റൂബിക്സ് ക്യൂബിൽ അദ്വൈതിന്റെ വിസ്മയം; ഏതാനും മിനിറ്റുകൾ കൊണ്ട് ‘ലോകമേ തറവാടി’ന്റെ ലോഗോ
Mail This Article
ആലപ്പുഴ ∙ അതിവേഗം റൂബിക്സ് ക്യൂബുകൾ നിരത്തി ചിത്രങ്ങൾ തീർക്കുന്ന അദ്വൈത് ബിനാലെ ഫൗണ്ടേഷന്റെ ‘ലോകമേ തറവാട്’ കലാപ്രദർശനത്തിൽ താരമായി. കാക്കനാട് ഭവൻസ് ആദർശ് വിദ്യാലയത്തിലെ 10–ാം ക്ലാസ് വിദ്യാർഥിയാണ് അദ്വൈത് മാനഴി (15). തൃശൂരിൽ ഹാൻഡ്‌ലൂം ഷോപ് നടത്തുന്ന ഗിരീഷ് – ബിന്ധ്യ ദമ്പതികളുടെ മകൻ. കലാപ്രദർശന വേദിയിലെത്തിയ അദ്വൈത് നാനൂറോളം ക്യൂബുകൾ ഉപയോഗിച്ച് ഏതാനും മിനിറ്റുകൾ കൊണ്ട് ‘ലോകമേ തറവാടി’ന്റെ ലോഗോ നിർമിച്ചു.
7–ാം വയസ്സിൽ തുടങ്ങിയതാണ് റൂബിക്സ് ക്യൂബ് കൊണ്ടുള്ള കളി. ലോക്ഡൗൺ തുടങ്ങിയപ്പോൾ മാതാപിതാക്കളുടെ വിവാഹ ഫോട്ടോയും അനുജത്തി അവന്തികയുടെ ചിത്രവും അതിവേഗം റൂബിക്സ് ക്യൂബിൽ ഒരുക്കി. അതോടെ ആത്മവിശ്വാസമായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, സച്ചിൻ തെൻഡുൽക്കർ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, കെ.എസ്.ചിത്ര എന്നിവരുടേത് ഉൾപ്പെടെ നൂറോളം ഛായാചിത്രങ്ങൾ ചെയ്തു.
രജനീകാന്ത്, മഞ്ജു വാരിയർ, സംയുക്ത വർമ, മാധവൻ, ശോഭന തുടങ്ങിയ ചലച്ചിത്ര താരങ്ങൾ അദ്വൈത് ഒരുക്കിയ അവരുടെ ഛായാചിത്രങ്ങൾ കണ്ട് അഭിനന്ദനം അറിയിച്ചു. ക്യൂബുകൾ വേഗം ശരിയാക്കുകയും ക്യൂബുകൾ ചേർത്തുവച്ച് ചിത്രങ്ങൾ നിർമിക്കുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയിൽ പ്രശസ്തമായ 5 റെക്കോർഡുകളും അദ്വൈതിനെ തേടിയെത്തിയിട്ടുണ്ട്. വേൾഡ് ക്യൂബ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്പീഡ് ക്യൂബിങ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കണം എന്നതാണ് അദ്വൈതിന്റെ സ്വപ്നം.