എംഡിഎംഎ വിൽപന: 2 പേർ അറസ്റ്റിൽ
Mail This Article
അമ്പലപ്പുഴ ∙ വിദേശത്തു റജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് ആവശ്യക്കാരിൽ നിന്ന് ഓർഡർ സ്വീകരിച്ചശേഷം എംഡിഎംഎ വിൽപന നടത്തുന്ന സംഘത്തിലെ 2 പേർ പിടിയിൽ. ആലപ്പുഴ നഗരസഭ ഇരവുകാട് തിണ്ടങ്കേരിയിൽ ഇജാസ് (25), വട്ടയാൽ വാർഡ് അരയൻപറമ്പിൽ റിൻഷാദ് (26) എന്നിവരെയാണു പുന്നപ്ര സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദും സംഘവും വ്യാഴാഴ്ച രാത്രി പുന്നപ്ര വാടയ്ക്കലിൽ നിന്ന് 9 ഗ്രാം എംഡിഎംഎ, 150 ഗ്രാം കഞ്ചാവ് എന്നിവയുമായി പിടികൂടിയത്.
പൊലീസ് പറയുന്നത്: വിദേശ നമ്പറുള്ള വാട്സാപ് വഴിയാണ് ആവശ്യക്കാരിൽ നിന്ന് സംഘം എംഡിഎംഎ ഓർഡർ എടുക്കുന്നത്. ശേഷം ആവശ്യക്കാർക്ക് തുക അയയ്ക്കേണ്ട ക്യുആർ കോഡ് അയച്ചുനൽകും. തുക കിട്ടിയെന്ന് ഉറപ്പുവരുത്തിയ ശേഷം എംഡിഎംഎ പൊതി ഇടുന്ന സ്ഥലത്തിന്റെ ഫോട്ടോയും ലൊക്കേഷനും പണം അയച്ചവർക്കു കൈമാറും. വിൽപനക്കാരും വാങ്ങുന്നവരും തമ്മിൽ കാണുന്നില്ലെന്നതിനു പുറമേ വിദേശ മൊബൈൽ നമ്പറായതിനാൽ ലൊക്കേഷനും മറ്റും കണ്ടെത്താനും കഴിയില്ല.
ബെംഗളൂരുവിൽ നിന്നു ബസിൽ എത്തിക്കുന്ന എംഡിഎംഎ അര ഗ്രാം, ഒരു ഗ്രാം എന്നിങ്ങനെ പൊതികളാക്കിയാണ് വിൽപന നടത്തിയിരുന്നത്. അര ഗ്രാമിന് 2500 രൂപ മുതൽ 3000 രൂപയാണ് വില. ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് റിൻഷാദിനെതിരെ വേറെയും കേസുകളുണ്ട്. ബിബിഎ ബിരുദധാരിയായ ഇജാസ് അടുത്ത കാലം വരെ വിദേശത്തായിരുന്നു. നാട്ടിലെത്തിയ ശേഷം റിൻഷാദിനോടൊപ്പം കൂടുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ 10 ദിവസമായി ഇവരെ നിരീക്ഷിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.