ലയാമ്മ തളരില്ല, തണലില്ലെങ്കിലും; ഉപജീവനം കുടംപുളി ശേഖരിച്ച് ഉണക്കി വിറ്റ്
Mail This Article
എടത്വ ∙ കൗതുകത്തിന്റെ പുറത്തല്ല, ജീവിക്കാനായാണ് എൺപത്തിരണ്ടാം വയസ്സിലും തലവടി വാടയ്ക്കൽ പുത്തൻപറമ്പിൽ ലയാമ്മ സ്കറിയ ജോലിയെടുക്കുന്നത്. കുടംപുളി ശേഖരിച്ച് ഉണക്കി വിറ്റാണ് ഉപജീവനം. പതിനഞ്ചു വർഷത്തിലേറയായി ഒറ്റയ്ക്കാണു താമസം. തകർന്ന പഴയ വീട്ടിൽ ആകെ കൂട്ട് കാക്കകളും പൂച്ചകളും നായ്ക്കളും. ഒന്നും സ്വന്തമായി വളർത്തുന്നതല്ല. എങ്കിലും മൂന്നു നേരം ഭക്ഷണം കഴിക്കാൻ ഇവയെത്തും. ഇവയ്ക്കു ഭക്ഷണം കൊടുത്ത ശേഷമേ ലയാമ്മ ആഹാരം കഴിക്കുകയുള്ളൂ.
എവിടെപ്പോയാലും കാക്കകളും പുറകേയെത്തും. അവർക്കു വേണ്ടി ബണ്ണുകൾ വാങ്ങി മതിലിൽ വയ്ക്കും. ഇന്ദിരാഗാന്ധി ആലപ്പുഴയിൽ എത്തിയപ്പോൾ കാണാൻ പോയി. അവർക്ക് മാലയിട്ടു കൊടുത്തു, അവരോടൊപ്പം നടന്നു. അതാണ് ഇന്നും മനസ്സിൽ കൊണ്ടു നടക്കുന്ന ഏക രാഷ്ട്രീയ പ്രവർത്തനം. പരാതികളുണ്ട്. എങ്കിലും ജീവിക്കാൻ പണിയെടുക്കണമല്ലോ എന്നു പറഞ്ഞു സ്വയം ആശ്വസിക്കുകയാണ് ലായമ്മ.