ജീവിതത്തെ പരുവപ്പെടുത്തിയത് സമരങ്ങള്, പ്രസാദ് ചേർത്തലയിൽ നിന്ന് നിയമസഭയിലേക്ക്
Mail This Article
പി.പ്രസാദ്, സിപിഐ
േപരിലെ പ്രസാദം പെരുമാറ്റത്തിലുമുണ്ട് പി.പ്രസാദിന്. ചിരിവിടരുന്ന മുഖത്തേക്കു നോക്കിയാൽ വന്ന വഴിയിലെ കഷ്ടപ്പാടുകളും കാണാം. ചിരിക്കുമ്പോൾ മുൻവരിപ്പല്ലിൽ കാണുന്ന വിടവിന് ഒരു കാരണം അടൂരിൽ നവോദയ സമരകാലത്തുണ്ടായ പൊലീസ് മർദനമാണ്. നിരന്തരമേറ്റ പൊലീസ് മർദനങ്ങളുടെ ക്ഷതം മാറാൻ വർഷങ്ങളായി നിരന്തരം ആയുർവേദ ചികിത്സ നടത്തുന്നുണ്ട് പ്രസാദ്. സമരങ്ങളാണ് പ്രസാദിന്റെ ജീവിതത്തെ പരുവപ്പെടുത്തിയത്. അതു നവോദയ മുതൽ നർമദ വരെ നീളുന്നു.
രാഷ്ട്രീയത്തിൽ പ്രവർത്തിച്ചതിനു ജയിലിൽക്കിടക്കുന്ന അച്ഛൻ നൂറനാട് മറ്റപ്പള്ളിയിൽ ജി.പരമേശ്വരൻ നായരെപ്പറ്റിയുള്ള കഥകേട്ടു വളർന്ന മകന് ജീവിതം സമരങ്ങളില്ലാതെ കഴിയില്ലല്ലോ. പുസ്തകങ്ങൾ വായിച്ചു വിശപ്പകറ്റിയ കാലമുണ്ടായിരുന്നു പ്രസാദിന്. അതുകൊണ്ട് വിശക്കുന്നവന്റെ മുഖം കണ്ടാൽ അറിയാനാകുമെന്ന ആത്മവിശ്വാസം ഇന്നും അദ്ദേഹത്തിനുണ്ട്. വീടു നിറഞ്ഞിരിക്കുന്ന പുസ്തകങ്ങൾ മാറ്റിവയ്ക്കാനൊരു ഇടമില്ലാത്തതുകൊണ്ട് പുതിയ പുസ്തകങ്ങൾ വാങ്ങാനാകാത്തതാണ് പ്രസാദിന്റെ ദുഃഖം. ആലപ്പുഴ ജില്ലയിലാണു ജനിച്ചതും വളർന്നതും. പക്ഷേ, പത്തനംതിട്ടക്കാരനായി അറിയപ്പെടാനായിരുന്നു യോഗം.
പ്രവർത്തനത്തിനായി പാർട്ടി നിയോഗിച്ചത് പത്തനംതിട്ടയിലാണ്. അങ്ങനെ, ആലപ്പുഴക്കാരനായ പ്രസാദ് പത്തനംതിട്ടയിൽ സിപിഐ ജില്ലാ സെക്രട്ടറിയായി. മറ്റൊരു നാടിനെ സ്വന്തം നാടായി കാണാൻ പ്രസാദിന് ഒട്ടും പ്രയാസമില്ല. നർമദയിലും പ്ലാച്ചിമടയിലും തൃക്കുന്നപ്പുഴയിലും ആറന്മുളയിലും സമരം ചെയ്യാനിറങ്ങിയപ്പോൾ അതെല്ലാം പ്രസാദിന് സ്വന്തം നാടായിരുന്നു. ചേർത്തലയിൽ നിന്നു നിയമസഭയിലേക്കെത്തുമ്പോഴും പ്രസാദിന് ആ ഉറപ്പുണ്ട് – താൻ ചേർത്തലക്കാരനുമാണ്!