അമേരിക്കയെ പിടിച്ചടക്കാൻ എത്തുന്ന കറുത്ത ഹെലികോപ്റ്റർ! ഉള്ളിൽ രഹസ്യ നിരീക്ഷണ സംഘം
Mail This Article
ആഗോളതാപനം ഒരു രാജ്യാന്തര തെറ്റിദ്ധരിക്കൽ ശ്രമമാണ്, വേൾഡ് ട്രേഡ് സെന്‌റർ ആക്രമണം സിഐഎ പദ്ധതിയാണ്, ചന്ദ്രനിൽ അമേരിക്ക ഇറങ്ങിയത് ഏതോ മരുഭൂമിയിൽ ഷൂട്ട് ചെയ്തതാണ്... എന്നിങ്ങനെ യുഎസിൽ ധാരാളം നിഗൂഢവാദ സിദ്ധാന്തങ്ങളുണ്ട്. ഇത്തരം കോൺസ്പിറസി സിദ്ധാന്തങ്ങൾ എന്തുകൊണ്ടാണ് ഇത്രയും പ്രചാരം നേടുന്നതെന്നറിയില്ല. മനശ്ശാസ്ത്രപരമായ കാരണങ്ങൾ ഇതിനു പിന്നിലുണ്ടെന്നു പറയപ്പെടുന്നു.
അമേരിക്കയിലെ അസംഖ്യം ഗൂഢവാദങ്ങളിൽ പ്രമുഖമായ ഒന്നാണ് കറുത്ത ഹെലികോപ്റ്റർ തിയറി. അമേരിക്കയിലെ സായുധ സംഘങ്ങൾക്കിടെയാണ് ഇത് പ്രബലമായിട്ടുള്ളത്. കറുത്ത ഹെലികോപ്റ്ററുപയോഗിച്ച് കുറേ ഗൂഢശക്തികൾ യുഎസിനെ കീഴ്‌പ്പെടുത്താനും ജനങ്ങളെ നിയന്ത്രിക്കാനും ശ്രമിക്കുകയാണെന്നാണ് ഈ ഗൂഢവാദം മുന്നോട്ടുവയ്ക്കുന്ന തിയറി.
ഈ സിദ്ധാന്തത്തിൽ തീവ്രമായി വിശ്വസിക്കുന്ന യുഎസ് പൗരൻമാരുണ്ട്. ആകാശത്തുകൂടി താഴ്ന്നുപറന്ന സാധാരണ കറുത്ത ഹെലികോപ്റ്ററുകളെ വെടിവച്ചിടാനും മറ്റും യുഎസിൽ ശ്രമങ്ങളുണ്ടായിട്ടുള്ളത് ഈ നിഗൂഢവാദത്തിന്റെ വ്യാപ്തി വെളിവാക്കുന്ന സംഭവമാണ്. നേരത്തെയുണ്ടെങ്കിലും തൊണ്ണൂറുകളിലാണ് ഈ സിദ്ധാന്തം വളരെയേറെ തരംഗം സൃഷ്ടിച്ചത്. അന്ന് നോർത്തേൺ ഇഡഹോയിൽ നിന്നുള്ള ഒരു പാർലമെന്റംഗം ഇക്കാര്യം സഭയിൽപറഞ്ഞത് വലിയ കോലാഹലം സൃഷ്ടിച്ചു.
അമേരിക്കയിൽ നാഷനൽ ഗാർഡ്, ലഹരിവിരുദ്ധ ഏജൻസിയായ ഡിഇഎ തുടങ്ങിയവരൊക്കെ കറുത്ത ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്. ഗൂഢവാദ വിശ്വാസക്കാർ ഇതൊക്കെ കണ്ട് തെറ്റിദ്ധരിക്കുന്നു. യുഎന്നിന്റെ രഹസ്യസംഘങ്ങളാണ് ഇങ്ങനെ കറുത്ത ഹെലികോപ്റ്ററിൽ വരുന്നതെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. പരിസ്ഥിതി നിയമങ്ങളും മറ്റും അടിച്ചേൽപിക്കാനും പുതിയ ഒരൊറ്റ ലോകക്രമം സൃഷ്ടിക്കാനുമുള്ള ശ്രമമാണിതെന്നും ഗൂഢവാദക്കാർ പറഞ്ഞുപരത്തുന്നു. അമേരിക്കയിലെ പ്രശസ്തമായ യെലോസ്‌റ്റോൺ നാഷനൽ പാർക്ക് ലോക പൈതൃക പട്ടികയിൽ യുഎൻ പ്രഖ്യാപിച്ചതും മറ്റുമൊക്കെ ഇതിന് ആക്കം കൂട്ടിയ സംഭവങ്ങളാണ്. ഏതായാലും അന്യഗ്രഹജീവി സിദ്ധാന്തങ്ങൾ പോലെയൊക്കെ പലരുടെയും മനസ്സിനെ തെറ്റിദ്ധരിപ്പിച്ച ഒരു സിദ്ധാന്തമായി വിലസുകയാണ് ബ്ലാക് ഹെലികോപ്റ്റർ തിയറിയും.