കുഞ്ഞൻ ചന്ദ്രൻ ഭൂമിയ്ക്കരികിൽ എത്തി: നവംബർ 25ന് ബൈ പറഞ്ഞ് പോകും
Mail This Article
ഭൂമിയുടെ ആകർഷണവലയത്തിലേക്ക് പുതിയൊരു ഛിന്നഗ്രഹം കടന്നുകയറി. കുഞ്ഞൻ ചന്ദ്രൻ അഥവാ മിനിമൂൺ എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചിരുന്ന ഛിന്നഗ്രഹത്തിന്റെ ശാസ്ത്രീയ നാമം 2024 പിടി5 എന്നാണ്. ഏറെക്കാലമായി ഭൂമിയുടെ സമീപത്ത് സ്ഥിതി ചെയ്തിരുന്ന ഈ കുഞ്ഞൻ ചന്ദ്രൻ ഇപ്പോൾ ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിലേക്ക് കടക്കാൻ കഴിയുന്ന തരത്തിൽ അടുത്തെത്തിയിരിക്കുകയാണ്.
എന്നാൽ കുഞ്ഞൻ ചന്ദ്രൻ എക്കാലവും ഇവിടെ നിൽക്കില്ല കേട്ടോ. നവംബറിൽ ഭൂമിയുടെ ആകർഷണവലയം ഭേദിച്ച് ഇതു പുറത്തുകടക്കും. സൂര്യനു ചുറ്റുമുള്ള പുതിയ ഓർബിറ്റിലായിരിക്കും പിന്നീട് ഇതിന്റെ യാത്ര. മുൻപും കുഞ്ഞൻ ചന്ദ്രനുകൾ ഭൂമിക്ക് സമീപം വിരുന്നെത്തിയിട്ടുണ്ട്. ഛിന്നഗ്രഹങ്ങൾ പതിയെ എത്തി ഭൂമിയുടെ ആകർഷണവലയത്തിലാകുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഇതാദ്യമായല്ല ഛിന്നഗ്രഹങ്ങൾ ഈ വിധത്തിൽ എത്തുന്നത്. റോക്കറ്റ് ഭാഗങ്ങൾ പോലുള്ള ചില മനുഷ്യനിർമിത വസ്തുക്കളും ഈ വിധത്തിൽ എത്താറുണ്ട്. 2022എൻഎക്സ് 1 എന്ന ഒരു കുഞ്ഞൻ ചന്ദ്രൻ 2022ൽ കുറച്ചുകാലത്തേക്ക് ഇവിടെ എത്തിയിരുന്നു. മുൻപ് 1981ലും ഇതു ഭൂമിക്കരികിൽ കുറച്ചുകാലം സ്ഥിതി ചെയ്തു.
കഴിഞ്ഞമാസമാണ് ഈ വസ്തുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഇതു കണ്ടെത്തിയ വർഷം 2024 ആയതിനാലാണ് പേരിലും ഇതു വന്നിരിക്കുന്നത്. ആസ്ട്രോയ്ഡ് ടെറസ്ട്രിയൽ ഇംപാക്ട് അലർട് സിസ്റ്റം എന്ന നിരീക്ഷണ പദ്ധതിയാണ് ഇതു കണ്ടെത്തിയത്. ഭൂമിക്ക് ഭീഷണിയാകാവുന്ന തരത്തിൽ സമീപത്തെത്തുന്ന വസ്തുക്കളെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. എന്നാൽ ഇപ്പോഴുള്ള ഈ കുഞ്ഞൻ ചന്ദ്രൻ ഭൂമിക്ക് യാതൊരു ഭീഷണിയുമുണ്ടാക്കില്ല കേട്ടോ. എഎഎസ് എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് ഈ കണ്ടെത്തൽ സംബന്ധിച്ച റിപ്പോർട്ടുള്ളത്. നവംബർ 25 ആകുമ്പോഴേക്ക് മിനി മൂൺ ഭൂമിയോട് ബൈ പറയും. 2055ൽ ആയിരിക്കും വീണ്ടും ഇതു തിരികെയെത്തുന്നത്.
നഗ്നനേത്രങ്ങൾ കൊണ്ട് ആകാശത്ത് കാണാൻപറ്റാത്ത രീതിയിൽ ചെറുതാണ് ഈ ഛിന്നഗ്രഹം. എന്നാൽ ശക്തിയേറിയ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് ഇതിനെ കാണാം. ഭൂമിക്ക് സമീപമെത്തുന്ന പല ഛിന്നഗ്രഹങ്ങളെയും പോലെതന്നെ അർജുന ബെൽറ്റ് എന്ന മേഖലയില്‍ നിന്നാണ് ഇതിന്റെ വരവെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഭൂമിക്ക് മാത്രമല്ല ഇത്തരം മിനിമൂണുകൾ സംഭവിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിനാണ് ഇത്തരം കുഞ്ഞൻ ചന്ദ്രനുകൾ ധാരാളമായി കാണപ്പെടുന്നത്. കൂടുതൽ പിണ്ഡവും ഗുരുത്വാകർഷണ ശക്തിയുമുള്ളതിനാലാണ് ഈ സ്ഥിതിവിശേഷം. സൗരയൂഥത്തിലെ മറ്റു ചില ഗ്രഹങ്ങളിലും ഇതു കാണപ്പെടാറുണ്ട്.