‘പൊലീസേ’ വിളി മുഴങ്ങിയില്ല; അധ്യക്ഷ കസേരയും ശൂന്യം
Mail This Article
ആലപ്പുഴ ∙ ചാത്തനാട്ടെ കളത്തിൽ പറമ്പിൽ വീടിന്റെ സ്വീകരണമുറിയിൽ, ആളില്ലാത്ത ആ കസേരയ്ക്ക് ഇന്നലെയും അധ്യക്ഷപദവിയായിരുന്നു. ഹാളിൽ വട്ടം കൂടി പാർട്ടി നേതാക്കൾ യോഗം ചേരുന്നു. ‘കുഞ്ഞമ്മ’ സ്ഥിരമായി ഇരിക്കുന്ന കസേര അവർക്കു നടുവിൽ അനാഥമായി. എങ്കിലും വിറയ്ക്കുന്ന ശബ്ദത്തിൽ അവിടെനിന്നു പുറപ്പെടുന്ന ശാസനയും ശാസനങ്ങളും പ്രതീക്ഷിച്ച് ഇപ്പോഴും വീട് കാതുകൂർപ്പിക്കുന്നതു പോലെ. ദിവസങ്ങൾക്കു മുൻപു വരെ ഗേറ്റൊന്നു ഞരങ്ങിയാൽ ‘പൊലീസേ..’ എന്ന് അകത്തുനിന്നൊരു വിളിയുണ്ടായിരുന്നു. പരിചയമില്ലാത്തവരെ കടത്തിവിടാതിരിക്കാൻ അംഗരക്ഷകനെ വിളിക്കുന്നതാണ്.
ഇന്നലെയതു പലവട്ടം തുറന്നടഞ്ഞു. ഗൗരിയമ്മയില്ലാത്ത വീട്ടിലേക്കു വന്നവർ പഴയതു പോലെ സ്വീകരണ മുറിയിൽ പരുങ്ങി. വലതുവശത്തു ഭിത്തിയോടു ചേർത്തിട്ട കസേരയിലേക്കു നോക്കി. ‘മുൻപും ഞങ്ങളാരും ആ കസേരയിൽ ഇരിക്കാറില്ല’ – പാർട്ടി നേതാക്കൾ പറഞ്ഞു. വീട്ടുകാര്യങ്ങൾ ഏറ്റെടുക്കുന്നതിനൊപ്പം പാർട്ടി സെന്ററിന്റെ യോഗത്തിലും പങ്കെടുത്ത് ഗൗരിയമ്മയുടെ സഹോദരീപുത്രി ഡോ. പി.സി.ബീനാകുമാരി അവിടെയുണ്ട്.
കിടപ്പുമുറിയുടെ ചുമരിലുള്ള കറുപ്പും വെളുപ്പും ഫോട്ടോഗ്രാഫുകളിൽ ഏറെയും ഗൗരിയമ്മയും ടി.വി.തോമസും ഒന്നിച്ചുള്ളതാണ്. വിവാഹ ദിനത്തിൽ പൂമാലയിട്ടു പൂച്ചെണ്ടു പിടിച്ചു ചിരിച്ചു നിൽക്കുന്ന ഗൗരിയമ്മയും ടിവിയും. ഊണും ഉറക്കവുമില്ലാത്ത പോരാട്ടങ്ങൾക്കു ശേഷം ഗൗരിയമ്മ തളർന്നു തലചായ്ച്ച സിംഗിൾ കട്ടിലിൽ വിരിക്കു ചുളിവില്ല. ചെറുപ്പമായിരുന്ന ഗൗരിയമ്മയുടെ ഉറച്ച കാൽവയ്പുകളെയും അവസാനത്തെ മൃദുവായ സ്പർശത്തെയും സ്വീകരിച്ച തറയിൽ മഴവെള്ളം ചോർന്ന് ചെറിയ നനവുണ്ടായിരുന്നു. ടി.വി.തോമസും ഗൗരിയമ്മയും ഒന്നിച്ചു താമസിക്കാൻ പണിത വീടാണ്.
അന്നു പാർട്ടി ഒന്നായിരുന്നു. പിളർന്നപ്പോൾ ടിവിയും ഗൗരിയമ്മയും ചേർത്തു പിടിച്ച കൈകളും വിടുവിച്ചതാണ്. പിന്നെ ഗൗരിയമ്മ തനിച്ചായി ഇവിടെ. അപ്പോഴും മനസ്സിൽനിന്നു ഗൗരിയമ്മ വിടുവിച്ചിരുന്നില്ല. കിടപ്പുമുറിയിലെ ചിത്രങ്ങൾ ആ അടക്കിപ്പിടിച്ച ഇഷ്ടത്തിനു സാക്ഷ്യം പറയും. സന്ദർശകരെ സ്വീകരിക്കാനോ യാത്രയാക്കാനോ വിലക്കാനോ വരാന്തയിലെ ഇരുമ്പുഗ്രിൽ പിടിച്ചു നിൽക്കുന്ന ഗൗരിയമ്മ ഇനി പഴയ കാഴ്ചയാണ്. ഗേറ്റ് ഞരങ്ങിയാൽ ‘പൊലീസിനെ’ വിളിക്കാൻ അവിടെയാരും നിൽപില്ല.