‘അഭയമില്ലാതെ’ 5ാം വർഷം
Mail This Article
അമ്പലപ്പുഴ ∙ ഗ്യാസ് സ്റ്റൗവിലിരുന്ന മീൻ ചട്ടിയിലെ ശ്വാസംമുട്ടിക്കുന്ന പുക വലയം ചെയ്ത മുറിക്കുള്ളിൽ ചാക്കോയും രാധയും ഉച്ചയൂണിനുള്ള വട്ടംകൂട്ടുകയാണ്. ഒരു വീടിനുള്ളിലുണ്ടായിരുന്നതെല്ലാം ആ കൊച്ചു മുറിക്കുള്ളിൽ നിറഞ്ഞിരിക്കുന്നു. അഴയിൽ നിറയെ വസ്ത്രങ്ങളാണ്. ജനലരികിലെ മേശയാണ് ചാക്കോയുടെയും രാധയുടെയും അടുക്കള. കസേരയും കട്ടിലും മുതൽ എല്ലാം തിങ്ങിനിറഞ്ഞ മുറിക്കുള്ളിലേക്ക് രാധയും ചാക്കോയും ഒതുക്കപ്പെട്ടിട്ട് ഇത് അഞ്ചാം വർഷമാണ്.
രോഗം ബാധിച്ച്, നടക്കാനാകാത്ത രാധയ്ക്ക് പിടിച്ചെഴുന്നേൽക്കാൻ പോലും ഊന്നുവടിയുടെ സഹായം വേണം. വീടിനായി ഒട്ടേറെപ്പേരുടെ അപേക്ഷകൾ വന്നുചേർന്നിരുന്ന പഴയ പുറക്കാട് പഞ്ചായത്ത് ഓഫിസ് അഞ്ചു വർഷത്തോളമായി വീടില്ലാത്ത 8 കുടുംബങ്ങളുടെ താവളമാണ്. പഞ്ചായത്ത് ഓഫിസ് മാറിയെങ്കിലും ചാക്കോയുടെയും രാധയുടെയും മുറിക്കു പുറത്തു പഴയ നാമഫലകം കാണാം– വൈസ് പ്രസിഡന്റ്.
കരൂർ അയ്യൻകോയിക്കൽ പടിഞ്ഞാറ് 2015 നവംബറിലുണ്ടായ കടലാക്രമണത്തിൽ വീട് നഷ്ടമായ കരൂർ കൊച്ചുവീട്ടിൽ ചാക്കോയും (72) രാധയും (68) മാത്രമല്ല, 8 കുടുംബങ്ങളിൽ നിന്നുള്ള 38 പേരാണ് പുറക്കാട് ദേശീയപാതയോരത്തുള്ള പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ തിങ്ങിഞെരുങ്ങി ജീവിക്കുന്നത്. പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മൂന്നു കുടുംബങ്ങളും ഒരു അങ്കണവാടിയുമാണുള്ളത്. രണ്ടു കുടുംബങ്ങൾക്കായി നൽകിയ ചെറിയ ഹാളിൽ ഷീറ്റുകൊണ്ടു വേർതിരിച്ച ‘വീടി’നുള്ളിലാണ് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളത്– 17 പേർ.
കരൂർ പുതുവൽ ജ്യോതിഷ് ഭവനത്തിൽ പൊന്നപ്പൻ (70), വസുന്ധര (60) എന്നിവരും മക്കളായ ജ്യോതിഷ് കുമാർ, വിനോദ്, ഗിരീഷ്, സുമേഷ്, ഇവരുടെ ഭാര്യമാരായ മായ, ഉഷ, പ്രജി, വിന്യ, ഇവരുടെ മക്കളായ 7 കുട്ടികളും ഉൾപ്പെടെയുള്ള വലിയ കുടുംബം. ഇവിടെയുള്ള എട്ടിൽ, രണ്ടു കുടുംബങ്ങൾക്ക് സർക്കാർ സ്ഥലം വാങ്ങി വീടു നിർമിക്കാനുള്ള ധനസഹായം നൽകിയിരുന്നു. അവർ ഒഴിയുമ്പോൾ ഇവിടേക്കു കുടിയേറാൻ മറ്റു രണ്ടു കുടുംബങ്ങൾ കാത്തിരിക്കുകയാണ്.
ജുനൈദ്– സജീന ദമ്പതികളും രണ്ടു മക്കളും സൈനബയും മൂന്നു മക്കളും രജി– സുഗന്ധി ദമ്പതികളും രണ്ടു മക്കളും മരുമകളും, ശാന്ത, പ്രഭാകരൻ– ലക്ഷ്മിക്കുട്ടി ദമ്പതികളും മകനും മരുമകളും എന്നിവരാണ് വീടു നഷ്ടമായെങ്കിലും മറ്റൊരു വീടോ സ്ഥലമോ ഇല്ലാതെ ഇവിടെ കഴിയുന്നത്. ഏറ്റവും മുകളിലെ നിലയിൽ ചോർച്ചയുള്ളതിനാൽ മഴക്കാലത്തു കഴിയാനാകില്ല.
കൂടാതെ മരപ്പട്ടി, കുരങ്ങൻ തുടങ്ങിയവയുടെ ശല്യവും ഈ കുടുംബങ്ങൾ നേരിടുന്നുണ്ട്. വീടു നഷ്ടമായി ക്യാംപിലെത്തിയ ശേഷം 2 ലക്ഷം രൂപ വീതം ധനസഹായവും താമസിക്കാൻ പഞ്ചായത്ത് ഓഫിസും ആദ്യത്തെ അഞ്ചു മാസത്തെ സൗജന്യ റേഷനും മാത്രമാണ് ഈ കുടുംബങ്ങൾക്ക് ആകെ ലഭിച്ചിട്ടുള്ളത്. 38 പേർക്കും കൂടി ഒരേയൊരു ശുചിമുറി മാത്രമാണ് ഇവിടെയുള്ളത്.
അടുത്ത തിരഞ്ഞെടുപ്പിലേക്ക്
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പു കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് കരൂർ അയ്യൻ കോയിക്കൽ പടിഞ്ഞാറ് കടൽക്ഷോഭമുണ്ടായി ഒട്ടേറെ കുടുംബങ്ങൾക്കു ജീവിതവും സമ്പാദ്യവും നഷ്ടമായത്. അതുകഴിഞ്ഞു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ ക്യാംപിലെത്തിയ രാഷ്ട്രീയക്കാർ വോട്ട് അഭ്യർഥിക്കുകയും ജീവിതമാർഗവും വാസസ്ഥലവും ഒരുക്കി നൽകാമെന്നു വാഗ്ദാനം നൽകുകയും ചെയ്തിട്ടുണ്ടെന്ന് ഇവർ പറയുന്നു. ഒരു വോട്ടും ഇവിടെ നിന്നു പാഴായിട്ടില്ല. പക്ഷേ, വാഗ്ദാനങ്ങളെല്ലാം പാഴായി. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ മാത്രം ശേഷിക്കേ ഇവരുടെ ദുരിതങ്ങൾ ഇവിടെ അവശേഷിക്കുകയാണ്.
8 കുടുംബങ്ങൾക്കിടയിൽ ഒരു അങ്കണവാടി
പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ 8 കുടുംബങ്ങൾ മാത്രമല്ല, ഒരു അങ്കണവാടിയും ഈ ‘ഠ’ വട്ടത്തിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പഞ്ചായത്തിലെ 82–ാം നമ്പർ അങ്കണവാടി പ്രവർത്തിക്കുന്നത്. 10 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അവർക്കുള്ള ഒന്നാം പാഠമാണ് ആ കെട്ടിടത്തിലെ ജീവിതങ്ങൾ.
പതിമൂന്നിൽ നിന്ന് എട്ടിലേക്ക്
2015 നവംബബറിലെ ശക്തമായ കടൽക്ഷോഭത്തിനു ശേഷം പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ കുടുംബങ്ങളുടെ എണ്ണം 13 ആയിരുന്നു. ആകെ 55 പേർ. അതിൽ പലരും ബന്ധുവീടുകളിലേക്കും ചിലർ സ്വന്തം വീടുകളിലേക്കും വാടകവീടുകളിലേക്കും മാറിയ ശേഷമാണ് ഇപ്പോഴുള്ള 8 കുടുംബങ്ങൾ അവശേഷിച്ചത്.
ആളൊഴിഞ്ഞു, ലീലയും ഉദയഭാനുവും മാത്രമായി
കരൂർ ന്യൂ ഗവ.എൽപി സ്കൂളിലെ ഓഡിറ്റോറിയത്തിൽ ജീവിതത്തിന്റെ ദുരിതനാടകം അഭിനയിക്കുകയാണ് ലീലയും (59) ഉദയഭാനുവും (69). പക്ഷേ, ആ നാടകത്തിന് സദസ്സിലെ എൽകെജി ക്ലാസിലിരിക്കുന്നവരുമായി ഒരു കർട്ടൻ മറയുണ്ട്. 2015 ജൂണിലെ കടലാക്രമണത്തിൽ വീടു നഷ്ടമായ കരൂരിലെ ഒട്ടേറെ കുടുംബങ്ങളാണ് കരൂർ ന്യൂ ഗവ.എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ അഭയം പ്രാപിച്ചത്.
വർഷങ്ങളോളം അവർ അവിടെ കഴിഞ്ഞു. 13 കുടുംബങ്ങളാണ് സ്ഥിരമായി അവിടെയുണ്ടായിരുന്നത്. സ്വന്തം ദുരിതം കുട്ടികളുട പഠനത്തിനു തടസ്സമാകരുതെന്നു കരുതി ഭൂരിഭാഗം പേരും വാടകവീടുകളിലേക്കും ചിലർ സർക്കാർ സഹായത്തോടെ നിർമിച്ച സ്വന്തം വീടുകളിലേക്കും മാറി. ഇനി ഇവിടെ അവശേഷിക്കുന്ന കുടുംബമാണ് കരൂർ പുതുവൽ ഉദയഭാനുവിന്റേത്. ഉദയഭാനുവും ലീലയും മാത്രമാണ് ഇവിടെയുള്ളത്.
തൊഴിലുറപ്പിനും ചെമ്മീൻ നുള്ളാനും പോയി ലഭിക്കുന്ന വരുമാനമാണ് ഇവരുടെ ആശ്രയം. സ്കൂളിന്റെ പഴയ ഓഡിറ്റോറിയത്തിലാണ് ഇവർ കഴിയുന്നത്. ഇനിയും സ്കൂളിനെയും കുട്ടികളെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ പുതിയതായി പുറക്കാട്ട് നിർമിക്കുന്ന വീട്ടിലേക്ക് അടുത്ത മാസത്തോടെ മാറുമെന്ന് ലീല പറയുന്നു. സ്ഥലം വാങ്ങി വീടു നിർമിക്കാൻ സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.
പക്ഷേ, സ്ഥലം വാങ്ങിയപ്പോഴേക്കും 8 ലക്ഷം രൂപയായി. ബാക്കി തുക കൊണ്ട് വീടിന്റെ അടിത്തറയും ചുവരും നിർമിച്ചു. താൽക്കാലികമായൊരു കതകു കൂടി പിടിപ്പിച്ച് വീട്ടിലേക്കു മാറാനുള്ള ഒരുക്കത്തിലാണെന്നു ലീല പറയുന്നു.