ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പിൽ പൊട്ടിത്തെറി
Mail This Article
ചേർത്തല ∙ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിക്കുന്നതിനിടെ ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പിൽ പൊട്ടിത്തെറി.സ്റ്റേഷൻ ഓഫിസിന്റെയും പിടിച്ചിട്ടിരുന്ന മണ്ണ്മാന്തി യന്ത്രത്തിന്റെയും ചില്ല് തകർന്നു. പൊലീസ് ഓഫിസറുടെ കൈക്ക് പരുക്ക്.ഇന്നലെ രാവിലെ 10.40ന് ആയിരുന്നു സംഭവം.കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലുള്ള ശുചീകരണത്തിന്റെ ഭാഗമായി സ്റ്റേഷൻ പരിസത്ത് ഉപയോഗ ശൂന്യമായവ കത്തിക്കുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്.
ട്രാഫിക് സ്റ്റേഷന്റെയും പഴയ സർക്കിൾ ഓഫിസ് കെട്ടിടത്തിന്റെയും ജനൽ ചില്ലും സ്റ്റേഷൻ വളപ്പിൽ പിടിച്ചിട്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ചില്ലും തകർന്നു. ചില്ലു വീണ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയചന്ദ്രന്റെ കൈക്കു ചെറിയ പരുക്കേറ്റു. പെയിന്റ് ടിന്നുകൾ, സ്പ്രേ കുപ്പികൾ തുടങ്ങിയവയും ഉപയോഗശൂന്യമായ വസ്തുക്കളിൽ ഉൾപ്പെട്ടിരുന്നു.
ഇവ പൊട്ടിത്തെറിക്കു കാരണമായോ എന്നതും കത്തിച്ച വസ്തുക്കൾക്കൊപ്പം സ്റ്റേഷനിൽ പിടിച്ചെടുത്തിരുന്ന പടക്കങ്ങൾ ഉൾപ്പെട്ടോ എന്നതും പരിശോധിക്കുന്നുണ്ട്. കത്തിച്ച ഭാഗത്ത് നേരത്തെ പടക്കങ്ങൾ നിർവീര്യമാക്കിയിരുന്നു. മണ്ണിനടിയിൽ നിർവീര്യമാകാതെ കിടന്ന പടക്കങ്ങൾ കത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവമറിഞ്ഞ് ഡിവൈഎസ്പി എ.ജി. ലാൽ ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു.