ADVERTISEMENT

ആലപ്പുഴ ∙ നവരാത്രി ഉത്സവത്തിൽ സരസ്വതീദേവിയുടെ അനുഗ്രഹം ഏറ്റുവാങ്ങി അറിവിൽ ഉയരാൻ വീടുകളിൽ പൂജവയ്പ് ചടങ്ങുകൾ. ഇന്നലെ വൈകിട്ടായിരുന്നു പൂജവയ്പിനു തുടക്കം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ പ്രധാന ക്ഷേത്രങ്ങളിലെല്ലാം നവരാത്രി ആഘോഷം പൂജാകർമങ്ങൾ മാത്രമാക്കി. ഇതോടെ മിക്കവരും വീടുകളിൽത്തന്നെ പൂജവച്ചു.

സരസ്വതീചിത്രത്തിനു മുന്നിൽ നിലവിളക്ക് തെളിച്ച് കുട്ടികൾ പാഠപുസ്തകങ്ങളും മുതിർന്നവർ ദേവീ മാഹാത്മ്യം, ഭാഗവതം, ഭഗവദ്ഗീത തുടങ്ങിയ ഗ്രന്ഥങ്ങളും സമർപ്പിച്ചു. ഇന്നലെ പൂജ വച്ചശേഷം ഇന്നു മഹാനവമി ദിനത്തിലും നാളെയും കീർത്തനങ്ങളിലൂടെ ആരാധന തുടരും. 26നു രാവിലെ വിജയദശമിയിൽ ഗുരുക്കൻമാർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകരുന്നതോടെ നവരാത്രി ഉത്സവം സമാപിക്കും.

കുട്ടികളെ മാതാപിതാക്കളുടെ മടിയിൽത്തന്നെ ഇരുത്തിവേണം വിദ്യാരംഭം കുറിക്കാനെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങൾക്കു നിർദേശമുണ്ട്. ചെട്ടികുളങ്ങര ദേവീക്ഷേത്രം, തട്ടാരമ്പലം സരസ്വതീക്ഷേത്രം, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം, മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രം, ചക്കുളത്തുകാവ് ഭഗവതിക്ഷേത്രം, മാരാരിക്കുളം മഹാദേവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ വിദ്യാരംഭച്ചടങ്ങ് നടക്കും. ചിൻമയ മിഷന്റെ പഴവീട് ജില്ലാ കേന്ദ്രത്തിൽ വിജയദശമിയിൽ സത്സംഗം ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com