ദീപുവിന് ‘ഡബിൾ സ്ട്രോങ്’ സഹായം; ശരീരത്തിന്റെ പാതി തളർന്ന ദീപുവിന്റെ ബലമാണ് സൂരജും സംഗീതും...
Mail This Article
ചേർത്തല ∙ ശരീരത്തിന്റെ പാതി തളർന്ന ദീപുവിന്റെ ബലമാണ് സൂരജും സംഗീതും. ഇടുക്കിയിൽനിന്ന് എത്തി ചേർത്തലയിൽ താമസമാക്കിയ ദീപുവിന് ദിനചര്യകളിൽ ഉൾപ്പെടെ പരസഹായം വേണം. സൂരജും സംഗീതുമാണ് ആ സഹായം. നെടുങ്കണ്ടം ആമ്പശേരി എ.സി.ദീപുവിന് (39) 20ാം വയസ്സിലാണ് മസ്കുലർ ഡിസ്ട്രോഫി അസുഖം ബാധിച്ചത്. 23ാം വയസ്സു മുതൽ അതു ഗുരുതരമായി. പിന്നീട് ജീവിതം പാലായിലെ അഗതിമന്ദിരത്തിൽ ആയിരുന്നു. അവിടെ വച്ചു ചേർത്തല സ്വദേശിയെ പരിചയപ്പെട്ടിരുന്നു. ജോലി ചെയ്തു ജീവിക്കാനുള്ള ആഗ്രഹവുമായി ചേർത്തലയിലെത്തുന്നത് അങ്ങനെയാണ്.
റെയിൽവേ സ്റ്റേഷനു സമീപം വാടകയ്ക്കു താമസിച്ച്, ഭാഗ്യക്കുറി വിറ്റാണ് ഉപജീവനം നടത്തുന്നത്. സുഹൃത്തുക്കളാണ് അന്നു സഹായിച്ചിരുന്നത്. ചേർത്തല ഹോളിഫാമിലി സ്കൂളിൽ 8ാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽനിന്നു സ്കൂളിലേക്കുള്ള പതിവു യാത്രയ്ക്കിടെയാണ് ചേർത്തല നിവർത്തിൽ സൂരജ് സേതുവും മഠത്തിപ്പറമ്പിൽ സംഗീത് സജീവും ദീപുവിനെ പരിചയപ്പെടുന്നത്. കൂടുതൽ അടുത്തതോടെ സഹായിക്കാൻ തുടങ്ങി. രാവിലെ വീട്ടിലെത്തി ഇവർ ദീപുവിനെ ദിനചര്യകളിലും വസ്ത്രം കഴുകാനും സഹായിച്ച ശേഷം മുച്ചക്ര സ്കൂട്ടറിൽ ഇരുത്തും.
ഭാഗ്യക്കുറി വിൽപനയ്ക്കായി ദീപു റെയിൽവേ സ്റ്റേഷൻ പരിസരത്തേക്കും സൂരജും സംഗീതും അവരുടെ പഠനകാര്യങ്ങൾക്കും പോകും. വൈകിട്ട് ദീപുവിനെ വീട്ടിലേക്കു കയറ്റാൻ സഹായിക്കാനെത്തും. വർഷങ്ങളായി ഇതു തുടരുന്നു. സൂരജിനോ, സംഗീതിനോ അസൗകര്യം വന്നാൽ സഹായിക്കാൻ സുഹൃത്തുക്കളെ ക്രമീകരിച്ചുനൽകും. ഇരുവരും പ്ലസ് ടു പഠനം പൂർത്തിയാക്കി ഇപ്പോൾ. രക്തബന്ധങ്ങൾ പോലും മാറിനിൽക്കുന്ന കാലത്ത് സഹജീവിക്കുവേണ്ടി സേവനം ചെയ്യുന്ന യുവാക്കൾ നാട്ടിലും ചർച്ചയാണ്.