ആലപ്പുഴ മൊബിലിറ്റി ഹബ്: ടെസ്റ്റ് പൈലിങ് സെപ്റ്റംബർ ഒന്നു മുതൽ
Mail This Article
ആലപ്പുഴ ∙ നഗര മുഖഛായ മാറ്റുന്ന ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ ഒന്നാംഘട്ട നിർമാണത്തിനു മുന്നോടിയായി ടെസ്റ്റ് പൈലിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങും. വളവനാട് നിർമിക്കുന്ന താൽക്കാലിക ഗാരിജ്, വർക്‌ഷോപ് എന്നിവ ഒക്ടോബർ 20ന് അകം പൂർത്തിയായാൽ ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിലെ എല്ലാ സംവിധാനവും വളവനാട്ടേക്കു മാറ്റുകയും മൊബിലിറ്റി ഹബ് നിർമാണോദ്ഘാടനം നവംബർ ഒന്നിനു നടത്തുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ടെസ്റ്റ് പൈലിങ് ആരംഭിക്കാൻ 2 വർക്‌ഷോപ് കെട്ടിടങ്ങൾ പൊളിക്കും. മധ്യേയുള്ള റോഡ് ഒഴിപ്പിച്ചെടുക്കും.
കിഴക്കുഭാഗത്ത് താൽക്കാലികമായി നിർമിക്കുന്ന റോഡിലൂടെ സെപ്റ്റംബർ ഒന്നു മുതൽ ബസുകൾ കടത്തിവിടും. ഇതിനായി 3 മരങ്ങൾ വെട്ടണം. നഗരസഭ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്നുതന്നെ മരങ്ങൾ മുറിക്കും. കെ.സി.വേണുഗോപാൽ എംപി 6 വർഷം മുൻപ് എംപി ഫണ്ട് ചെലവഴിച്ചു നിർമിച്ച വിശ്രമകേന്ദ്രം പൊളിച്ചു മാറ്റണം. പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ ഉന്നതതല യോഗം ചേർന്ന് പുരോഗതി വിലയിരുത്തി കലണ്ടർ പ്രകാരം പദ്ധതി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എച്ച്.സലാം എംഎൽഎ, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യ രാജ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ബാബു, കൗൺസിലർ എം.ജി.സതീദേവി, കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി.പ്രദീപ്കുമാർ, ഡിടിഒ വി.അശോക് കുമാർ, ഡിപ്പോ എൻജിനീയർ ശ്യാംകൃഷ്ണൻ, നിർമാണക്കമ്പനിയായ ഇൻകെൽ ലിമിറ്റഡ് ജനറൽ മാനേജർ എം.ജി.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
നിർമാണം 129 കോടി ചെലവിൽ
കിഫ്ബിയിൽ നിന്നുള്ള 129 കോടി രൂപ മൊബിലിറ്റി ഹബ്ബിനും 2.88 കോടി വളവനാട് താൽക്കാലിക ഗാരിജിനും ചെലവഴിക്കും. 1,75,000 ചതുരശ്രഅടി വിസ്തീർണമുള്ള 4.07 ഏക്കർ സ്ഥലത്താണ് മൊബിലിറ്റി ഹബ്. ബസ് ടെർമിനലിനുമാത്രം 58,000 ചതുരശ്രഅടി വിസ്തീർണം ഉണ്ടാകും. യാത്രക്കാരെ കയറ്റാനും ഇറക്കാനും 17 സ്ഥലങ്ങൾ സജ്ജീകരിക്കും. താഴത്തെ നിലയിൽ കഫറ്റേരിയ, എസി നോൺ എസി വെയ്റ്റിങ് ലോഞ്ചുകൾ, ശുചിമുറികൾ, ഇൻഫർമേ തുടങ്ങിയവ മൊബിലിറ്റി ഹബ്ബിൽ ഉണ്ടാകും.