ADVERTISEMENT

ആലപ്പുഴ ∙ ‘ഇപ്പോഴും എനിക്കു സ്വയം കുടയുണ്ടാക്കാൻ കഴിയും’ – കുട വ്യവസായത്തിലെ കുലപതിയായിക്കഴിഞ്ഞും ബേബിയെന്ന ടി.വി.സ്കറിയ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് പിതാവിന്റെ കുട നിർമാണശാലയിൽ ജോലിക്കാരോടു മത്സരിച്ചു കുട നിർമിച്ച കുട്ടിയുടെ ആവേശം അപ്പോൾ മുഖത്തു തെളിയും. പല പ്രായക്കാർക്കും പല ആവശ്യങ്ങൾക്കും ഇണങ്ങുന്ന കുടകൾ എന്ന അന്വേഷണത്തിൽ പിറന്നത് നൂറ്റിയിരുപതിലേറെ കുടത്തരങ്ങളാണ്.

പിതാവ് സ്ഥാപിച്ച സെന്റ് ജോർജ് കമ്പനി നിർത്തുമ്പോൾ ഒരു ലക്ഷം ഡസൻ കുടകളുടെ വിപണി സാമ്രാജ്യം ഇല്ലാതാകുമെന്നാണ് പലരും കരുതിയത്. പക്ഷേ, എത്രയോ ഇരട്ടി കുടകൾ നിവർത്തി പോപ്പി അംബ്രല മാർട്ട് ഇന്നു വിപണിയുടെ ഉയരത്തിൽ നിൽക്കുന്നു. പിതാവ് തുടങ്ങിയ സ്ഥാപനം വിഭജിച്ചതിൽ അദ്ദേഹത്തിനു വേദനയുണ്ടായിരുന്നു. പക്ഷേ, എല്ലാം നിമിത്തങ്ങളാണെന്നു കൂടി അദ്ദേഹം വിശ്വസിച്ചു.

ഇടനിലക്കാരില്ലാതെയാണ് പോപ്പി കുടകൾ വിപണിയിലെത്തുന്നത്. 4,700 ഏജൻസികൾ ഷോറൂമിൽ നിന്ന് നേരിട്ട് കുടകൾ വാങ്ങുന്നു. ഇടനിലക്കാർ കുറയുമ്പോൾ പരമാവധി വിലകുറച്ച് ഉപയോക്താവിന്റെ കയ്യിൽ കുടയെത്തും എന്നതാണ് ബേബി കണ്ട മറ്റൊരു ആശയം. ഏജൻസി ലഭിക്കാൻ കാത്തിരിക്കുന്നവരുടെ എണ്ണം പതിനായിരത്തോളമാണ്. ബേബിയുടെ മക്കളിലൂടെ മൂന്നാം തലമുറയിലേക്ക് കുടമാറ്റം നടത്തുകയാണ് കുടുംബത്തിന്റെ ബിസിനസ്. മൂത്ത മകൻ ഡേവിസ് പോപ്പിയുടെ സാരഥ്യത്തിലുണ്ട്.

എംബിഎ പഠനകാലത്ത് കുട നിർമാണമായിരുന്നു ഡേവിസിന്റെ പ്രബന്ധ വിഷയം. ജീവനക്കാർക്കും തലമുറകളുടെ കഥ പറയാനുണ്ട്. ജീവനക്കാർക്ക് ‘പപ്പ’ ആയിരുന്നു ബേബി. പ്രായവ്യത്യാസമില്ലാത്ത സംബോധന. നേരത്തെ ബേബി സാർ എന്നും ബേബിച്ചായൻ എന്നും വിളിച്ചവരും പിന്നീട് പപ്പയെന്നു വിളിച്ചു.‘അദ്ദേഹത്തിന്റെ മക്കളായ ഡേവിസും പോപ്പിയും വിളിക്കുന്നത് കേട്ടാണ് ഞങ്ങളും പപ്പയെന്നു വിളിച്ചത്. അദ്ദേഹത്തിന് ആ വിളി ഇഷ്ടമായിരുന്നു’ – 32 വർഷമായി ഒപ്പമുള്ള സെയിൽ മാനേജർ ആന്റണി ഐസക് പറഞ്ഞു.

രാജസ്ഥാൻ അംബ്രല്ലാ ഇൻഡസ്ട്രീസ് അസോസിയേഷന്റെ 1998–ലെ പുരസ്കാരം രാജസ്ഥാനിലെ പാരമ്പര്യ തലപ്പാവ് ധരിച്ച് ഏറ്റുവാങ്ങുന്ന ടി.വി.സ്കറിയ (ബേബി) (ഫയൽ ചിത്രം)

സഹോദരന്റെ ഓർമയിൽ

ആലപ്പുഴ ∙ കഠിനമായി  പരിശ്രമിക്കുന്നയാളും നല്ല ബിസിനസ് സാമർഥ്യമുള്ളയാളുമായിരുന്നു  ബേബിയെന്ന് സഹോദരനും ജോൺസ് കുട നിർമാണ സ്ഥാപനത്തിന്റെ  ഉടയുമായ ഡോ.ഏബ്രഹാം തയ്യിൽ (84). മിടുമിടുക്കനായ വ്യവസായിയായിരുന്നു അദ്ദേഹം. സെന്റ് ജോർജ് അംബ്രല്ല വാങ്ങാൻ കച്ചവടക്കാർ കാത്തുനിന്നിരുന്നു അക്കാലം. അതിനു പിന്നിലെ ബിസിനസ് സാമർഥ്യം ബേബിയുടേതായിരുന്നു. പിന്നീട്  സെന്റ്ജോർജ്  പിരിഞ്ഞു ജോൺസും പോപ്പിയുമായി മാറി. 

ബിസിനസ് തുടങ്ങിയത് പിതാവാണെങ്കിലും അതിനെ വളർത്തി ഈ നിലയിലെത്തിച്ചത് ബേബിച്ചന്റെ കഠിന പരിശ്രമമാണ്. കുടമാളൂർ തയ്യിൽ കുടുംബത്തിൽ നിന്നു അമ്പലപ്പുഴയിൽ വന്നു താമസിച്ചതാണ് ഞങ്ങളുടെ മുൻതലമുറ. തയ്യിൽ ഏബ്രഹാം വർഗീസ് എന്നായിരുന്നു കുടവാവച്ചൻ എന്നറിയപ്പെട്ടിരുന്ന പിതാവിന്റെ പേര്. അദ്ദേഹവും അമ്മാവനായ ജോസഫും ചേർന്നു നടത്തിയ ബിസിനസ് മുന്നോട്ട് പോയില്ല. പിന്നീട് കാസിം സേട്ടുമായി ചേർന്നു സ്റ്റേഷനറിയും അംബ്രല്ലാമാർട്ടും നടത്തി. 

രണ്ടാംലോക മഹായുദ്ധകാലത്ത് പിതാവിനെ ഏൽപിച്ച് സേട്ട് വിദേശയാത്രപോയി. തിരികെ വന്ന സേട്ട് അധികകാലം തുടർന്നില്ല. ഇതോടെ പിതാവ് എസ്.കുമാരസ്വാമി റെഡ്യാറുടെ രാധാകൃഷ്ണ അംബ്രല്ലമാർട്ടിൽ ചേർന്നു.  പിന്നീട് അദ്ദേഹത്തെ  റെഡ്യാർ  പങ്കാളിയാക്കി. അതിനു ശേഷമാണ് ഇരുമ്പുപാലത്തിനു പടിഞ്ഞാറ് പിതാവ് സ്വന്തമായി സെന്റ് ജോർജ് കട തുടങ്ങിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com