ഇത് എംഎൽഎയുടെ ഉറപ്പ്; ജല വിതരണം പുനഃസ്ഥാപിക്കും
Mail This Article
മാവേലിക്കര ∙ റോഡ് നവീകരണത്തിനു കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടി ഇറവങ്കരയിൽ 21 ദിവസമായി ശുദ്ധജല വിതരണം മുടങ്ങിയ സംഭവത്തിൽ എം.എസ്.അരുൺകുമാർ എംഎൽഎ ഇടപെട്ടു, പ്രശ്നപരിഹാരത്തിനായി പൈപ്പ് പുനഃസ്ഥാപിക്കാനുള്ള ജോലികൾ ഇന്ന് തുടങ്ങും. ശുദ്ധജലത്തിന്റെ അഭാവത്തിൽ ഇറവങ്കര നിവാസികളുടെ ദുരിതം മലയാള മനോരമ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. എം.എസ്.അരുൺകുമാർ എംഎൽഎ കെഎസ്ടിപി, ജലഅതോറിറ്റി അധികൃതർ, കരാറുകാർ എന്നിവരെ ഫോണിൽ വിളിച്ചു സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു.
സ്ഥലത്തെത്തിയ കെഎസ്ടിപി അസി.എക്സിക്യുട്ടീവ് എൻജിനീയർ എം.എസ്.ശ്രീജ, അസി.എൻജിനീയർ അപർണ, ജലഅതോറിറ്റി അസി.എൻജിനീയർ ജി.ജോളിക്കുട്ടി, ഓവർസിയർ സേതുനാഥ്, റോഡ് നവീകരണത്തിനു കരാർ ഏറ്റെടുത്ത സ്വകാര്യ കംബനിയുടെ പ്രതിനിധികൾ എന്നിവരുമായി എംഎൽഎ ചർച്ച നടത്തി. പ്രശ്ന പരിഹാരത്തിനു വേണ്ട ക്രമീകരണങ്ങൾ കരാറുകാരൻ ചെയ്യുമെന്നും ജലഅതോറിറ്റി മേൽനോട്ടം വഹിക്കണമെന്നും തീരുമാനമായി.
പൈപ്പുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള പുതിയ വാൽവുകളും മറ്റും ഇന്നു സ്ഥലത്തെത്തിച്ചു തകരാർ വൈകുന്നേരത്തോടെ പരിഹരിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. ഇറവങ്കര ഭാഗത്തു നിലവിലുള്ള ആസ്ബറ്റോസ് പൈപ്പുകൾ മാറ്റി പിവിസി പൈപ്പുകൾ സ്ഥാപിക്കുന്നതിനു ജലഅതോറിറ്റി അധികൃതർ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. തട്ടാരമ്പലം–തഴക്കര–പൈനുംമൂട്–മാങ്കാംകുഴി റോഡ് നവീകരണത്തിന്റെ ഭാഗമായി കലുങ്ക് നിർമാണത്തിനായി കുഴിയെടുത്തപ്പോഴാണു പൈപ്പ് പൊട്ടിയത്.
പമ്പിങ് പുനരാരംഭിച്ചില്ല, തകരാർ പരിഹരിച്ചാലും വെള്ളമെത്തുന്നതു വൈകും. ഇറവങ്കരയിലെ പൈപ്പിന്റെ തകരാർ ഇന്ന പരിഹരിച്ചാലും ജലവിതരണം സാധാരണ നിലയിലാകാൻ 2 ദിവസം കൂടി വൈകുമെന്നാണു ജലഅതോറിറ്റി അധികൃതർ നൽകുന്ന സൂചന. അച്ചൻകോവിലാറ്റിലെ കലക്കൽ മൂലം കല്ലിമേൽ പമ്പ് ഹൗസിലെ നിർത്തിവച്ച പമ്പിങ് നാളെ മാത്രമേ പുനരാരംഭിക്കാൻ സാധിക്കൂവെന്നാണു സൂചന.
ഇന്നലെ പമ്പിങ് നടത്താൻ അധികൃതർ പരിശ്രമം നടത്തിയെങ്കിലും ശുദ്ധീകരിച്ചു നീക്കം ചെയ്യാവുന്നതിന്റെ പരിധിക്കപ്പുറമായി ചെളി വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ നാളെ പമ്പിങ് ആരംഭിച്ചു ടാങ്ക് വൃത്തിയാക്കുകയും പൈപ്പിന്റെ വാൽവുകൾ തുറന്നു ചെളിവെള്ളം നീക്കുകയും ചെയ്യും. ഇതിനു ശേഷം മാത്രമേ വിതരണം സാധാരണഗതിയിലേക്ക് എത്തുകയുള്ളൂവെന്നു ജലഅതോറിറ്റി അധികൃതർ വ്യക്തമാക്കി.