്യമില്ല എന്ന തെറ്റിദ്ധാരണ കുട്ടിയിലുണ്ടാക്കും. ആത്മവിശ്വാസത്തിനപ്പുറം നില്‍ക്കുന്ന ഈ മിഥ്യാധാരണ, നടപ്പിലാക്കാന്‍ കഴിയാത്ത കാര്യങ്ങളില്‍ വ്യാപൃതനാകാന്‍ കുട്ടിയെ പ്രേരിപ്പിക്കുകയും അപ്പോള്‍ സംഭവിക്കുന്ന പാളിച്ച അനാവശ്യമായ ആത്മനിന്ദയ്ക്കും ഉത്കണ്ഠയ്ക്കും കാരണമാവുകയും ചെയ്യും. 

1192488413
Representative Image. Photo Credit : Triloks / istockPhoto.com

4. മക്കള്‍ക്കിടയില്‍ അസൂയ വിതയ്ക്കുന്ന പ്രശംസകള്‍
ചില മാതാപിതാക്കള്‍ കുട്ടികളെ പ്രശംസിക്കുമ്പോള്‍ അശ്രദ്ധ മൂലം പക്ഷപാതം കാണിക്കാറുണ്ട്. പലപ്പോഴും അവര്‍ക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്ന കുട്ടിയെ അവര്‍ പ്രശംസിക്കുകയും മറ്റേ കുട്ടിയെ പാടെ അവഗണിക്കുകയുംചെയ്യും. കുട്ടികളെ പ്രശംസിക്കുന്നതുമായി ബന്ധപ്പെട്ടു മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പൊരുത്തക്കേടുകള്‍ മക്കള്‍ക്കിടയില്‍ അനാവശ്യമായ മത്സരവും അസൂയയും ഉണ്ടാകാന്‍ കാരണമാകും. മക്കള്‍ക്കിടയില്‍ ആരോഗ്യകരമായ സഹോദര ബന്ധം നിലനിര്‍ത്തുന്നതിന് എല്ലാ മക്കളെയും പക്ഷപാതരഹിതമായി പ്രശംസിക്കേണ്ടത് നിര്‍ബന്ധമുള്ള കാര്യമാണ്.

English Summary:

Effective Child Appreciation Techniques for Parents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com