വേലിയേറ്റം ശക്തം; കൃഷിക്കാർക്ക് ആശങ്ക
Mail This Article
കുട്ടനാട് ∙ ശക്തമായ വേലിയേറ്റം തുടരുന്നത് കുട്ടനാട്ടിലെ പുഞ്ചക്കൃഷിയെ സാരമായി ബാധിക്കുന്നു. 2 ദിവസമായി പുലർച്ചെയുണ്ടാകുന്ന അതിശക്തമായ വേലിയേറ്റത്തിൽ ഒരടിയിലേറെ ജലനിരപ്പ് ഉയരുന്നുണ്ട്. വൈകുന്നേരം ഇതു താഴുകയും ചെയ്യും. ശക്തമായ വേലിയേറ്റവും വേലിയിറക്കവും കാരണം, ദുർബലമായ പുറംബണ്ടുകൾ തകർന്ന് മടവീഴ്ചയുണ്ടാകാനുള്ള സാധ്യത വർധിക്കുന്നതാണ് കർഷകരെ ദുരിതത്തിലാക്കുന്നത്. ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നതിനാൽ പല പാടശേഖരങ്ങളിലും പുഞ്ചക്കൃഷിക്കായുള്ള പമ്പിങ് പുനരാരംഭിക്കാനും സാധിച്ചിട്ടില്ല.
മടവീഴ്ച മൂലം കൃഷി വൈകിയ ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ പെരുമാനിക്കരി വടക്കേതൊള്ളായിരം പാടശേഖരത്തിൽ മടകുത്തി കഴിഞ്ഞ ദിവസം പമ്പിങ് ആരംഭിച്ചെങ്കിലും പുറംബണ്ടുകൾ കവിഞ്ഞൊഴുകുന്നതിനാൽ വെള്ളം വറ്റിക്കാൻ പറ്റാത്ത സ്ഥിതിയാണ്. എസി റോഡിൽ പള്ളിക്കൂട്ടുമ്മ മുതൽ ഒന്നാംകര വരെയുള്ള ഭാഗത്തുകൂടി എസി കനാലിൽനിന്നു വെള്ളം കവിഞ്ഞു പാടശേഖരത്തിലേക്കു കയറുന്നതാണു പ്രതിസന്ധിയാകുന്നത്. എസി റോഡ് വഴിയുള്ള വെള്ളം കവിഞ്ഞു കയറുന്നതു തടയാൻ പമ്പിങ് കോൺട്രാക്ടറുടെ നേതൃത്വത്തിൽ ഇന്നലെ മണൽച്ചാക്കുകൾ അടുക്കി. റോഡിന്റെ തെക്ക് വശത്തു മണൽച്ചാക്കുകൾ അടുക്കിയിരിക്കുന്നതിനാൽ പാടശേഖരത്തിൽ പമ്പിങ് നടക്കുമ്പോൾ റോഡിലെ വെള്ളക്കെട്ട് ഒഴിയാനുള്ള സാധ്യതയും വർധിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിയാത്തതു വാഹനയാത്രികരെ ദുരിതത്തിലാക്കിയിരുന്നു.
‘തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ താഴ്ത്തണം’
കുട്ടനാട് ∙ മഴ മൂലമുള്ള ജലനിരപ്പു താഴ്ന്നിട്ടും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ താഴ്ത്താതെ കൃത്രിമ വെള്ളപ്പൊക്കം സൃഷ്ടിച്ച് കുട്ടനാടിനെ തകർക്കുന്ന നടപടി ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നു കേരള യൂത്ത് ഫ്രണ്ട്.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ താഴ്ത്തി വേലിയേറ്റം തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾക്കു രൂപം നൽകുമെന്നു യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട്, നിയോജക മണ്ഡലം പ്രസിഡന്റ് സുജ ട്രീസ ബേബി എന്നിവർ അറിയിച്ചു.
കുട്ടനാട് ∙ അതിശക്തമായ വൃശ്ചിക വേലിയേറ്റത്തിൽ പാടശേഖരങ്ങളിൽ മടവീഴ്ചയ്ക്കു സാധ്യതയേറെയായതിനാൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ മുഴുവനും അടച്ചിടണമെന്നു കോൺഗ്രസ് നോർത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ് കലക്ടറോട് ആവശ്യപ്പെട്ടു.