അപ്രോച്ച് റോഡ് ഇടിഞ്ഞു; പാലക്കളം പാലത്തിൽ നിയന്ത്രണം
Mail This Article
എടത്വ ∙ അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ കോവിൽമുക്ക് പാലക്കളം പാലത്തിന്റെ തെക്കു ഭാഗം അപ്രോച്ച് ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന് ബാരിക്കേഡ് ഉപയോഗിച്ച് പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചു. പാലത്തിന്റെ പടിഞ്ഞാറേ കരയിൽ അപ്രോച്ച് റോഡ് അര അടിയോളം താഴ്ന്നിട്ടുണ്ട്. എസി റോഡിലെ ഗതാഗത നിയന്ത്രണത്തെ തുടർന്ന് വാഹനങ്ങൾ തിരിച്ചുവിടാൻ തുടങ്ങിയതോടെ ട്രെയ്‌ലർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ സഞ്ചരിക്കുന്നതാണ് അപ്രോച്ച് റോഡ് കൂടുതൽ ഇടിഞ്ഞ് താഴാൻ കാരണം.
ഇരുചക്ര വാഹനങ്ങൾ പാലത്തിൽനിന്ന് അപ്രോച്ച് റോഡിലേക്കുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുന്നത് സ്ഥിരം സംഭവം ആയതോടെ ആണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ ബാരിക്കേഡ് വച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.ഇതോടെ ഏതു സമയത്തും പാലത്തിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണ് .സംസ്ഥാനപാതയിൽ പാലക്കളം പാലം ഉൾപ്പെടെ നാല് പാലങ്ങളുടെ അപ്രോച്ച് റോഡാണ് ഇടിഞ്ഞ് താഴുന്നത്.
തകഴി വലിയപാലം, കേളമംഗലം പാലം, ചെക്കിടിക്കാട് പറത്തറപ്പാലം, പച്ച പാലം എന്നിവിടങ്ങളിലും ഇതേ അവസ്ഥയാണ്. കുടിവെള്ള പദ്ധതിയുടെ പൈപ്പ് നന്നാക്കാൻ കുഴിയെടുത്ത സ്ഥലത്ത് നിർമിച്ച കോൺക്രീറ്റും താഴുകയാണ്. എസി റോഡ് നിർമാണം പൂർത്തിയാകുമ്പോൾ അമ്പലപ്പുഴ-എടത്വ സംസ്ഥാനപാത വീണ്ടും തകരുമോയെന്ന് എന്ന ആശങ്കയിലാണ് ജനം.