ADVERTISEMENT

ഹരിപ്പാട് ∙ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിഗ്രഹലബ്ധി സ്മാരകമായി നടത്തുന്ന പായിപ്പാട് ജലോത്സവം ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30ന് മത്സര വള്ളംകളി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.  തോമസ് കെ.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള വിശിഷ്ടാതിഥിയാകും. 

എ.എം.ആരിഫ് എംപി, ചലച്ചിത്രതാരം ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവർ മുഖ്യാതിഥികളാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. മത്സര വള്ളംകളി രമേശ് ചെന്നിത്തല എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. സമ്മാനദാനം കൊടിക്കുന്നിൽ സുരേഷ് എംപിയും ഭാഗ്യ സമ്മാനവിതരണം ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോൺ തോമസും നിർവഹിക്കും. 9 ചുണ്ടൻ വള്ളങ്ങളും വെപ്പ് എ ഗ്രേഡ് വള്ളങ്ങളും ഉൾപ്പെടെ മുപ്പതോളം വള്ളങ്ങൾ പങ്കെടുക്കും.  ജലോത്സവത്തോടനുബന്ധിച്ച് തിരുവോണ നാളിൽ കരക്കാർ നെൽപുര കടവിലെത്തി ഭദ്രദീപം തെളിയിച്ചു.

തുടർന്ന് വാദ്യമേളങ്ങളോടെ അകമ്പടിയോടെ വഞ്ചിപ്പാട്ട് പാടി കരക്കാർ സുബ്രഹ്മണ്യ സ്വാമിയുടെ രൂപം ആലേഖനം ചെയ്ത ട്രോഫിയും തുഴയും പങ്കായവുമായി സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി. ദേവസ്വം മാനേജർ എസ്. സന്തോഷ് കുമാർ, ഉപദേശക സമിതി പ്രസിഡന്റ് പ്രസന്നൻ, വൈസ് പ്രസിഡന്റ് ദിനേശ് കുമാർ, സെക്രട്ടറി ഗിരീഷ് രാംകോ തുടങ്ങിയവർ ചേർന്നു കരക്കാരെ സ്വീകരിച്ചു. തുടർന്നു ട്രോഫി ക്ഷേത്ര ഭാരവാഹികളെ ഏൽപിച്ചു.

ഇന്നു രാവിലെ 10ന് ക്ഷേത്രത്തിൽ പൂജിച്ച ട്രോഫി  ജലോത്സവ സമിതി ഭാരവാഹികൾ  ഏറ്റു വാങ്ങി ഘോഷയാത്രയായി സമിതി ഓഫിസിൽ എത്തിക്കും. കഴിഞ്ഞദിവസം നടന്ന കുട്ടികളുടെ ജലമേള ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു ഉദ്ഘാടനം ചെയ്തു. വീയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. ഷാനവാസ് അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com