അശാസ്ത്രീയ ഓട നിർമാണം ; റോഡിലാകെ വെള്ളക്കെട്ട്
Mail This Article
വള്ളികുന്നം ∙ അശാസ്ത്രീയമായ ഓട നിർമാണം മൂലം ഓച്ചിറ – ചൂനാട് റോഡിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല. പുനർനിർമിച്ചതിനു ശേഷമാണ് റോഡിന്റെ പല ഭാഗത്തും വെള്ളക്കെട്ടു രൂപപ്പെട്ടത്. ഇതോടെ റോഡിന്റെ വശങ്ങളിലെ വ്യാപാരികളും വീട്ടുകാരും ദുരിതത്തിലായി. വെള്ളം ഒഴുകിപ്പോകാനുള്ള ഓട റോഡിന്റെ പല ഭാഗത്തുമില്ല. ശക്തമായ മഴയുള്ള സമയങ്ങളിൽ വെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്കു കയറുന്നു.
സാധനങ്ങൾ വെള്ളംകയറി നശിക്കുന്ന അവസ്ഥയാണെന്നു വ്യാപാരികൾ പറയുന്നു. സാധനം വാങ്ങാനെത്തുന്നവർക്കും യാത്രക്കാർക്കും വെള്ളക്കെട്ട് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. പഴയ ഓടകളും കലുങ്കുകളും നികത്തിയാണ് റോഡ് നിർമാണം നടത്തിയത്. എന്നാൽ, റോഡ് പുനരുദ്ധരിച്ചപ്പോൾ കുറച്ചു ഭാഗങ്ങളിലേ ഓട നിർമിച്ചുള്ളൂ. ഇതു റോഡിൽ നിന്ന് ഉയർന്നതിനാൽ വെള്ളം ഒഴുകിമാറുന്നില്ല. പലതവണ അധികൃതർക്കു പരാതി നൽകിയെങ്കിലും നടപടിയില്ലെന്നു നാട്ടുകാർ പറയുന്നു. ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.