ADVERTISEMENT

അമ്പലപ്പുഴ ∙ സിമിലിന്റെ ചിരി ഉമ്മൻ ചാണ്ടിയുടെ സാന്ത്വനച്ചിരിയുടെ പ്രതിഫലനമാണ്. കൊലക്കേസിൽ പ്രതിയായ കുവൈത്തിലെ ജയിലിൽ വധശിക്ഷ കാത്തു കഴിഞ്ഞ സിമിലിനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ ഇടപെടലാണ്. ‘ഉമ്മൻ ചാണ്ടി സാർ സമയത്ത് ഇടപെട്ടില്ലെങ്കിൽ ഇന്നിങ്ങനെ ചിരിക്കാൻ ഞാൻ‍ ഉണ്ടാവില്ലായിരുന്നു’, സിമിൽ പറയുന്നു.

2006ൽ കുവൈത്തിലെ ചെയ്റാനിൽ റിസോർട്ടിൽ ജോലിക്കായി പോയതാണ് തോട്ടപ്പള്ളി കോളനി നമ്പർ 87ൽ പരേതനായ ശശിയുടെയും ടെൽമയുടെയും മകനായ സിമിൽ. ഭക്ഷണം കഴിക്കാനെത്തിയ സംഘം അക്രമാസക്തരായപ്പോൾ അവരെ അവിടെനിന്നു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ ആന്ധ്രപ്രദേശ് സ്വദേശി സുരേഷ് അമ്പാട്ടി കൊല്ലപ്പെട്ടു. സിമിൽ ജയിലിലായി.

കൊല്ലപ്പെടുന്നയാളിന്റെ കുടുംബം മാപ്പു നൽകിയാലേ പ്രതിയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കൂ എന്ന കുവൈത്ത് നിയമം രക്ഷയുടെ വഴി തടഞ്ഞു നിന്നു. സിമിലിന്റെ ദുരിതം മലയാള മനോരമയിൽ 2008 ഫെബ്രുവരി 17നു പ്രസിദ്ധീകരിച്ചിരുന്നു. സുരേഷ് അമ്പാട്ടിയുടെ കുടുംബം ചോദിച്ച നഷ്ടപരിഹാരം നൽകാൻ ഉമ്മൻ ചാണ്ടി സന്നദ്ധത അറിയിച്ചു. പിന്നാലെ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയെ ഫോണിൽ വിളിച്ചു സംസാരിച്ചു.

അതോടെ നടപടികൾക്കു വേഗമേറി. കോൺഗ്രസ് നേതാക്കളായ പി.സാബുവും എസ്.ജ്യോതികുമാറും ആന്ധ്രയിൽ‌ പോയി സുരേഷിന്റെ കുടുംബവുമായി സംസാരിച്ചു. ആന്ധ്ര സർക്കാരും 5 ലക്ഷം രൂപ സുരേഷിന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ചു. സിമിലിന്റെ വീട്ടിലെത്തിയ അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കടപ്പ എംപി സായി പ്രതാപുമായി ഫോണിൽ സംസാരിച്ചു.

തുടർന്ന് എംപിയുടെ ആന്ധ്രയിലെ ഓഫിസിൽ‌ വച്ചു സുരേഷിന്റെ കുടുംബം മാപ്പു നൽകുന്ന രേഖ ഒപ്പിട്ടു. അത് ഇന്ത്യൻ‌ എംബസി വഴി കുവൈത്ത് എംബസിയിലൂടെ കുവൈത്ത് കോടതിയിൽ സമർപ്പിച്ചതോടെ സിമിലിനു മോചനവഴി തുറന്നു. സിമിലിന്റെ പാസ്പോർട്ട് തിരികെ നൽകാൻ കുവൈത്ത് പൊലീസ് മടിച്ചതോടെ മറ്റൊരു കടമ്പ ഉയർന്നു. അപ്പോഴും ഉമ്മൻചാണ്ടിയുടെ ഇടപെടലുണ്ടായി.

വധശിക്ഷയിൽ നിന്ന് ഇളവു കിട്ടിയ സിമിൽ 2013 ജനുവരി 13ന് നാട്ടിലെത്തി. അടുത്ത ദിവസം തന്നെ ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്ത് പോയിക്കണ്ടു നന്ദി പറഞ്ഞു. 6 വർഷം മുൻപ് ആറാട്ടുപുഴ സ്വദേശി അനുവിനെ സിമിൽ വിവാഹം കഴിച്ചു. പല്ലനയിലുണ്ടായ വാഹനാപകടത്തിൽ സിമിലിന്റെ ഇടതുകണ്ണിന്റെ കാഴ്ച പോയി. ഇപ്പോൾ വീടിനു മുന്നിൽ പെട്ടിക്കട നടത്തുന്നു. ഭാര്യ അനുവും മകൾ അദ്വൈതയും മാതാവ് ടെൽമയും അടങ്ങുന്നതാണ് കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com