മൂന്നു കുടുംബങ്ങളെ സഹായിക്കാൻ ‘കപ്പയും ചമ്മന്തിയും’ ചാലഞ്ച്, സുമനസ്സുകളുടെ സഹായ പ്രവാഹം...
Mail This Article
ഹരിപ്പാട് ∙ മൂന്നു കുടുംബങ്ങളെ സഹായിക്കാൻ കരുതൽ ഉച്ചയൂണു കൂട്ടായ്മ നടത്തിയ ‘കപ്പയും തൈരു ചമ്മന്തിയും’ ചാലഞ്ചിൽ സുമനസ്സുകളുടെ സഹായ പ്രവാഹം. കെഎസ്ആർടിസിക്കു സമീപം നടത്തിയ ചാലഞ്ചിൽ 2.64 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. കൊച്ചു കുട്ടികൾ മുതൽ സഹായം എത്തിച്ചു.കപ്പ കഴിക്കാൻ വന്ന് വിവരം അറിഞ്ഞ് കയ്യിലുണ്ടായിരുന്ന പണം മുഴുവൻ നൽകിയവരുമുണ്ട്.
ശരീരത്തിന്റെ ഒരുവശം തളർന്ന്, പശുവിനെ വളർത്തി ഒറ്റയ്ക്ക് ജീവിക്കുന്ന 60 വയസ്സുള്ള കാർത്തികപ്പള്ളി സ്വദേശിനി രാജമ്മയ്ക്ക് വീട് നിർമിച്ചു നൽകുക, ഭിന്നശേഷിക്കാരായ ഭർത്താവിനും ഭാര്യയ്ക്കും വീട്ടിലേക്ക് വീൽ ചെയറിൽ പോകാൻ തോട്ടിൽ ചെറിയ പാലം നിർമിക്കുക, പ്ലസ് ടു കഴിഞ്ഞ ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് ഇലക്ട്രിക് വീൽചെയർ നൽകുക എന്നിവയ്ക്കു സുമനസ്സുകളുടെ സഹായം തേടിയാണ് ചാലഞ്ച് നടത്തിയത്.
ഇലക്ട്രിക് വീൽ ചെയർ ഇന്നലെ വിദ്യാർഥിക്കു നൽകി. ദമ്പതികളുടെ വീട്ടിലേക്കുള്ള ചെറിയ പാലത്തിനുള്ള ആവശ്യമായ തുക അവരെ ഏൽപിച്ചു. കാർത്തികപ്പള്ളി സ്വദേശിനി രാജമ്മയുടെ വീടിന്റെ തറക്കല്ലിടൽ അടുത്ത ദിവസം നടത്തി വിഷുവിന് വീട് പൂർത്തിയാക്കി നൽകുമെന്ന് കരുതൽ ഉച്ചയൂണു കൂട്ടായ്മ ചെയർമാൻ ഷാജി കെ.ഡേവിഡ് പറഞ്ഞു. ഉണ്ണിയപ്പം, മോരുംവെള്ളം, കപ്പലണ്ടി എന്നീ ചാലഞ്ചുകൾ നടത്തി നിർധനർക്ക് സഹായം നൽകിയ ശേഷമാണ് പുതിയ ചാലഞ്ച്.