ഫ്ലെക്സും ബാനറും സ്ഥാനാർഥി നീക്കണം, പോളിങ് സ്റ്റേഷനുകളിലെ മാലിന്യം നീക്കിത്തുടങ്ങി
Mail This Article
ആലപ്പുഴ ∙ വോട്ടിങ് കഴിഞ്ഞതിനു പിന്നാലെ ജില്ലയിലെ പോളിങ് സ്റ്റേഷനുകളിലെ മാലിന്യങ്ങൾ നീക്കിത്തുടങ്ങി. ഇത്തവണ പ്ലാസ്റ്റിക് വിമുക്ത പോളിങ് ലക്ഷ്യമിട്ടു വ്യാപക ബോധവൽക്കരണം ജില്ലാ ഭരണകൂടം നടത്തിയിരുന്നു. തദ്ദേശസ്ഥാപനങ്ങളും ശുചിത്വമിഷൻ– ഹരിതകേരളം അധികൃതരും ചേർന്നാണു പോളിങ് സ്റ്റേഷനുകളിലെ മാലിന്യം നീക്കുന്നത്.
ഇന്നലെ ആദ്യഘട്ടശുചീകരണം നടന്നു. ഇന്നും നാളെയുമായി മാലിന്യനീക്കം പൂർത്തിയാക്കാനാണു ശ്രമം. സംസ്ഥാനത്താകെ ഏകദേശം 5700 ടൺ മാലിന്യം നീക്കേണ്ടിവരുമെന്നാണു ശുചിത്വമിഷൻ കണക്കാക്കുന്നത്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരമാവധി ഒഴിവാക്കിയായിരുന്നു പോളിങ് നടത്തിയതെന്ന് ഹരിതകേരളം അധികൃതർ പറയുന്നു.
വോട്ടിങ് സ്ലിപ്പുകളടക്കമുള്ള കടലാസ് മാലിന്യം, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയ്ക്ക് ഓരോ ബൂത്തിലും പ്രത്യേക കലക്‌ഷൻ പോയിന്റുകൾ നിശ്ചയിച്ചിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾ അതതു പഞ്ചായത്തുകളിലെയോ തൊട്ടടുത്ത തദ്ദേശ സ്ഥാപനത്തിലെയോ എയ്റോബിക് കംപോസ്റ്റ് യൂണിറ്റുകളിലാണ് സംസ്കരിക്കുന്നത്. മാസ്ക്കുകൾ, കയ്യുറകൾ, പിപിഇ കിറ്റ് തുടങ്ങിയവ അതതു പഞ്ചായത്തുകളിൽ ശേഖരിച്ച് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ സംസ്കരിക്കാനാണ് തീരുമാനം.
ഫ്ലെക്സും ബാനറും സ്ഥാനാർഥി നീക്കണം
ഫ്ലെക്സുകളും ബാനറുകളും ബോർഡുകളും മറ്റും 5 ദിവസത്തിനകം അതതു സ്ഥാനാർഥികൾ നീക്കണമെന്നു കോടതി നിർദേശമുണ്ട്. നഗരസഭാ –പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് ഇത് ഉറപ്പാക്കാനുള്ള ചുമതല. സ്ഥാനാർഥി ഇവ നീക്കാത്തപക്ഷം പഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറിമാർ ഇവ നീക്കിയശേഷം ഇതിനു ചെലവായ തുക സ്ഥാനാർഥിയിൽ നിന്ന് ഈടാക്കണം. ഫ്ലെക്സ് ബോർഡുകൾ നീക്കുന്നതിനൊപ്പം ഇവ പ്രിന്റ് ചെയ്ത സ്ഥാപനങ്ങൾക്കെതിരെയും നടപടിവരും.
പച്ചപിടിക്കാതെ ഹരിതബൂത്തുകൾ
ജില്ലയിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണു ഹരിതബൂത്തുകൾക്ക് ശ്രമം നടത്തിയത്. എന്നാൽ ചുരുക്കം പഞ്ചായത്തുകളും നഗരസഭകളും മാത്രമാണ് ഇതിനു മുന്നോട്ടുവന്നത്. പുന്നപ്ര തെക്ക്, തലവടി, ചേന്നം പള്ളിപ്പുറം പഞ്ചായത്തുകളും കായംകുളം നഗരസഭയും മികച്ച രീതിയിൽ ഹരിതബൂത്തുകൾ സജ്ജീകരിച്ചതായി ഹരിതകേരളം അധികൃതർ വ്യക്തമാക്കി. മാലിന്യം ശേഖരിക്കുന്നതിനടക്കം പരിസ്ഥിതി സൗഹൃദവഴികളൊരുക്കിയാണ് തലവടി പഞ്ചായത്ത് ശ്രദ്ധനേടിയത്.