ക്ലാസ് @ ഹോം ഫുൾ റേഞ്ചിൽ: പാലിക്കാം 01–02–10 നിയമം; ഓർക്കാം 20–20–20
Mail This Article
കോവിഡ് രണ്ടാംതരംഗം രണ്ടാം വർഷവും കുട്ടികളെ സ്കൂളിൽനിന്ന് അകറ്റിയപ്പോൾ ഓൺലൈൻ പഠനം കൂടുതൽ സജീവമാകുകയാണ്. കഴിഞ്ഞ വർഷം വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനലിലൂടെയും ദൂരദർശനിലൂടെയും നടത്തിയ ക്ലാസുകളായിരുന്നു പ്രധാന ആശ്രയം. ആ ക്ലാസുകൾക്ക് വിശകലനവും അതിന്റെ നോട്ടുകളും പഠന പ്രവർത്തനങ്ങളും അധ്യാപകർ കുട്ടികൾക്ക് ഫോണിലൂടെ നൽകി.
ചില അൺ എയ്ഡഡ് സ്കൂളുകളിൽ അധ്യാപകർ തങ്ങളുടെ കുട്ടികൾക്ക് സമൂഹമാധ്യമ കൂട്ടായ്മകളിലൂടെ ക്ലാസുകൾ എടുക്കുന്ന സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ഈ വർഷം സർക്കാർ– എയ്ഡഡ് സ്കൂളുകളിലും വിപുലമായ ഓൺലൈൻ ക്ലാസുകളാണ് ക്രമീകരിക്കുന്നത്. ഇത്തരം ക്രമീകരണത്തിന് സർക്കാർ നിർദേശം നൽകിയിട്ടില്ലെങ്കിലും അധ്യാപകർ തങ്ങളുടെ കുട്ടികളുമായി നേരിട്ട് സംവദിക്കുന്ന ക്ലാസുകൾ വിദ്യാഭ്യാസ വകുപ്പ് നിരുത്സാഹപ്പെടുത്തുന്നില്ല. കൂടുതൽ കുട്ടികൾക്ക് അതിനുള്ള സൗകര്യം ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ വിദ്യാഭ്യാസ വകുപ്പുതന്നെ നടത്തുന്നുമുണ്ട്.
സാങ്കേതിക തടസ്സങ്ങൾ മാറണം
ഓൺലൈൻ ക്ലാസുകൾ എല്ലാ കുട്ടികൾക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഒട്ടേറെ കടമ്പകൾ ഉണ്ട്. സ്മാർട്ട് ഫോണോ ലാപ്ടോപ് കംപ്യൂട്ടറോ പോലെ റിസീവിങ് ഉപകരണം വേണം. കുട്ടി ആയിരിക്കുന്ന സ്ഥലത്ത് നെറ്റ്‌വർക് കവറേജ് ഉണ്ടാകണം. ഒരേ സ്ഥലത്തു തന്നെ ഇത്രയധികം കുട്ടികൾക്കും മറ്റുള്ളവർക്കും ഒരേ സമയം ഉപയോഗിക്കാൻ സാധ്യമാകുന്ന ബാൻഡ്‌വിഡ്ത് നൽകാനുള്ള ശേഷി മൊബൈൽ സേവനദാതാക്കൾക്ക് ഉണ്ടാകണം. ഇങ്ങനെയുള്ള പ്രതിബന്ധങ്ങൾ തരണം ചെയ്താലേ ഓൺലൈൻ ക്ലാസുകൾ പൂർണസജ്ജമാകൂ. ഇത് ഘട്ടംഘട്ടമായി എങ്ങനെ സാധ്യമാക്കാം എന്ന ആലോചനകളാണ് ഇപ്പോൾ സർക്കാർ തലത്തിൽ നടക്കുന്നത്. പരമാവധി കുട്ടികൾക്ക് ഈ സൗകര്യം ലഭ്യമാണെന്ന് ഉറപ്പാക്കിക്കൊണ്ടാണ് പല സ്കൂളുകളും ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്.
ജില്ലയിൽ വിദ്യാർഥികൾ 1,68,267
ആലപ്പുഴ ∙ ജില്ലയിൽ 1 മുതൽ10 വരെയുള്ള ക്ലാസുകൾക്കായി നടത്തുന്ന വിക്ടേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ അധ്യയനത്തിൽ പങ്കെടുക്കുന്നത് 1,68,267 വിദ്യാർഥികൾ. ജില്ലയിലെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലേക്ക് പുതിയതായി പ്രവേശനം നേടിയ 12,241 കുട്ടികളും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് ചുവടുവച്ചു കഴിഞ്ഞു.
ആദ്യഘട്ടത്തിൽ കുട്ടികൾക്ക് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളും മുൻവർഷത്തെ പഠന വിഷയങ്ങളുടെ ഓർമപ്പെടുത്തലിന് ഉതകുന്ന ബ്രിജ് ക്ലാസുകളുമാണ് സംപ്രേഷണം ചെയ്യുന്നത്. പ്രീ പ്രൈമറി കുട്ടികൾക്കായി കിളിക്കൊഞ്ചൽ പോലെയുള്ള വിനോദ പരിപാടികളും ഉണ്ട്. രാവിലെ എട്ടു മുതൽ ഓരോ വിഷയത്തിനും അരമണിക്കൂർ ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. വരും ദിവസങ്ങളിൽ ഓൺലൈൻ സംവിധാനം വഴി അതത് സ്കൂളുകളിലെ അധ്യാപകരുടെ സേവനം കുട്ടികൾക്ക് ലഭ്യമാക്കാനുള്ള നടപടികളും വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഓൺലൈൻ പഠന പ്രവർത്തനങ്ങൾ
പണ്ട് കടലാസിലും നോട്ട് ബുക്കിലുമായി ഒതുങ്ങിനിന്ന പഠന പ്രവർത്തനങ്ങൾ പലതും പുതിയ രീതിയിലായി എന്നത് വലിയ മാറ്റമാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈ നടലും ഉപന്യാസം എഴുത്തും പ്രസംഗമത്സരവും നടത്തുന്നതിനപ്പുറം കുട്ടികൾ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന്റെ വിഡിയോ ചിത്രീകരണത്തിലേക്കും ഷോർട്ട് ഫിലിം നിർമാണ മത്സരത്തിലേക്കുമൊക്കെ പ്രവർത്തനങ്ങൾ മാറി. കുട്ടികൾ വീടുകളിൽ തൈ നട്ടതിന്റെ ചിത്രങ്ങൾ ശേഖരിച്ച് എഡിറ്റ് ചെയ്ത് പശ്ചാത്തല സംഗീതം ഉൾപ്പെടുത്തി വിഡിയോ നിർമിച്ച സ്കൂളുകൾ ഇതിന് ഉദാഹരണം.
കണ്ണിനു വേണം കരുതൽ
കുട്ടികൾ ഓൺലൈൻ ക്ലാസുകളിൽ ആയതോടെ കംപ്യൂട്ടർ– മൊബൈൽ സ്ക്രീനുകളിൽ നോക്കിയിരിക്കുന്ന സമയം വളരെക്കൂടി. ഇത് അവരുടെ ആരോഗ്യത്തെ പ്രത്യേകിച്ച് കണ്ണുകളെ ദോഷകരമായ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കണ്ണിനോട് വളരെ അടുത്ത് ഒരു പോയിന്റിലേക്കു മാത്രം തുടർച്ചയായി കാഴ്ച കേന്ദ്രീകരിക്കപ്പെടുന്നത് കണ്ണിന് അസ്വസ്ഥതയുണ്ടാക്കും. കണ്ണിൽനിന്നു വെള്ളം വരിക, കണ്ണ് ചുവക്കുക, വേദനയുണ്ടാകുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. പലർക്കും അൽപനേരത്തെ വിശ്രമം കൊണ്ട് ഇത് മാറും. മാറുന്നില്ലെങ്കിൽ വിദഗ്ധ ചികിത്സ ആവശ്യമാണ്.
ചിലർക്ക് ഹൃസ്വദൃഷ്ടിക്ക് കാരണമാകുമെന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. കാഴ്ചയ്ക്കു മങ്ങൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ കണ്ണ് പരിശോധിക്കുകയും ഡോക്ടറുടെ ഉപദേശം തേടുകയും വേണം. സ്ക്രീനിന്റെ ബ്രൈറ്റ്നെസ് മിതമായിരിക്കണം. മുറിയിലെ വെളിച്ചം സ്ക്രീനിലേക്ക് വീഴുന്ന തരത്തിലാകരുത്. പുസ്തകം വായിക്കുമ്പോൾ വായിക്കുന്ന ആളുടെ പിന്നിൽനിന്ന് വെളിച്ചം പുസ്തകത്തിൽ വീഴുന്ന തരത്തിലാകണം. എന്നാൽ ഓൺലൈൻ സ്ക്രീനിൽ വെളിച്ചം അങ്ങനെയാകരുത്. വീടിനു പുറത്ത് പകൽവെളിച്ചത്തിൽ കുട്ടികളുടെ കളികളും പ്രവൃത്തികളും പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. കണ്ണിന്റെ ആരോഗ്യത്തിനും കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും അത് അത്യന്താപേക്ഷിതമാണ്.
പാലിക്കാം 01–02–10 നിയമം; ഓർക്കാം 20–20–20
മൊബൈൽ ഫോൺ കണ്ണിൽനിന്ന് ഒരടി അകലത്തിലും ലാപ്ടോപ്, കംപ്യൂട്ടർ എന്നിവ രണ്ടടി അകലത്തിലും ടിവി 10 അടി അകലത്തിലും വച്ചേ കാണാവൂ. 20 മിനിറ്റ് സ്ക്രീനിൽ നോക്കിയിരുന്നാൽ 20 സെക്കൻഡ് നേരത്തേക്കെങ്കിലും കുറഞ്ഞത് 20 അടി അകലെയുള്ള പുറം കാഴ്ചകൾ കാണണം. ഇത് കണ്ണിന്റെ ആയാസം കുറയ്ക്കും. ഡോ. എലിസബത്ത് ജോസഫ് (പീഡിയാട്രിക് ഒഫ്താൽമോളജിസ്റ്റ്, ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി)
ലാബ് അറ്റ് ഹോം
ശാസ്ത്ര വിഷയങ്ങളുടെ പഠനത്തിൽ പ്രധാനമാണ് പരീക്ഷണങ്ങൾ. സ്കൂളുകളിൽ ഇതിന് ലബോറട്ടറികൾ ഉണ്ട്. സ്കൂൾ തുറക്കാത്തതിനാൽ പരീക്ഷണങ്ങൾക്കുള്ള സാഹചര്യം ഉറപ്പാക്കുന്നതിന് ലാബ് അറ്റ് ഹോം കിറ്റുകൾ കുട്ടികൾക്കു നൽകി. ഊർജതന്ത്രത്തിലെയും രസതന്ത്രത്തിലെയും ചെറിയ പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ വസ്തുക്കൾ ഉൾപ്പെടുത്തിയ കിറ്റുകളാണ് സർവശിക്ഷാ അഭിയാൻ വഴി സ്കൂളുകളിൽ കുട്ടികൾക്കു നൽകിയത്. ഇത് ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ അധ്യാപകർ ഓൺലൈനിൽ നൽകുകയും കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
ഓൺലൈൻ പഠന പ്രവർത്തനങ്ങൾ
പണ്ട് കടലാസിലും നോട്ട് ബുക്കിലുമായി ഒതുങ്ങിനിന്ന പഠന പ്രവർത്തനങ്ങൾ പലതും പുതിയ രീതിയിലായി എന്നത് വലിയ മാറ്റമാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈ നടലും ഉപന്യാസം എഴുത്തും പ്രസംഗമത്സരവും നടത്തുന്നതിനപ്പുറം കുട്ടികൾ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന്റെ വിഡിയോ ചിത്രീകരണത്തിലേക്കും ഷോർട്ട് ഫിലിം നിർമാണ മത്സരത്തിലേക്കുമൊക്കെ പ്രവർത്തനങ്ങൾ മാറി. കുട്ടികൾ വീടുകളിൽ തൈ നട്ടതിന്റെ ചിത്രങ്ങൾ ശേഖരിച്ച് എഡിറ്റ് ചെയ്ത് പശ്ചാത്തല സംഗീതം ഉൾപ്പെടുത്തി വിഡിയോ നിർമിച്ച സ്കൂളുകൾ ഇതിന് ഉദാഹരണം.
സാങ്കേതിക തടസ്സങ്ങൾ നീക്കി പരമാവധി കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാൻ സാഹചര്യം ഒരുക്കിയശേഷമാകും ഇത്തരത്തിൽ ക്ലാസുകൾ നടത്തുക. കഴിഞ്ഞ വർഷം കുട്ടികൾ പ്രധാനമായും ടിവി ആണ് പഠനത്തിന് ഉപയോഗിച്ചത്. ത്രിതല പഞ്ചായത്തുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ കൂടുതൽ കുട്ടികൾക്ക് ടിവി ലഭ്യമാക്കാൻ കഴിഞ്ഞു. ഓൺലൈൻ ക്ലാസുകൾക്കാവശ്യമായ സൗകര്യങ്ങളും ഇങ്ങനെ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. അത് ലഭ്യമാകാത്ത കുട്ടികൾക്കായി ജില്ലയിൽ 146 പ്രാദേശിക പഠനകേന്ദ്രങ്ങൾ സജ്ജീകരിക്കും. അതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. വി.ആർ.ഷൈല (വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ)
നേരിൽ കണ്ടുള്ള പഠനം
കഴിഞ്ഞ വർഷം തങ്ങളുടെ ക്ലാസിലെ കുട്ടികളെ കാണാനോ അവരുമായി ഇടപഴകാനോ കഴിയാത്തത് അധ്യാപകരെയും അവരെ കാണാത്തത് കുട്ടികളെയും അസ്വസ്ഥരാക്കിയിരുന്നു. അതിൽനിന്നൊരു മോചനമായാണ് പല സ്കൂളുകളിലും പുതിയ രീതി പരീക്ഷിക്കുന്നത്. കുട്ടികൾ വീട്ടിലാണെങ്കിലും ഒരു സ്ക്രീനിൽ എല്ലാവരെയും ക്ലാസിൽ എന്നതുപോലെ കാണുകയും അവരോട് സംസാരിക്കുകയും അവരുടെ സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്യുന്നതിന്റെ ത്രില്ലിലാണ് അധ്യാപകരിൽ പലരും. പതിവു സ്കൂൾ ദിനങ്ങളിലെപ്പോലെ ഓരോ ക്ലാസിനും ടൈം ടേബിൾ തയാറാക്കി അതിന് അനുസരിച്ചാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ വിഷയത്തിനും 30 – 45 മിനിറ്റ് വീതമുള്ള ക്ലാസുകൾ. ക്ലാസുകളിൽ നൽകുന്ന പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കി അടുത്ത ദിവസത്തെ ക്ലാസിനു മുൻപ് അധ്യാപകർക്ക് ഫോണിൽ അയച്ചുകൊടുത്ത് വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
മാതാപിതാക്കളുടെ പങ്കാളിത്തം പ്രധാനം
ടൈംടേബിൾ അനുസരിച്ച് കൃത്യസമയത്ത് കുട്ടി ക്ലാസിൽ ചേരുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പാക്കിയാലേ ക്ലാസ് വിജയകരമാകൂ. മൊബൈൽ ഫോണുമായി ഇരിക്കുന്ന കുട്ടി ക്ലാസിൽ ശ്രദ്ധിക്കുകയാണോ അതോ മൊബൈൽ ഗെയിം കളിക്കുകയാണോ എന്ന് പരിശോധിക്കാനും മാതാപിതാക്കൾക്കേ കഴിയൂ. അധ്യാപകർക്ക് ഒരിക്കലും ഇത്തരം കാര്യങ്ങൾ ഉറപ്പാക്കാൻ കഴിയില്ല.