ADVERTISEMENT

മാന്നാർ  ∙ കോൺഗ്രസിന്റെ പിന്തുണയോടെ ചെന്നിത്തല – തൃപ്പെരുന്തുറ പഞ്ചായത്തിൽ സിപിഎം അംഗം വീണ്ടും പ്രസിഡന്റായി. ഇത്തവണ രാജിവയ്ക്കില്ലെന്ന് സിപിഎം നേതൃത്വം. വിജയമ്മ ഫിലേന്ദ്രനാണ് ഈ ഭരണസമിതിയിൽ മൂന്നാമതും പ്രസിഡന്റായത്. ഒന്നര വർഷത്തിനുള്ളിൽ നാലാം തവണയാണു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. സിപിഎമ്മിനും ബിജെപിക്കും മാത്രമേ ഈ വിഭാഗത്തിൽനിന്ന് അംഗങ്ങളുള്ളൂ. ഒരു കക്ഷിക്കും ഇവിടെ ഭൂരിപക്ഷമില്ല.

വിജയമ്മ ഫിലേന്ദ്രൻ.

18 അംഗ ഭരണ സമിതിയിൽ എൽഡിഎഫിനും കോൺഗ്രസിനും ബിജെപിക്കും 6 അംഗങ്ങൾ വീതമുണ്ട്. ഇന്നലത്തെ വോട്ടെടുപ്പിൽ 17 അംഗങ്ങൾ പങ്കെടുത്തു. വിജയമ്മയ്ക്ക് 11 വോട്ടും ബിജെപിയിലെ മുൻ പ്രസിഡന്റ് ബിന്ദു പ്രദീപിന് 6 വോട്ടും ലഭിച്ചു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് അംഗം ബിനി സുനിൽ വോട്ട് ചെയ്തില്ല. മുൻപ് രണ്ടുതവണ കോൺഗ്രസ് പിന്തുണയോടെ വിജയമ്മ പ്രസിഡന്റായെങ്കിലും സിപിഎം നേതൃത്വത്തിന്റെ നിർദേശ പ്രകാരം രാജിവച്ചു.

കഴിഞ്ഞ തവണ കോൺഗ്രസ് അംഗങ്ങൾ വിട്ടു നിൽക്കുകയും ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവാകുകയും ചെയ്തതോടെ കോൺഗ്രസ് വിമതന്റെ (ഇപ്പോൾ കേരള കോൺഗ്രസ് – എം) പിന്തുണയോടെ ബിജെപിയിലെ ബിന്ദു പ്രദീപ് പ്രസിഡന്റായിരുന്നു. പിന്നീട് അവിശ്വാസത്തിലൂടെ പുറത്തായി. കോൺഗ്രസ് പിന്തുണയോടെ അധികാരം വേണ്ടെന്ന സിപിഎം നിലപാടിന്റെ പേരിലാണ് മുൻപ് രണ്ടുതവണ വിജയമ്മയെ പാർട്ടി നേതൃത്വം രാജിവയ്പിച്ചത്.

എന്നാൽ, ഇനിയും അതേ നിലപാട് തുടർന്നാൽ ഭരണ പ്രതിസന്ധിയുണ്ടാകുമെന്നതും നേതൃത്വം ഇപ്പോൾ പരിഗണിക്കുന്നു. ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റുക മാത്രമാണു ലക്ഷ്യമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. പാർട്ടിക്ക് പട്ടികജാതി വനിതാ അംഗമില്ലാത്തതിനാൽ സിപിഎമ്മിനെ പിന്തുണയ്ക്കുകയേ നിർവാഹമുള്ളൂ എന്ന സാഹചര്യവുമുണ്ടായി.

കുഴഞ്ഞുമറിഞ്ഞ് തിരഞ്ഞെടുപ്പ്

∙ 2021ലെ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും ഭൂരിപക്ഷം കിട്ടിയില്ല. കോൺഗ്രസ് – 6, ബിജെപി – 6, എൽഡിഎഫ് – 5, സ്വതന്ത്രൻ – 1 എന്നതായിരുന്നു കക്ഷിനില. രണ്ടു തവണ കോൺഗ്രസ് പിന്തുണയിൽ സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രൻ പ്രസിഡന്റായി. സിപിഎം നിർദേശ പ്രകാരം രണ്ടു തവണയും വിജയമ്മ രാജി വച്ചു.
∙ മൂന്നാം തവണ കോൺഗ്രസ് സിപിഎമ്മിനെ പിന്തുണച്ചില്ല. 6 കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. അന്ന് സിപിഎം അംഗം അജിത ദേവരാജന്റെ വോട്ട് അസാധുവായി. അന്നു സ്വതന്ത്ര അംഗമായിരുന്ന ദീപു പടകത്തിലിന്റെ വോട്ടും നേടി ബിന്ദു പ്രദീപ് പ്രസിഡന്റായി.

∙ ബിന്ദു പ്രസിഡന്റായി ഒരു വർഷമായപ്പോൾ മേയ് 20ന് സിപിഎം കൊണ്ടുവന്ന അവിശ്വാസത്തെ കോൺഗ്രസ് പിന്തുണച്ചതോടെ ബിന്ദു സ്ഥാനമൊഴിഞ്ഞു  സ്വതന്ത്ര അംഗം ദീപു പടകത്തിൽ ഇതിനിടയിൽ കേരള കോൺഗ്രസ് (എം) വഴി എൽഡിഎഫിൽ എത്തിയിരുന്നു. എൽഡിഎഫിനും 6 അംഗങ്ങളായി.
∙ ഇന്നലെ നടന്ന നാലാം വോട്ടെടുപ്പിൽ വിജയമ്മ മൂന്നാമതും പ്രസിഡന്റായി.

വോട്ടെടുപ്പിൽ കല്ലുകടി

വോട്ടിങ്ങിനുള്ള ബാലറ്റ് തയാറാക്കിയപ്പോൾ വിജയമ്മ ഫിലേന്ദ്രന്റെ പേര് ആദ്യം എഴുതിയത് തർക്കത്തിന് ഇടയാക്കി. ബിജെപി അംഗം ജി.ജയദേവ് എതിർത്തതോടെ അക്ഷരമാല ക്രമത്തിൽ ബിന്ദു പ്രദീപിന്റെ പേര് ആദ്യമെഴുതി ബാലറ്റ് തയാറാക്കി. അര മണിക്കൂറിനുള്ളിൽ വോട്ടെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com