ADVERTISEMENT

മാനാപ്പുഴ ∙ കൈവരികൾ തകർന്ന്, കോൺക്രീറ്റിലെ കമ്പികൾ തെളിഞ്ഞു നിൽക്കുന്ന 40 വർഷം പഴക്കമുള്ള മാനാപ്പുഴ പാലം പ്രദേശവാസികളുടെ നൊമ്പരമാണ്. പുതിയ പാലം നിർമിക്കാൻ ഫണ്ട് അനുവദിച്ച് 1980ൽ അന്നത്തെ മന്ത്രി കെ.ആർ.ഗൗരിയമ്മയാണു പാലത്തിനു തറക്കല്ലിട്ടത്. അന്നത്തെ എംഎൽഎ എസ്.ഗോവിന്ദക്കുറുപ്പിന്റെ ശ്രമഫലമായി കുറ്റുവേലി വയൽ പാലം എന്ന പേരിലാണു ടിഎ കനാലിനു കുറുകെ പാലം നിർമിച്ചത്. കാലപ്പഴക്കം മൂലം പാലത്തിന്റെ കൈവരികൾ പോലും തകർന്നിരിക്കുകയാണ്. പാലത്തിന്റെ കോൺക്രീറ്റ് പലയിടങ്ങളിലും ഇളകി മാറി കമ്പികൾ തെളിഞ്ഞിട്ടുണ്ട്.

പാലത്തിൽ കൂടി ഭാരമുള്ള വാഹനങ്ങൾ കടന്നു പോകുന്നതു അപകടകരമാണെന്നു സൂചിപ്പിക്കുന്ന ബോർഡ് നാട്ടുകാർ റോഡ‍ിന്റെ തുടക്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്. പാലത്തിനോടു ചേർന്നു ടിഎ കനാലിന്റെ സംരക്ഷണഭിത്തി ഇരുവശങ്ങളിലും ഇളകി തോട്ടിലേക്ക് വീണു തുടങ്ങിയിട്ടുണ്ട്. പാലത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ ആർ.രാജേഷ് തന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും 42.6 ലക്ഷം രൂപ പാലം പുനർനിർമാണത്തിനായി അനുവദിച്ചിരുന്നു. 9.5 മീറ്റർ നീളത്തിലും 6.3 മീറ്റർ വീതിയിലുമാണു പുതിയ പാലം നിർമിക്കുന്നത്.

ഫണ്ട് അനുവദിച്ചു കരാർ നൽകിയിട്ടും പാലം പുനർനിർമാണം തുടങ്ങിയില്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം. നിലവിലെ പാലം തകർന്നു അപകടം ഉണ്ടാകും മുൻപു പുതിയ പാലം നിർമിക്കണമെന്ന ആവശ്യമാണു ശക്തമാകുന്നത്. കരാർ നൽകിയ സമയത്തു വെള്ളപ്പൊക്കം മൂലം നിലവിലെ പാലം പൊളിക്കാൻ ബുദ്ധിമുട്ടായതിനാലാണു നിർമാണം വൈകിയതെന്നും ഉടൻ പാലം നിർമാണം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

തകർന്ന റോഡിനും വേണം ശാപമോക്ഷം

പുന്നമ്മൂട് ചന്തയിൽ നിന്നും മാനാപ്പുഴ പാലത്തിനു സമീപത്തേക്കെത്തുന്ന റോഡ് കിലോമീറ്ററുകളോളം ദൂരത്തിൽ തകർന്നു കിടക്കുകയാണ്. പാലം നിർമാണത്തിനൊപ്പം റോഡും നവീകരിക്കണം. റോഡ് തകർന്നു കിടക്കുന്നതിനാൽ ഇതുവഴിയുള്ള സഞ്ചാരവും ബുദ്ധിമുട്ടിലാണ്. ടിഎ കനാലിന്റെ കരയിലൂടെയുള്ള റോഡിനു വീതിയില്ലാത്തതിനാൽ ഇരുദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടാണ്. റോഡ് നവീകരണത്തിനൊപ്പം തോടിന്റെ സംരക്ഷണ ഭിത്തികളും ബലപ്പെടുത്തി അപകടരഹിതമാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com