കലിയടങ്ങാതെ കടലും
Mail This Article
അമ്പലപ്പുഴ ∙ ശക്തമായ മഴയ്ക്കു പുറമേ കടൽ കരയിലേക്കു കയറുന്നത് തോട്ടപ്പള്ളി മുതൽ പുന്നപ്ര വാടയ്ക്കൽ വരെയുള്ള തീരദേശവാസികളെ ആശങ്കയിലാക്കുന്നു. വേലിയേറ്റ സമയത്താണ് കടൽഭിത്തി കവിഞ്ഞു കടൽ കയറുന്നത്. വീടുകളുടെ ചുറ്റും ചെളി നിറഞ്ഞു. മത്സ്യബന്ധന നിരോധനത്തെത്തുടർന്ന് വരുമാനം നിലച്ച തീരദേശവാസികളെ കടൽക്ഷോഭം കടുത്ത പ്രതിസന്ധിയിലാക്കി.
കടല്‍ക്ഷോഭം ഭയന്നു വള്ളങ്ങള്‍ക്കു കടലില്‍ നങ്കൂരമിടാൻ കഴിയുന്നില്ല. വള്ളവും വലയും അനുബന്ധ ഉപകരണങ്ങളും വാങ്ങിയ ഇനത്തിലെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങുന്നതായി അവര്‍ പറയുന്നു. ട്രോളിങ് നിരോധനത്തിനു ശേഷം മത്സ്യബന്ധനത്തിനു പോകാന്‍ തയാറെടുത്ത ബോട്ട് തൊഴിലാളികളും കടുത്ത നിരാശയിലാണ്.
നീർക്കുന്നം മുതൽ പുന്നപ്ര വരെ കടലിനോടു ചേർന്ന വീടുകളുടെ മൂന്നു മീറ്റർ ഭാഗം വരെ തീരം കടലെടുത്തു .കായ്ഫമലുള്ള തെങ്ങുകൾ കടപുഴകിത്തുടങ്ങി. കടൽഭിത്തിക്കടിയിലെ മണൽ കടൽ വലിച്ചു കൊണ്ടു പോകുന്നു.ഇവയുടെ വാര്‍ഷിക അറ്റകുറ്റപ്പണിയും മുടങ്ങി.