ഉപകരണങ്ങൾ കിട്ടാനില്ല,കാത്ത് ലാബിന്റെ പ്രവർത്തനം നിലച്ചിട്ട് ഒന്നര മാസം; മെഡിക്കൽ കോളജ് കിടപ്പിലാണ് !
Mail This Article
അമ്പലപ്പുഴ ∙ ജില്ലയിലെ സാധാരണക്കാർ വിദഗ്ധ ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി പരാധീനതകളിൽ വലയുന്നു. പ്രവർത്തിക്കാത്ത കാത്ത് ലാബ്, യോഗം ചേരാതെ ആശുപത്രി വികസനസമിതി... പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ ഏറെയാണ്.
കാത്ത് ലാബ് പ്രവർത്തിക്കുന്നതും കാത്ത്
ആശുപത്രിയിലെ കാത്ത് ലാബിന്റെ പ്രവർത്തനം നിലച്ചിട്ട് ഒന്നര മാസം; ചികിത്സ എന്നു തുടങ്ങാനാകുമെന്നറിയാതെ ഡോക്ടർമാർ. ലാബിലെ യുപിഎസിന്റെ ബാറ്ററി കേടായതിനാലും ഉപകരണങ്ങൾ ലഭിക്കാത്തതിനാലുമാണ് ലാബിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. ദിവസവും 20 ആൻജിയോഗ്രാമും 15 – 20 ആൻജിയോപ്ലാസ്റ്റിയും ഇവിടെ നടത്തിയിരുന്നു. ഇപ്പോൾ രോഗികൾ മറ്റു മെഡിക്കൽ കോളജുകളെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കാൻ നിർബന്ധിതരായിരിക്കുന്നു.
അമേരിക്കൻ കമ്പനിയാണ് യുപിഎസ് ബാറ്ററി വിതരണം ചെയ്യേണ്ടത്. 6 ലക്ഷം രൂപയാണ് ഇതിനു ചെലവ്. 2 വർഷത്തെ അറ്റകുറ്റപ്പണിയും കമ്പനി നടത്തേണ്ടതാണ്. ബാങ്ക് ഗാരന്റി ഇനത്തിൽ 35,000 രൂപ കൂടി കമ്പനി നൽകാനുണ്ട്. ഈ തുക നൽകാൻ അവർ തയാറാകാത്തതാണ് ബാറ്ററി വിതരണം വൈകുന്നതിനു കാരണം. പ്രശ്നപരിഹാരത്തിനുള്ള സർക്കാർ ഇടപെടൽ വൈകുന്നതും പ്രതിസന്ധിയാകുന്നു.
കിട്ടാനില്ല ഉപകരണങ്ങൾ
ഹൃദയശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്റ്റെന്റ്, പേസ് മേക്കർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവയുടെ വിതരണം നിലച്ചിട്ട് ഒരു വർഷമാകുന്നു. കോവിഡ്കാലത്ത് ചെറിയ രീതിയിൽ ഉപകരണങ്ങൾ കിട്ടിയിരുന്നെങ്കിലും 2 മാസമായി അതും നിലച്ച മട്ടാണ്. കോഴിക്കോട്ടുള്ള ഏജൻസിയാണ് പ്രധാനമായും ഈ ഉപകരണങ്ങൾ നൽകിവന്നത്. ഇവർക്കു മാത്രം 9 കോടി രൂപ നൽകാനുണ്ട്. ഇൻഷുറൻസ് കമ്പനിയുമായുള്ള തർക്കം മൂലം ഏജൻസിക്കു നൽകേണ്ട തുകയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
യോഗം ചേരാൻ മടിച്ച് വികസനസമിതി
മെഡിക്കൽ കോളജ് ആശുപത്രി വികസനസമിതി യോഗം ചേർന്നിട്ട് 2 വർഷം. അവസാന യോഗത്തിൽ തീരുമാനിച്ച കാര്യങ്ങൾ പോലും ഇനിയും നടപ്പാക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. സർജിക്കൽ ഇംപ്ലാന്റ് സ്റ്റോർ, ജെ ബ്ലോക്കിലെ മുറികളിൽ പേവാർഡിനായി സൗകര്യമൊരുക്കുക തുടങ്ങിയ തീരുമാനങ്ങളാണു നടപ്പാകാതെ പോയത്. 3 വർഷത്തിനു ശേഷമാണ് 2019 ജൂലൈ 18നു യോഗം കൂടിയത്. അതിനു ശേഷം പ്രധാന കമ്മിറ്റിയായ ഫൈനാൻസ് സബ് കമ്മിറ്റിയും ഇതുവരെ ചേരാനായില്ല. വികസനസമിതിയുടെ വരവുചെലവു കണക്കുകൾ അവതരിപ്പിച്ചിട്ടുമില്ല. ഓഡിറ്റിങ്ങാകട്ടെ, പേരിനു പോലും ഉണ്ടായിട്ടില്ല.
ജീവനക്കാരുടെ ശമ്പളവർധനയടക്കമുള്ള പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. ആശുപത്രിവളപ്പിൽ പണമൊടുക്കി പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നു മോഷണവും പതിവാണ്. ആശുപത്രിയുടെ വിവരങ്ങളറിയാൻ ഇൻഫർമേഷൻ സെന്ററിൽ സ്ഥാപിച്ച 2281000 എന്ന ഫോൺ നമ്പറും 2 വർഷം മുൻപ് നിലച്ചു. അതേസമയം, കോവിഡ് കാലമായതിനാലാണ് വികസനസമിതി യോഗം നടക്കാതെ പോയതെന്നും കലക്ടറുമായി ആലോചിച്ച് വൈകാതെ യോഗം ചേരാൻ തീരുമാനിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ പറഞ്ഞു.