ആലപ്പുഴയിൽ എല്ലാ സീറ്റും നേടുമെന്ന് യുഡിഎഫ്; കായംകുളത്ത് 2,000–5,000 വോട്ടിന് ജയിക്കുമെന്ന് നിഗമനം
Mail This Article
ആലപ്പുഴ ∙ ജില്ലയിൽ 8 നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ് കമ്മിറ്റികൾ യോഗം ചേർന്നു വിലയിരുത്തിയത് മുഴുവൻ സീറ്റും നേടുമെന്ന്. ചെങ്ങന്നൂരിലെ യോഗം ഇന്നു ചേരും. എല്ലായിടത്തും കടുത്ത മത്സരമായിരുന്നെങ്കിലും ജയസാധ്യത തന്നെയാണെന്നു വിലയിരുത്തി. ലഭിക്കാവുന്ന വോട്ടുകൾ പരമാവധി കുറച്ചാണു കണക്കിലെടുത്തതെന്നും നേതാക്കൾ പറയുന്നു. എല്ലാ മണ്ഡലത്തിലെയും വിവരങ്ങൾ ലഭിച്ച ശേഷം യുഡിഎഫ് ജില്ലാ കമ്മിറ്റി ചേർന്നു വിവരങ്ങൾ വിശകലനം ചെയ്യും.
∙ കായംകുളം– ശക്തമായ മത്സരം നടന്ന കായംകുളത്ത് 2,000–5,000 വോട്ടിനു ജയിക്കുമെന്നാണു നിഗമനം. സ്ഥാനാർഥി അരിത ബാബുവിന്റെ വ്യക്തിത്വവും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രചാരണവുമൊക്കെ ഏറെ ഗുണം ചെയ്തു.
∙ ഹരിപ്പാട്– പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് 20,000 വോട്ട് വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണു പ്രതീക്ഷ. മുൻ തിരഞ്ഞെടുപ്പുകളിൽ കിട്ടാത്ത പിന്തുണ ഇത്തവണയുണ്ടാവും.
∙ അമ്പലപ്പുഴ – ഡിസിസി പ്രസിഡന്റ് എം.ലിജു അമ്പലപ്പുഴയിൽ 5,000 – 10,000 വോട്ടിനു ജയിക്കും. പുന്നപ്ര തെക്ക് പഞ്ചായത്തിലാവും മുൻകൈ ഏറ്റവും കുറയുക. അമ്പലപ്പുഴ മേഖലയിലും നഗരസഭയിലെ ഒരു പ്രദേശത്തും ഭൂരിപക്ഷം നേരിയതായിരിക്കും. മറ്റെല്ലായിടത്തും ഭേദപ്പെട്ട ഭൂരിപക്ഷം ലഭിക്കും.
∙ ആലപ്പുഴയിൽ ജയിക്കുമെന്ന് നേരത്തെ തന്നെ പ്രതീതി സൃഷ്ടിച്ചിരുന്നു. ഇവിടെ ഡോ. കെ.എസ്.മനോജിന്റെ ഭൂരിപക്ഷം 10,000 വരെയെത്താം.
∙ചേർത്തല– ശക്തമായ മത്സരം നടന്ന ചേർത്തലയിൽ എൽഡിഎഫിന്റെ കഴിഞ്ഞ തവണത്തെ വൻ ഭൂരിപക്ഷം മറികടന്ന് എസ്.ശരത് 5,000 – 7,000 വോട്ടിനു ജയിക്കും.
∙ കുട്ടനാട് – ജേക്കബ് ഏബ്രഹാമിന് 4,500 വോട്ട് ഭൂരിപക്ഷം കിട്ടും. കഴിഞ്ഞ തവണ 4,000ൽ ഏറെ വോട്ടിനു പിന്നിലായിരുന്നെന്നതും പരിഗണിച്ചാണ് കണക്കെടുത്തത്.
∙ അരൂർ– സീറ്റ് ഷാനിമോൾ ഉസ്മാൻ വർധിച്ച ഭൂരിപക്ഷത്തോടെ നിലനിർത്തുമെന്നാണു നിഗമനം. 5,000 – 10,000 വോട്ട് ഭൂരിപക്ഷം ലഭിക്കും.
∙ മാവേലിക്കര– കെ.കെ.ഷാജു 4,000 – 7,000 വോട്ടിനു ജയിക്കും. ഇവിടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആയിരത്തോളം വോട്ട് അധികം നേടിയതും മാവേലിക്കര നഗരസഭയിലും 2 പഞ്ചായത്തുകളിലും ഭരണം നേടിയതും അനുകൂല സ്ഥിതിയുണ്ടാക്കിയിട്ടുണ്ട്.
∙ ചെങ്ങന്നൂരിൽ യോഗം ചേർന്നില്ലെങ്കിലും പ്രാഥമിക കണക്കനുസരിച്ചു ജയസാധ്യതയുണ്ടെന്നു നേതാക്കൾ വിലയിരുത്തുന്നു. സജി ചെറിയാനു കഴിഞ്ഞ തവണ ചില വിഭാഗങ്ങളിൽനിന്നു കിട്ടിയ വലിയ പിന്തുണ ഇത്തവണ ഉണ്ടാവില്ല. ശബരിമല വിഷയം ഗുണം ചെയ്തു എന്നാണു വിശ്വാസം. പ്രളയം മനുഷ്യനിർമിതമായിരുന്നെന്ന കണ്ടെത്തൽ പരമാവധി പ്രചരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ബിജെപി ഏറ്റവും സജീവമായ മണ്ഡലമാണിത്. ചെന്നിത്തല, തിരുവൻവണ്ടൂർ പഞ്ചായത്തുകളിൽ ബിജെപിയെ ഭരണത്തിൽനിന്നു തടയാൻ യുഡിഎഫ് എൽഡിഎഫിനെ പിന്തുണച്ചതിന്റെ വാശിയിൽ പരമാവധി വോട്ട് സമാഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്.
4 സീറ്റ് കിട്ടിയാൽ സർക്കാർ
ആലപ്പുഴ ജില്ലയിൽനിന്നു 4 സീറ്റെങ്കിലും നേടിയാൽ യുഡിഎഫ് സർക്കാർ വരുമെന്നാണു സംസ്ഥാന നേതാക്കളിൽ ചിലരുടെ വിശ്വാസം. 7 സീറ്റ് ഉറപ്പായും കിട്ടുമെന്ന് അവർ കണക്കു കൂട്ടുന്നുമുണ്ട്. ആറെണ്ണമെങ്കിലും കിട്ടുമെന്നു ജില്ലയിലെ നേതാക്കൾ സ്വകാര്യമായി പറയുന്നു.