ആർടിപിസിആർ പരിശോധന; നഗരസഭ സ്ഥലം കണ്ടെത്തും
Mail This Article
ചെങ്ങന്നൂർ ∙ ജില്ലാ ആശുപത്രിയുടെ ചുമതലയിൽ ആർടിപിസിആർ പരിശോധനയ്ക്കു സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നു നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ്. കഴിഞ്ഞ 2 മാസമായി സൗജന്യ ആർടിപിസിആർ പരിശോധന നിലച്ചെന്നു കാട്ടി മലയാളമനോരമ പ്രസിദ്ധീകരിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു അവർ.
എത്രയും വേഗം സ്ഥലം കണ്ടെത്തുമെന്നും അടഞ്ഞു കിടക്കുന്ന ഗവ.റിലീഫ് എൽപിഎസിൽ പരിശോധനാ സൗകര്യം ഒരുക്കാൻ ശ്രമിച്ചെങ്കിലും കിയോസ്ക് സ്ഥാപിക്കുന്നതിനുൾപ്പെടെ അസൗകര്യങ്ങൾ ഉള്ളതിനാൽ ആശുപത്രി അധികൃതർ നിരസിച്ചതായി നഗരസഭാധ്യക്ഷ പറഞ്ഞു. മുൻപു പരിശോധന നടത്തിയിരുന്ന എൻജിനീയറിങ് കോളജിൽ വിദ്യാർഥികളെത്താത്ത സാഹചര്യത്തിൽ വീണ്ടും പരിശോധനയ്ക്കു സൗകര്യം നൽകണമെന്നു കാട്ടി പ്രിൻസിപ്പലിനു കത്തു നൽകിയതായും മറിയാമ്മ പറഞ്ഞു.
പരാതി നൽകി
കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ചെങ്ങന്നൂരിൽ സൗജന്യ ആർടിപിസിആർ ടെസ്റ്റ് നടത്താനുള്ള കേന്ദ്രം ജില്ലാ കലക്ടർ ഏറ്റെടുത്തു നൽകണമെന്നാവശ്യപ്പെട്ട് മുൻ നഗരസഭാ ചെയർമാൻ കെ. ഷിബുരാജൻ ആരോഗ്യ വകുപ്പ് മന്ത്രി, ഡിഎംഒ, ജില്ലാ കലക്ടർ എന്നിവർക്കു പരാതി നൽകി. ജില്ലാ മെഡിക്കൽ ഓഫിസർ ആവശ്യത്തിനു ജീവനക്കാരെ ലഭ്യമാക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്നും നേരത്തെ കോവിഡ് ബ്രിഗേഡ് ടീമിൽ നിന്നും ജീവനക്കാരെ ലഭ്യമാക്കിയ രീതിയിൽ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.
നഗരസഭാ പ്രദേശത്തും സമീപത്തെ പഞ്ചായത്തുകളിലുമുള്ളവർ മാവേലിക്കരയിലേയും തിരുവല്ലയിലെയും സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർ രോഗലക്ഷണങ്ങൾ കണ്ടാലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം സ്വകാര്യ ലാബുകളെ ആശ്രയിക്കാൻ മടിക്കുന്നെന്നും കത്തിൽ ചൂണ്ടിക്കാട്ടി.