ADVERTISEMENT

അത്തം പിറന്നു ഇനി പൂക്കൾ അണിയണിയായി പൂക്കളങ്ങളിൽ നിറയും. ഇത്തവണ തമിഴ്നാട്ടിൽനിന്നുള്ള പൂക്കളോടു മത്സരിക്കാൻ ജില്ല കളത്തിലിറങ്ങുന്നുണ്ട്. ഇക്കൊല്ലം പലയിടത്തും പൂപ്പാടങ്ങൾ നിറങ്ങളണിഞ്ഞു. തുമ്പപ്പൂ മുതലുണ്ട് വിപണിയിൽ. പക്ഷേ, ചിലയിടങ്ങളിൽ പൂക്കൃഷിയും വിപണിയും അത്ര വർണാഭമല്ല. വാങ്ങാൻ ആളില്ലാതെ വാടുന്ന പൂക്കളുമുണ്ട് കൂട്ടത്തിൽ. ഓണവിപണിക്കായി ഒരുങ്ങിയ പൂക്കൃഷികളെ  പരിചയപ്പെടാം.

alappuzha-chunakkara-flowers-farm
ചുനക്കര പഞ്ചായത്തിലെ പൂക്കൃഷി.

ഓണം പൂത്തു ഓണാട്ടുകരയിൽ

ഓണാട്ടുകരയിൽ ചുനക്കര, താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകളിലാണ് കൂടുതൽ പൂക്കൃഷിയുള്ളത്. പഞ്ചായത്തുകളുടെയും കൃഷിഭവന്റെയും സഹായത്തോടെ കുടുംബശ്രീ യൂണിറ്റുകളും വനിതാ കൂട്ടായ്മകളുമാണ് പ്രധാനമായും രംഗത്തിറങ്ങിയത്. ചെമ്പകപ്പൂക്കൾ ഏറെ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു. ചുനക്കര പഞ്ചായത്തിൽ അഞ്ചേക്കറോളം സ്ഥലത്ത് രണ്ടു തരം ചെമ്പകം പൂവിട്ടു നിൽക്കുന്നു. താമരക്കുളം പഞ്ചായത്തിലെ 7 വാർ‍ഡുകളിലും പൂക്കൃഷിയുണ്ട്. രണ്ടു പഞ്ചായത്തിലും കഴിഞ്ഞ ദിവസം വിളവെടുപ്പ് തുടങ്ങി

വസന്തമെത്തി, തരിശുനിലങ്ങളിലും

ബന്ദിപ്പൂക്കൾ വിടർന്നു വിലസുകയാണ് വള്ളികുന്നത്തും ഭരണിക്കാവിലും. വള്ളികുന്നം പഞ്ചായത്തിൽ 2 ഹെക്ടറോളവും ഭരണിക്കാവിൽ ഒരു ഏക്കറോളവുമാണ് കൃഷി. ഓറഞ്ച്, മഞ്ഞ നിറങ്ങളുള്ള ബന്ദിയാണിവ. 8 – 15 രൂപ നിരക്കിലുള്ള സങ്കരയിനം തൈകൾ ഉപയോഗിച്ചു. പൂക്കൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തത് കർഷകർക്ക് ആശങ്കയാണ്. മഴയും കൃഷിക്കു വെല്ലുവിളിയാണ്. പൂർണ വളർച്ചയെത്താറായ പൂക്കളിൽ വെള്ളം തങ്ങിയാൽ തണ്ട് ഒടിഞ്ഞ് നശിക്കും.

ഓണനാളുകളിൽ വിളവെടുക്കുകയായിരുന്നു ലക്ഷ്യമെങ്കിലും മഴ കാരണം നേരത്തെ വിളവെടുക്കുകയാണ്. കുടുംബശ്രീ ഗ്രൂപ്പുകൾ ജില്ലാ മിഷന്റെ എഫ്എഫ്സി ഫണ്ട് കൂടി ഉപയോഗിച്ച് കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്സറിയിൽ നിന്ന് വാങ്ങിയ തൈകളും നട്ട് പിടിപ്പിച്ചിരുന്നു. ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് 2 സെന്റ് മുതൽ 10 സെന്റ് വരെയുള്ള തരിശ് നിലങ്ങളാണ് കൃഷിയോഗ്യമാക്കിയത്.

alappuzha-thrikkunapuzha-flowers-farm
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പൂക്കൃഷി.

ബന്ദിപ്പൂക്കൾ വിരിയിച്ച് തൃക്കുന്നപ്പുഴ

ഈ ഓണത്തിന് സ്വന്തം ബന്ദിപ്പൂക്കൾക്കൊണ്ട് കളമൊരുക്കാൻ തയാറെടുത്തിരിക്കുന്നു തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്. വിളവെടുപ്പ് കഴിഞ്ഞു വിപണനം തുടങ്ങി. തൊഴിൽരഹിതരായ സ്ത്രീകൾക്ക് വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും ചേർന്ന് തുടങ്ങിയ പൂക്കൃഷി വലിയ വിജയമായിരുന്നു. വിവിധ വാർഡുകളിലെ ഒഴിഞ്ഞ പറമ്പുകളിലാണ് ഓരോ ഗ്രൂപ്പും കൃഷി ചെയ്തത്. മറ്റു പൂച്ചെടികളെപ്പോലെ അധിക പരിപാലനത്തിന്റെ ആവശ്യമോ കീടങ്ങളുടെ ആക്രമണമോ ഇല്ലാത്ത ബന്ദിക്ക് എല്ലുപൊടിയും ചാണകവുമാണ് പ്രധാനമായും വളമായി ഉപയോഗിച്ചതെന്ന് കൃഷിക്ക് മേൽനോട്ടം നടത്തിയ കൃഷി ഓഫിസർ ദേവിക പറഞ്ഞു.

നട്ട് ഒന്നര മാസം പിന്നിട്ടപ്പോൾ പൂവിട്ടു തുടങ്ങി. തൊഴിലുറപ്പ് ജോലിയുടെ സ്ഥിരം രീതിയിൽനിന്നു മാറി സ്ത്രീകൾക്ക് അധിക വരുമാനവും പുതിയ തൊഴിലറിവും നൽകാൻ പദ്ധതി ഉപകരിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ പറഞ്ഞു. പഞ്ചായത്തിന്റെ ഓണപ്പൂ ചന്തയിൽ നിന്നും വാർഡുകളിലെ കൃഷിയിടങ്ങളിൽ നിന്നുമാണ് ജനങ്ങൾ പൂക്കൾ വാങ്ങുന്നത്. ഓണപ്പൂ ചന്ത കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു.

alappuzha-vallikunnam-flowers-farm
വള്ളികുന്നം ഗ്രാമപഞ്ചായത്തിൽ മലമേൽ ചന്തയ്ക്കു സമീപമുള്ള പുരയിടത്തിൽ വിളവെടുക്കാറായ പൂക്കൃഷി.

10 ഏക്കറിൽ പൂക്കൃഷി

ഓണക്കാലം ലക്ഷ്യം വച്ച് ചേർത്തല, കഞ്ഞിക്കുഴി മേഖലകളിൽ 10 ഏക്കറോളം സ്ഥലത്താണ് ഇത്തവണ പൂക്കൃഷി നടത്തിയത്. വിളവെടുപ്പ് കഴിഞ്ഞ ദിവസം തുടങ്ങി. ബന്ദിയും ജമന്തിയും വാടാമല്ലിയും പരീക്ഷണാടിസ്ഥാനത്തിൽ തുമ്പപ്പൂ കൃഷിയും ഇത്തവണയുണ്ട്. ഓണക്കാലത്ത് പൂക്കളത്തിനായി മാത്രം 6 ടൺ പൂക്കൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 

കുടുംബശ്രീ ഗ്രൂപ്പുകൾ, കാർഷിക ഗ്രൂപ്പുകൾ, അയൽക്കൂട്ടങ്ങൾ, സ്വകാര്യ ഗ്രൂപ്പുകൾ, വ്യക്തികൾ, സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചേർത്തലയിലും കഞ്ഞിക്കുഴിയിലും കൃഷി നടത്തിയത്.ദിവസേന 100 കിലോഗ്രാമോളം പൂക്കൾ വിറ്റുപോകുന്നുണ്ട്. അത്തം എത്തുന്നതോടെ പൂവിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. 

alappuzha-sunil-flowers-farm
മായിത്തറ വടക്കേപറമ്പിൽ വി.പി.സുനിലിന്റെ പൂക്കൃഷി

പൂക്കളേറെ; വാങ്ങാനാളില്ല

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ പൂക്കൾ വാങ്ങാനാളില്ലാത്ത പ്രശ്നമുണ്ട്. 12.5 ഏക്കറിൽ പല നിറത്തിലുള്ള ചെണ്ടുമല്ലി ഉൾപ്പടെയുള്ള പൂക്കൾക്ക് വിപണി കിട്ടാതെ കർഷകർ വിഷമിക്കുന്നു. ഒരു കിലോഗ്രാം പൂവിന് 60 രൂപയാണ് കർഷകർക്ക് കിട്ടുന്നത്. മൊത്തമായി വാങ്ങാൻ ആളെത്തുമെന്ന പ്രതീക്ഷ തകർന്നെന്നാണ് കർഷകർ പറയുന്നത്. മുൻ വർഷങ്ങളിൽ 50 കിലോഗ്രാം വാങ്ങിയവർ ഇത്തവണ നാലോ അഞ്ചോ കിലോഗ്രാം മാത്രം വാങ്ങുന്നു.

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ പൂക്കൃഷി വികസനത്തിന്റെ ഭാഗമായാണ് 12.5 ഏക്കറിനുള്ള തൈകൾ കൃഷി ഭവൻ വിതരണം ചെയ്തത്. വിവിധ ഗ്രൂപ്പുകളും വ്യക്തിഗത കർഷകരും ഓണം വിപണി  ലക്ഷ്യമിട്ട് പഞ്ചായത്തിന്റെ 18 വാർഡുകളിലായി കൃഷി ചെയ്തിരുന്നു.

തുമ്പയും വിപണിയിൽ

പറമ്പി‍ൽ വെറുതെ വളരുന്ന തുമ്പയ്ക്കുമുണ്ട് ഓണവിപണി. മഹാബലിക്കു പ്രിയപ്പെട്ട പൂവെന്ന് ഐതിഹ്യം പറയുന്ന കുഞ്ഞു തുമ്പപ്പൂവിന് പൂക്കളത്തിൽ പ്രമുഖ സ്ഥാനമുണ്ട്. വർഷങ്ങളായി പച്ചക്കറി കൃഷി ചെയ്യുന്ന കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ വടക്കേതയ്യിൽ വി.പി.സുനിലാണ് ഇത്തവണ പരീക്ഷണാടിസ്ഥാനത്തിൽ തുമ്പപ്പൂക്കൃഷി നടത്തിയത്. ഓണ വിപണി പ്രതീക്ഷിച്ച് 200 ചുവട് തുമ്പ നട്ടു. ബന്ദിയും വാടാമല്ലിയും ജമന്തിയും നട്ടതിനൊപ്പമാണ് തുമ്പയ്ക്കും ഇടം നൽകിയത്. തുമ്പപ്പൂവും തുമ്പക്കുടവും ചേർത്ത് 100 ഗ്രാമിന് 100 രൂപയാണ് വില. 200 ചുവടിലായി ഏകദേശം 5 കിലോഗ്രാമോളം തുമ്പക്കുടവും പൂവും ലഭിക്കുമെന്നാണ് പ്രതീക്ഷ. വിളവെടുപ്പ് അടുത്ത ദിവസം തുടങ്ങും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com