തിയറ്റർ മുതൽ സ്റ്റാർ ഹോട്ടൽ വരെ, കാർ പാർക്കിങ്ങിന് 7 നിലകൾ; ആലപ്പുഴ മൊബിലിറ്റി ഹബ്ബിന് ടെൻഡറായി
Mail This Article
ആലപ്പുഴ ∙ നഗരത്തിന് പുതിയ മുഖം നൽകാൻ ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ ടെൻഡർ നടപടികളായി. ഫെബ്രുവരി അവസാനത്തോടെ തറക്കല്ലിടുമെന്ന് നിർമാണ ചുമതലയുള്ള ഇൻകെൽ അധികൃതർ അറിയിച്ചു. ആദ്യം താൽക്കാലിക കെഎസ്ആർടിസി ഗാരിജിന്റെ നിർമാണവും മൊബിലിറ്റി ഹബ്ബിന്റെ പൈലിങ് ജോലികൾക്കുമായുള്ള ടെൻഡർ നടപടികളാണ് തുടങ്ങിയത്. ഇതു രണ്ടും ഒന്നിച്ചാണ് ടെൻഡർ ചെയ്തിരിക്കുന്നത്. 27 കോടി രൂപയാണ് നിർമാണ ചെലവ്. 23 കോടി രൂപ പൈലിങ്ങിനും 4 കോടി രൂപ ഗാരിജിനുമാണ്. വളവനാട്ട് താൽക്കാലിക ഗാരിജ് ഒരുക്കിയ ശേഷം നിലവിലുള്ള ഗാരിജ് അങ്ങോട്ടേക്ക് മാറ്റും. തുടർന്ന് നിലവിലെ ഗാരിജ് പൊളിച്ചു നീക്കി പൈലിങ് ജോലി തുടങ്ങും. ഒരു വർഷം മുൻപ് തുടങ്ങാനിരുന്ന പദ്ധതി സാങ്കേതിക കുരുക്കിൽപ്പെട്ട് നീളുകയായിരുന്നു. മൊത്തം 493.06 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.
മൂന്നുനില: തിയറ്റർ മുതൽ സ്റ്റാർ ഹോട്ടൽ വരെ
നേരത്തെ 6 നിലകളിലായി നിർമിക്കാൻ തീരുമാനിച്ചിരുന്ന കെട്ടിടം 3 നിലകളിലായാണ് നിർമിക്കുക. കൺവൻഷൻ സെന്റർ, ഹോട്ടൽ, കെഎസ്ആർടിസി ഓഫിസുകൾ, ഗാരിജ് എന്നിവയായിരുന്നു തീരുമാനിച്ചിരുന്നത്. നിലവിൽ കൺവൻഷൻ സെന്ററിന് പകരം 2 മൾട്ടിപ്ലക്സ് തിയറ്റർ, ഹൈപ്പർ മാർക്കറ്റ്, 700 രൂപയിൽ താഴെ താമസിക്കാവുന്ന രീതിയിലുള്ള ഹോട്ടൽ കോംപ്ലക്സ്, ബാർ, 10 മുറികളുള്ള സ്റ്റാർ ഹോട്ടൽ എന്നിവയാണ് നിർമിക്കുക.
കാർ പാർക്കിങ്ങിന് 7 നിലകൾ
നേരത്തെ 4 നിലകളിലായി 400 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് തീരുമാനിച്ചിരുന്നത്. ഇതുമാറ്റി 7 നിലകളിലുള്ള മൾട്ടിലെവൽ കാർ പാർക്കിങ് സൗകര്യമാണ് ഒരുക്കുക. ഇത് കെട്ടിടത്തിന് ഒപ്പം തന്നെയാണ് നിർമിക്കുന്നത്. ചുണ്ടൻവള്ളത്തിന്റെ ആകൃതിയിലുള്ള കെട്ടിടത്തിന്റെ അമര ഭാഗത്താണ് കാർ പാർക്കിങ് സൗകര്യം ഒരുക്കുക.
ബോട്ട് ടെർമിനൽ:തീരുമാനമായില്ല
ബോട്ട് ടെർമിനൽ നിർമാണം സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഇവിടെ ജലസേചന വകുപ്പിന്റെ സ്ഥലമുള്ളതിനാൽ അവരുമായി ചർച്ച നടത്തിയതിനു ശേഷമേ നടപടി ആരംഭിക്കാൻ സാധിക്കൂ എന്ന് ഇൻകെൽ അധികൃതർ പറഞ്ഞു. ഇവിടെ ഹോട്ടൽ ആയിരുന്നു നിർമിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രധാന കെട്ടിടത്തിൽ ഹോട്ടൽ ഉള്ളതിനാൽ ഇതുമാറ്റി സ്പോർട്സ് കോംപ്ലക്സ് നിർമിക്കാനാണ് തീരുമാനം. ഇവിടെ നീന്തൽക്കുളം, ബാസ്കറ്റ് ബോൾ കോർട്ട് തുടങ്ങിയവ ഉണ്ടാകും.
കെട്ടിടം ചുണ്ടൻവള്ളത്തിന്റെ മാതൃകയിൽ
എയർപോർട്ട് മാതൃകയിലാണ് മൊബിലിറ്റി ഹബ് നിർമിക്കുക. 40,170.3 ചതുരശ്ര മീറ്ററിൽ ചുണ്ടൻ വള്ളത്തിന്റെ മാതൃകയിലാണ് കെട്ടിടം ഒരുക്കുന്നത്. കെട്ടിടത്തിൽ ബസ് ടെർമിനൽ, വർക്‌ഷോപ്, ബോട്ട് ടെർമിനൽ, ബോട്ട് ഡോക് യാർഡ്, ജില്ല ട്രാൻസ്പോർട്ട് ഓഫിസ്, ജലഗതാഗത വകുപ്പ് ഓഫിസ്, ബസ് ബേ, ഗാരിജ് എന്നിവയാണ് ഉണ്ടാകുക.