ADVERTISEMENT

ആലപ്പുഴ ∙ മുഹമ്മ പഞ്ചായത്ത് 12–ാം വാർഡിൽ പുതിയതായി നിർമിച്ച റോഡിൽ എൽഡിഎഫ് പ്രവർത്തകർ പാർട്ടി ചിഹ്നം വരയ്ക്കുകയും വോട്ടഭ്യർഥിച്ച് എഴുതുകയും ചെയ്തത് വൈറലായിരുന്നു. പക്ഷേ, എഴുത്തിന്റെ ബഹളം തീരുന്നതിനു മുൻപേ അവിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് എത്തി.

പൊതുമുതൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന്റെ പേരിൽ എഴുതിയതെല്ലാം മായ്ക്കാൻ നിർദേശം നൽകി.എൽഡിഎഫ് പ്രവർത്തകർ വെള്ള പെയിന്റ് ഉപയോഗിച്ച് കുറെഭാഗത്തെ എഴുത്ത് മായ്ച്ചെങ്കിലും പരാതി മാറിയില്ല. തുടർന്ന് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് എത്തി കരി ഓയിൽ ഉപയോഗിച്ചും മണ്ണ് ഉപയോഗിച്ചും ചിഹ്നങ്ങൾ മായ്ച്ചു.

പക്ഷേ, ഒന്നു രണ്ടു മഴ വന്നതോടെ ഏകദേശം 400 മീറ്റർ റോഡിലെഴുതിയ ചിഹ്നവും എഴുത്തും വീണ്ടും തെളിഞ്ഞ നിലയിലാണ്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആർക്കെതിരെയും കേസെടുത്തിട്ടില്ല; സമയം കിട്ടിയിട്ടു വേണ്ടേ കേസെടുക്കാൻ!

  പണിക്കൊരു കുറവുമില്ല, പണിയൊട്ടു തീരുകയുമില്ല

തീരുമ്പോ തീരുമ്പോ പണി തരാൻ കുപ്പീന്നു വന്ന ഭൂതമാണോ എന്ന രമണന്റെ (പഞ്ചാബി ഹൗസ് സിനിമ) ചോദ്യമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകാരും ചോദിക്കുന്നത്. ഒരു ബ്ലോക്ക് പഞ്ചായത്തിന് ഒരു സ്ക്വാഡ്, ഒരു നഗരസഭയ്ക്ക് ഒരു സ്ക്വാഡ് എന്ന നിലയിലാണ് ആന്റി ഡീഫേസ്മെന്റ് ടീമുകളെ നിയോഗിച്ചിരിക്കുന്നത്.

ഒരു ടീമിൽ ഡ്രൈവർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരാണുണ്ടാകുക. 18 സ്ക്വാഡുകളിലായി 72 ജീവനക്കാർ നോക്കേണ്ടത് ജില്ലയിലെ 2271 ബൂത്തുകളുടെ പരിധിയിലുള്ള പ്രദേശങ്ങളാണ്.പോസ്റ്റർ മാറ്റുന്നതിനും എഴുത്തു മായ്ക്കാൻ പെയിന്റ് വാങ്ങുന്നതിനും ഉൾപ്പെടെ ചെലവെല്ലാം ഉദ്യോഗസ്ഥർ സ്വന്തം കയ്യിൽ നിന്നെടുക്കുകയാണ്. തുക പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

  പോസ്റ്റർ നീക്കിയിട്ടു വേണ്ടേ കേസെടുക്കാൻ

ജില്ലയിൽ ആന്റി ഡീഫേസ്െമന്റ് സ്ക്വാഡുകാർക്ക് കേസെടുക്കാൻ സമയം കിട്ടിയിട്ടില്ല. പൊതുസ്ഥലങ്ങളിൽ, ബൂത്തുകൾക്കു സമീപം, സ്വകാര്യ വ്യക്തികളുടെ വസ്തുവകകളിൽ അനുവാദമില്ലാതെ എന്നിങ്ങനെ സ്ഥാനാർഥികൾക്കായി അനധികൃതമായി എഴുത്ത്, പോസ്റ്റർ പതിക്കൽ തുടങ്ങിയവ ചെയ്യുന്നതു നീക്കം ചെയ്യുന്നതിന്റെ തിരക്കിലാണ് ജില്ലയിലെ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകാർ. ഇതിനിടെ എടുത്ത കേസുകളുടെ എണ്ണം കുറവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com