ADVERTISEMENT

കോവിഡ് കാലത്ത് കോളജുകൾക്ക് പൂട്ട് വീണതും ഓഫിസുകൾ വീടുകളിലേക്ക് ഒതുങ്ങിയതും രക്തദാന ക്യാംപുകൾ ഇല്ലാതാകാൻ കാരണമായി. ഇത് രക്തദാതാക്കളുടെ എണ്ണത്തിൽ കുറവുണ്ടാക്കി എന്ന് രക്തദാന സംഘടനകൾ പറയുന്നു. കേരള വൊളന്ററി ബ്ലഡ് ഡോണേഴ്സ് ഫോറം കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ജില്ലയിൽ നടത്തിയത് രണ്ട് ക്യാംപുകൾ മാത്രം. ഗ്രാമപ്രദേശങ്ങളിൽ ക്യാംപ് നടത്തിയിട്ടില്ല. എങ്കിലും ആലപ്പുഴയുടെ ‘രക്തയോട്ടം’ നിലച്ചില്ല. രക്തം ലഭിക്കാത്ത ഒരു കേസുപോലും മെഡിക്കൽ കോളജിൽ ഉണ്ടായിട്ടില്ലെന്ന് ട്രാൻസ്ഫ്യൂഷൻ വിഭാഗം മേധാവി ഡോ.ഡി.മീന പറഞ്ഞു. ഇന്നാണ് ലോക രക്തദാതാക്കളുടെ ദിനം.

രക്തം നൽകാൻ ഭയം !

കോവിഡ് കാരണം രക്തദാതാക്കൾ കുറയാൻ പ്രധാന കാരണം ഭയമാണെന്ന് കേരള വോളന്ററി ബ്ലഡ് ഡോണർ ഫോറം സംസ്ഥാന പ്രസിഡന്റ് എം. മുഹമ്മദ് കോയ പറഞ്ഞു. രക്തദാനം കോവിഡിനു കാരണമാകുമോ എന്ന ഭയം ജനങ്ങളിൽ ഉണ്ടായി. ആശുപത്രികളിൽ മാത്രമായി രക്തദാനം ഒതുങ്ങി. ആശുപത്രി വരവ് കോവിഡിനു കാരണമാകുമോ എന്ന ഭയവും രക്തത്തിന്റെ ലഭ്യതയെ ബാധിച്ചു. ക്യാംപുകളിലൂടെയാണ് കൂടുതൽ രക്തം ലഭിച്ചിരുന്നത്. 80 യൂണിറ്റ് രക്തം വരെ ക്യാംപുകളിൽ നിന്ന് ലഭിച്ചിരുന്നു.

നെഗറ്റീവ് ആണ് പ്രശ്നം !

നെഗറ്റീവ് രക്തം കിട്ടാനാണ് പ്രയാസമെന്നു റെഡ്ക്രോസ് ജില്ലാ ചെയർമാൻ ഡോ. മണി കുമാർ പറഞ്ഞു. എ നെഗറ്റീവ്, ബി നെഗറ്റീവ്, എബി നെഗറ്റീവ്, ഒ നെഗറ്റീവ് രക്തത്തിന്റെ ലഭ്യത കുറവായിരുന്നു.  കോവിഡ് വന്നതോടെ ഇത് രൂക്ഷമായി. 60 പേരുടെ ക്യാംപ് നടത്തിയാൽ ചിലപ്പോൾ ഒരു യൂണിറ്റ് നെഗറ്റീവ് രക്തം പോലും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റു ജില്ലകളിൽ നിന്ന് ആലപ്പുഴയിലേക്കും തിരിച്ചും നെഗറ്റീവ് രക്തം സംഘടനകൾ വഴി നൽകാറുണ്ട്.

രക്തദാതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ 18–60 മധ്യേ പ്രായമുള്ള ആരോഗ്യമുള്ള എല്ലാവർക്കും രക്തം ദാനം ചെയ്യാം.
∙ കോവിഡ് വന്ന പുരുഷൻമാർ 3 മാസത്തിനു ശേഷവും സ്ത്രീകൾ 4 മാസത്തിനു ശേഷവും രക്തം ദാനം ചെയ്യാം.
∙ വാക്സീൻ സ്വീകരിച്ചാൽ 2 ആഴ്ചയ്ക്കു ശേഷം രക്തം ദാനം ചെയ്യാം.
∙ രക്തദാനത്തിലൂടെ പുതിയ രക്താണുക്കൾ രൂപപ്പെടുന്നതിനാൽ ഊർജസ്വലമായ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കുന്നു.

ആലപ്പുഴ സ്ട്രോങ്ങാണ് !

നിലവിൽ രക്തബാങ്കിൽ ആവശ്യത്തിനു രക്തമുണ്ടെന്ന് മെഡിക്കൽ കോളജ് ട്രാൻസ്ഫ്യൂഷൻ വിഭാഗം മേധാവി ഡോ.മീന പറഞ്ഞു. ദിവസേന 60 യൂണിറ്റ് രക്തം മതിയെന്നും കൂടുതൽ വേണ്ടി വന്നാൽ സംഘടനകൾ ലഭ്യമാക്കും. ജില്ലയിൽ രക്തദാന ക്യാംപുകൾ തുടങ്ങി. ഇന്ന് ആലപ്പുഴ എസ്ഡി കോളജിൽ ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. രണ്ട് വർഷത്തിനു ശേഷമാണ് രക്തദാതാക്കളുടെ ദിനത്തിൽ ക്യാംപ് സംഘടിപ്പിക്കുന്നത്. കോവിഡ് ബാധിച്ചവർക്ക് നിശ്ചിത സമയത്തിനു ശേഷം രക്തം ദാനം ചെയ്യാമെന്നും ഡോക്ടർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com