ADVERTISEMENT

കുട്ടനാട്ടിൽ ഇപ്പോഴും വെള്ളപൊക്കമാണ്. പക്ഷേ, വെള്ളത്തെ പേടിച്ചിരിക്കാൻ അവർക്കു നേരമില്ല എന്നതാണ് സത്യം. ഏതു വെള്ളപ്പൊക്കത്തെയും അതിജീവിക്കാനുള്ള മനസ്, അതാണ് കുട്ടനാട്ടുകാരനിലെ തീക്കനൽ. ഇത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ കൈനകരി പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ, പി.സി. ജോസഫ്. 1979 ലാണ് കൈനകരി പോസ്റ്റ് ഓഫീസിൽ പി.സി. ജോസഫ് ജോലിക്കായി കയറുന്നത്. കഴിഞ്ഞ നാൽപ്പത്തിമൂന്നു വർഷങ്ങളായി കൈനകരി എന്ന ഗ്രാമത്തിലെ മുഴുവൻ പ്രദേശങ്ങൾക്കും എഴുത്തുമായി സഞ്ചരിച്ചതിലെ ചാരിതാർഥ്യത്തിലാണ് പി.സി. ജോസഫ്. നാട്ടുകാർ ഇദ്ദേഹത്തെ വിളിക്കുന്ന ഓമനപ്പേര് പി.സി. എന്നാണ്.

കുട്ടനാടിന്റെ ഹൃദയം അറിയുന്ന പോസ്റ്റുമാനാണ് പി.സി. അതുകൊണ്ട് തന്നെ ഏതു വെള്ളപ്പൊക്കത്തെയും അതിജീവിച്ചു വീടുകളിൽ എഴുത്തുകളും പാർസലുകളും എത്തിക്കാനും പി.സി. മുൻപന്തിയിലാണ്. സഞ്ചരിക്കാൻ പോലും പാടേറിയ കുട്ടനാട്ടിലെ വഴികളിൽ നീന്തിയെത്തിയും, വള്ളത്തിൽ പോയി എഴുത്തുകൊടുത്തും തന്റെ ദൗത്യം തുടരുകയാണ് പി.സി. ജോസഫ്. തന്റെ അറുപത്തിനാലാം വയസിലും ഗ്രാമസേവക് എന്ന തപാൽ സേവനം പി.സി.തുടരുകയാണ്.

വർഷങ്ങൾക്ക് മുൻപ് ജോലിയിൽ പ്രവേശിച്ചപ്പോൾ, ഗ്രാമസേവക് (E .D - extra department) എന്ന വിഭാഗത്തിലായിരുന്നു. ജോലിക്കയറ്റത്തിനായി നിരവധി തവണ പരീക്ഷകളിലൂടെ ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ഇനി വിരമിക്കാൻ അധികനാളുകൾ ഇല്ലെങ്കിലും മഴയെയും വെള്ളത്തെയും പേടിച്ച് ഗ്രാമത്തിലെ ജനങ്ങളെ മറന്നുകളയാൻ പി.സി. ഒരുക്കമല്ല. ഏതു പെരുവെള്ളം വന്നാലും വെള്ളത്തിൽ നീന്തി എഴുത്തു വീട്ടിൽ എത്തിക്കാൻ പി.സി. ചേട്ടൻ ഉണ്ടാകും.

നാട്ടുകാരുടെ ഏതു പ്രയാസത്തിലും ആദ്യം ഓടിയെത്തുന്ന വ്യക്തിയായി ഇക്കാലമത്രയുംകൊണ്ട് പി.സി. ജോസഫ് മാറി കഴിഞ്ഞിരിക്കുന്നു. വർഷങ്ങളായി ഗ്രാമത്തിലെ ജനങ്ങളുടെ ഓർമകളിൽ, അവരുടെ സന്തോഷത്തിൽ, ദുഃഖത്തിൽ - പങ്കാളിയായി പി.സി. സ്ഥാനം പിടിച്ച് കഴിഞ്ഞിരിക്കുന്നു. ഗ്രാമത്തിലെ മുഴുവൻ വീടുകളെയും വീട്ടുകാരെയും അറിയുന്ന, കൃത്യമായ മേൽവിലാസം തിരക്കിയറിയാൻ സാധിക്കുന്ന ഒരു റിസോർസ് പേഴ്സൺ കൂടിയാണ് തപാൽ വകുപ്പിന് പി.സി. ജോസഫ് എന്ന ഈ ഗ്രാമസേവകൻ. കയ്യിലെ എഴുത്തുകൾ നിറഞ്ഞ ഫയൽ എന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന പി.സി. തപാൽ വകുപ്പിനെ എന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഗ്രാമസേവകൻ കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com