മോർച്ചറി ഡ്യൂട്ടിക്ക് ഒരേ ദിവസം ചുമതലയേറ്റ 3 യുവാക്കൾ; കർമനിരതർ, നാട്ടുകാരുടെ പ്രിയപ്പെട്ടവര്‍
Mail This Article
അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറി ഡ്യുട്ടിക്ക് ഒരേ ദിവസം ചുമതലയേറ്റ മൂന്നു യുവാക്കൾ നാട്ടുകാരുടെ പ്രിയപ്പെട്ടവരാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ ആരും എത്തിയില്ലെങ്കിൽ സുരക്ഷിത കിറ്റ് ധരിച്ച് അവ പൊതുശ്മശാനത്തിലെത്തിച്ച് മറവു ചെയ്യാനും ഇവര്‍ മടി കാട്ടാറില്ല. നീര്‍ക്കുന്നം പുതുവല്‍ വാമനന്റെയും ശിവപ്രദായനിയുടെയും മകന്‍ വി.വിമല്‍(34), കാക്കാഴം തൂമ്പുങ്കല്‍ അസീസ് കുഞ്ഞിന്റെയും ആരിഫയുടെയും മകന്‍ എ. ഫൈസല്‍(35),
തോട്ടപ്പള്ളി പഴയചിറയില്‍ ശങ്കരന്റെയും കൃഷ്ണമ്മയുടെയും മകന്‍ എസ്.കെ. സന്ദീപ് കുമാര്‍(34) എന്നിവരാണ് മോര്‍ച്ചറിയിലെ സേവന സന്നദ്ധര്‍. 2019 ഓഗസ്റ്റ് 24നാണ് മൂന്നു പേരും മോര്‍ച്ചറിയില്‍ ആശുപത്രി വികസന സമിതിയുടെ ജീവനക്കാരായി ജോലിയില്‍ പ്രവേശിച്ചത്. മൂന്നു ഷിഫ്റ്റിലും മാറിമാറിയാണ് ഇവരുടെ ജോലി. മോര്‍ച്ചറിയില്‍ ആകെ 16 ഫ്രീസറുകളാണുള്ളത്. കോവിഡ് മരണം ആശുപത്രിയില്‍ ഉണ്ടാകുന്നതിനു മുന്‍പ് ഒന്നര വര്‍ഷം പഴക്കമുള്ളതടക്കം 11 അജ്ഞാതമൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നു.
ആലപ്പുഴ നഗരസഭയുടെയും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെയും അനുമതിയോടെ ഇവ ആംബുലന്‍സില്‍ കയറ്റി നഗരസഭ ശ്മശാനത്തില്‍ എത്തിക്കാനും ഇവര്‍ മടി കാണിച്ചില്ല. ഇതിനു ശേഷം കോവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങള്‍ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിലും ഇവരുടെ സാന്നിധ്യമുണ്ട്. കോവിഡ് ചികിത്സയ്ക്കിടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റാനും ആശുപത്രി അധികാരികള്‍ ഇവരുടെ സേവനം തേടുന്നത് പതിവാണ്.
ഇതു കൂടാതെ എത്തിക്കുന്ന പഴകിയ മൃതദേഹങ്ങള്‍ പോലും മടി കൂടാതെ ഫ്രീസറില്‍ കയറ്റാനും തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം ടേബിളിലെത്തിക്കുന്നതിനും പോസറ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കളെ ഏൽപിക്കുന്നതു വരെ ഇവരുടെ സേവനം തുടരും. മൃതദേഹങ്ങള്‍ കരുതലോെടെ സൂക്ഷിക്കുന്ന ഇവരുടെ സേവനത്തെ ആശുപത്രി സൂപ്രഃണ്ട് ഡോ. ആര്‍.വി. രാംലാല്‍ ഇടയ്ക്കിടെ പ്രശംസിക്കാനും മടി കാണിക്കാറില്ല.