ഗൗരിയമ്മയുടെ ചിതാഭസ്മം വർക്കല പാപനാശത്ത് ഒഴുക്കും
Mail This Article
ആലപ്പുഴ ∙ കെ.ആർ.ഗൗരിയമ്മയുടെ ചിതാഭസ്മം വർക്കല പാപനാശത്ത് ഒഴുക്കുമെന്നു ബന്ധുക്കൾ. ഇന്നലെ വലിയ ചുടുകാട്ടിൽ നടന്ന അസ്ഥിശേഖരണ കർമത്തിൽ സഹോദരീപുത്രി ഡോ. പി.സി.ബീനാകുമാരി ഉൾപ്പെടെയുള്ള ബന്ധുക്കളും ജെഎസ്എസ് പാർട്ടി നേതാക്കളിൽ ചിലരും പങ്കെടുത്തു. ചിതാഭസ്മം എവിടെ ഒഴുക്കണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗൗരിയമ്മ ആഗ്രഹങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല.
ഇത്തരം കാര്യങ്ങളിൽ ഗൗരിയമ്മയ്ക്കു വിശ്വാസമുണ്ടെന്നു തോന്നുന്നില്ലെന്നു ബീനാകുമാരി പറഞ്ഞു. കുടുംബാംഗങ്ങളുടെ ആഗ്രഹ പ്രകാരമാണ് ചിതാഭസ്മം നിമജ്ജനത്തിന് തീരുമാനിച്ചത്. ലോക്ഡൗൺ ആയതിനാൽ തീയതി തീരുമാനിച്ചിട്ടില്ല. മറ്റു കർമങ്ങളൊന്നുമില്ലെന്നും ബീനാകുമാരി പറഞ്ഞു. ചിതാഭസ്മം ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഗീത് ചക്രപാണി, പി.ആർ.ബാനർജി, കെ.ശിവാനന്ദൻ പാലക്കാട്, ബന്ധുക്കളായ അനിൽ, സോഫി തുടങ്ങിയവരും ബീനാകുമാരിക്കൊപ്പം ഉണ്ടായിരുന്നു