തിരഞ്ഞെടുപ്പിന് മുൻപ് വിജയമുറപ്പിച്ച സ്ഥാനാർഥി, ചെങ്ങന്നൂരിന്റെ സജീവസേവകൻ സജി ചെറിയാൻ
Mail This Article
സജി ചെറിയാൻ, സിപിഎം
തിരഞ്ഞെടുപ്പിനു മുൻപു തന്നെ ജില്ലയിൽ വിജയമുറപ്പിച്ച മറ്റൊരു എൽഡിഎഫ് സ്ഥാനാർഥിയുണ്ടാകില്ല– സജി ചെറിയാൻ ഒഴികെ.. എതിർ മുന്നണികളുടെ പട്ടികയിൽപ്പോലും ഉറപ്പില്ലാത്തൊരു സീറ്റായിരുന്നു ചെങ്ങന്നൂർ. അഞ്ചു വർഷം മുൻപു വരെ എൽഡിഎഫിന് ഉറപ്പിച്ചു പറയാനാകാത്ത ചെങ്ങന്നൂർ 2018 ലെ ഉപതിരഞ്ഞെടുപ്പിലൂടെ ശക്തമായ ഇടതു കോട്ടയാക്കി മാറ്റാൻ കഴിഞ്ഞതാണ് സജി ചെറിയാൻ എന്ന നേതാവിന്റെ വിജയം.
ഒരു കാര്യം മനസ്സിലുറപ്പിച്ചാൽ നേടിയെടുക്കുകയെന്നതാണ് സജി ചെറിയാന്റെ വാശി. സ്കൂളിൽ കാണാതെപഠിച്ചു മറന്നു പോയ പ്രസംഗത്തിൽ പിൽക്കാലത്തു സമ്മാനങ്ങൾ നേടിയതു മുതൽ ഒരിക്കൽ പരാജയപ്പെട്ടുപോയ നിയമസഭാ സീറ്റ് പിടിച്ചെടുത്തതുവരെ അതിന്റെ തെളിവാണ്. പ്രളയത്തിൽ മുങ്ങിയിട്ടും രക്ഷാപ്രവർത്തനത്തിൽ അവഗണിക്കപ്പെട്ടുപോയ സ്വന്തം നാട്ടിലേക്കു രക്ഷാപ്രവർത്തകരുടെ ശ്രദ്ധയെത്തിക്കാൻ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞ നേതാവിനെ നാട് എങ്ങനെ മറക്കാൻ!
എസ്എഫ്ഐ പ്രവർത്തകനായതിന്റെ പേരിൽ പലവട്ടം വീട്ടിൽ നിന്നിറക്കിവിട്ടിട്ടുണ്ട് സജി ചെറിയാനെ. വീടിനടുത്തെ മാടക്കടയിലുടെ തിണ്ണയിൽക്കിടന്നുറങ്ങിയിട്ടുണ്ട് പലപ്പോഴും. എസ്എഫ്ഐയുടെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായാണ് വീട്ടുകാർക്കു മുന്നിൽ പിന്നീട് സജി എത്തിയത്. രാഷ്ട്രീയം തൊഴിലാക്കാൻ താൽപര്യമില്ലാത്തതിനാൽ എംഎൽഎ ആകുന്നതിനു മുൻപു വരെ എൽഐസി ഏജന്റും കേറ്ററിങ് സർവീസ് നടത്തിപ്പുകാരനും കംപ്യൂട്ടർ പരിശീലനകേന്ദ്രം നടത്തിപ്പുകാരനുമായിരുന്നു സജി ചെറിയാൻ.
രാഷ്ട്രീയത്തിൽ, സിപിഎം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായപ്പോഴും സജി ചെറിയാൻ ചെങ്ങന്നൂരിൽ ഉറച്ചു നിന്നു. കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പേരിൽ മണ്ഡലത്തിൽ എല്ലാ മേഖലകളിലും സജീവമായി രംഗത്തെത്തുകയും സഹായം ആവശ്യമുള്ളവർക്ക് വിളിപ്പുറത്തുണ്ടാകുകയും ചെയ്തതോടെ നാട്ടുകാർക്കു പകരം വയ്ക്കാനില്ലാത്ത നേതാവായി സജി ചെറിയാൻ മാറുകയായിരുന്നു.