വാക്കുകള്‍ ഭാവിയുടെ ബ്ലൂപ്രിന്റുകള്‍: കുട്ടികളോടുള്ള സംസാരം നല്ലതു മാത്രമാവട്ടെ
Mail This Article
കുട്ടികളുടെ വ്യക്തിത്വവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ മാതാപിതാക്കള്‍ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നാണ് ഭാഷ. ആശയവിനിമയത്തിനപ്പുറം, കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിലും മാനസിക-വൈകാരിക പക്വതയുടെ വളച്ചയിലുമെല്ലാം രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന ഭാഷ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഒരു കുട്ടിയുടെ മാനസികവും വൈകാരികവും സാമൂഹികവുമായ വികാസത്തിന് ശക്തമായ അടിത്തറ കെട്ടിപ്പടുക്കാന്‍ ആരോഗ്യകരമായ സംഭാഷണങ്ങള്‍ക്ക് കഴിയുമെന്ന് ശാസ്ത്രീയ പഠനങ്ങളും സ്ഥിരീകരിക്കുന്നു.
ഭാഷ ഒരു കുട്ടിയെ എങ്ങനെ ബാധിക്കുന്നു: ഒരു ശാസ്ത്രീയ അവലോകനം
കുട്ടിയുടെ മസ്തിഷ്‌ക വികാസത്തിലും വൈകാരിക ക്ഷേമത്തിലും ഭാഷ വഹിക്കുന്ന അഗാധമായ പങ്ക് ഗവേഷണങ്ങള്‍ എടുത്തുകാണിക്കുന്നു. ഉദാഹരണത്തിന്, കൂടുതല്‍ സമ്പന്നവും പോസിറ്റീവുമായ ഭാഷയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കുട്ടികള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പദാവലികളും ഐക്യുവും വികസിപ്പിച്ചതായി ഹാര്‍ട്ട് ആന്‍ഡ് റിസ്ലി (1995) നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നെഗറ്റീവ് അല്ലെങ്കില്‍ വിമര്‍ശനാത്മക ഭാഷയുമായി സംസര്‍ഗ്ഗത്തിലുള്ള കുട്ടികളുടെ പഠനത്തെയും വൈകാരിക നിയന്ത്രണത്തെയും അത് സാരമായി തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഹാര്‍വാര്‍ഡ് സെന്റര്‍ ഓണ്‍ ദി ഡെവലപ്പിംഗ് ചൈല്‍ഡ് പറയുന്നതനുസരിച്ചു പോസിറ്റീവ് ആയ സംസാരങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസത്തിനും വൈകാരിക പക്വതയ്ക്കും വഴിയൊരുക്കുന്നു എന്നാണ്.
റിസല്‍ട്ടിനല്ല പ്രാധാന്യം, പരിശ്രമത്തെ അഭിനന്ദിക്കാം
പരീക്ഷയില്‍ നല്ല മാര്‍ക്ക് ലഭിക്കുമ്പോഴും മാര്‍ക്ക് അല്പം കുറഞ്ഞു പോയാലും കുട്ടികളെ പൊസിറ്റീവ് മൈന്‍ഡോടെ സമീപിക്കാം. അവര്‍ക്ക് കിട്ടിയ മാര്‍ക്കിനെക്കുറിച്ച് നെഗറ്റീവായി സംസാരിക്കാതെ അവര്‍ ചെയ്ത പരിശ്രമത്തെ അഭിനന്ദിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. ഇത് വിജയങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കാനും എപ്പോഴെങ്കിലും വീണു പോയാല്‍ ഭയക്കാതെ ആത്മവിശ്വാസത്തോടെ എഴുന്നേല്‍ക്കാനും കുട്ടികളെ സജ്ജരാക്കും.
വൈകാരിക സാക്ഷരത പഠിപ്പിക്കാം
വികാരങ്ങള്‍ വ്യക്തമായി തിരിച്ചറിയാനും അതിനെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും രക്ഷിതാക്കളുടെ ആരോഗ്യകരമായ സംസാരം കുട്ടികളെ സഹായിക്കും. ഉദാഹരണത്തിന്, കയ്യിലിരുന്ന കളിപ്പാട്ടം പൊട്ടിപ്പോയതില്‍ സങ്കടപ്പെട്ടു കരയുന്ന കുട്ടിയോട്, 'സാരമില്ല സങ്കടപ്പെടണ്ട, നമുക്കത് ശരിയാക്കാം' എന്ന് പറയുന്ന മാതാപിതാക്കള്‍ 'മിണ്ടാതിരുന്നോളണം, അവന്റെ ഒരു കളിപ്പാട്ടം' എന്ന് ഒച്ച വെക്കുന്ന മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തരാവുകയാണ്. രക്ഷിതാക്കളുടെ ഇത്തരം സംഭാഷണം കുട്ടികളിലെ വൈകാരിക ബുദ്ധി വികസിപ്പിക്കുന്നതിനും ഭാവിയില്‍ അത്തരം സാഹചര്യങ്ങളെ ക്രിയാത്മകമായി നേരിടുന്നതിനും സഹായിക്കും.
ആജ്ഞകള്‍ ഒഴിവാക്കാം, ഒരുമിച്ചു ചെയ്യാം
നീ പോയി മുറി വൃത്തിയാക്ക്, എന്ന് പറയുന്നതിനേക്കാള്‍, വരൂ നമുക്ക് മുറി വൃത്തിയാക്കാം എന്ന് പറയുന്നതിനാണ് ഭംഗി. കാരണം ആജ്ഞകള്‍ അനുസരിക്കുന്ന ജോലിക്കാരെയല്ല, ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന തലമുറയെ ആണ് രക്ഷിതാക്കള്‍ വളര്‍ത്തി കൊണ്ട് വരേണ്ടത്.
മാന്യമായ ആശയവിനിമയം ശീലിക്കാം
മാതാപിതാക്കള്‍ ഇടപഴകുന്ന രീതി കുട്ടികള്‍ അവരുടെ പെരുമാറ്റത്തില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും സംഘര്‍ഷങ്ങള്‍ക്കിടയിലും ശാന്തവും മാന്യവുമായ ഭാഷ ഉപയോഗിക്കുന്ന മാതാപിതാക്കള്‍ അനുകരണീയമായ മാതൃക കുട്ടികള്‍ക്ക് നല്‍കി കഴിഞ്ഞു. ചെയ്തത് തെറ്റിപ്പോയെന്ന് തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളുണ്ടായാല്‍ സ്വന്തം കുട്ടിയോട് ക്ഷമ ചോദിക്കുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളുടെ മുമ്പില്‍ ചെറുതായിപ്പോകുമെന്ന പേടി വേണ്ട. മറിച്ചു, മാന്യതയുടെ ഉദാത്തമാതൃക അവര്‍ കുട്ടികള്‍ക്ക് നല്‍കുകയാണ്.
ഒരു കുട്ടിയോട് സംസാരിക്കുന്ന ഓരോ വാക്കും അവരുടെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ചുവടുവെപ്പാണ്. പോസിറ്റീവ് ആയ മാന്യമായ ഭാഷ ഉപയോഗിക്കുന്നതിലൂടെ, മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളില്‍ ആത്മവിശ്വാസത്തിന്റെയും അനുകമ്പയുടെയും വിത്തുകള്‍ നടാം. മാതാപിതാക്കളെ, നിങ്ങള്‍ ഇന്ന് പറയുന്നതാണ് നിങ്ങളുടെ കുട്ടിയുടെ ഭാവിയുടെ ബ്ലൂപ്രിന്റ് എന്ന് മറക്കാതിരിക്കാം.