കാപികോ റിസോർട്ട് കയ്യേറിയ ഭൂമി സർക്കാർ ഏറ്റെടുത്തു
Mail This Article
പാണാവള്ളി ∙ നെടിയതുരുത്തിലെ കാപികോ റിസോർട്ട് കയ്യേറിയ പുറമ്പോക്ക് ഭൂമി സർക്കാർ ഏറ്റെടുത്തു. കലക്ടർ വി.ആർ.കൃഷ്ണ തേജ സ്ഥലത്തെത്തി സർക്കാർവക ഭൂമി എന്നെഴുതിയ ബോർഡ് സ്ഥാപിച്ചാണ് ഏറ്റെടുത്തത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിച്ചുമാറ്റാൻ 2020 ജനുവരിയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടറിൽനിന്ന് 2 ഹെക്ടറിലേറെ സ്ഥലമാണ് ഏറ്റെടുത്തത്. കെട്ടിടം പൊളിച്ചുനീക്കാനുള്ള ആക്‌ഷൻ പ്ലാൻ റിസോർട്ട് അധികൃതർ 2 ദിവസത്തിനുള്ളിൽ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്കു നൽകും. ഈ പ്ലാൻ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച് അംഗീകരിച്ച ശേഷം പൊളിക്കൽ തുടങ്ങും.
ഒരാഴ്ചയ്ക്കുള്ളിൽ പൊളിക്കൽ തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കലക്ടർ പറഞ്ഞു. അവശിഷ്ടങ്ങൾ പരിസ്ഥിതിക്കു ദോഷകരമല്ലാത്ത രീതിയിൽ 6 മാസത്തിനുള്ളിൽ നീക്കം ചെയ്യും. നടപടികൾ തുടങ്ങുന്നതിനു മുൻപ് റിസോർട്ടിലുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ വിശാദാംശങ്ങൾ ഉൾപ്പെടുത്തി വിഡിയോ മഹസർ തയാറാക്കാൻ വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തി. പൊളിച്ചുമാറ്റൽ നടപടികൾക്കായി താൽക്കാലികമോ സ്ഥിരമോ ആയ ഒരു നിർമാണവും നടത്താൻ പാടില്ലെന്നും കലക്ടർ വ്യക്തമാക്കി.
ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ആശ സി.ഏബ്രഹാം, സർവേ ഡപ്യൂട്ടി ഡയറക്ടർ എസ്.സോമനാഥ്, ചേർത്തല തഹസിൽദാർ കെ.ആർ.മനോജ്, പാണാവള്ളി വില്ലേജ് ഓഫിസർ കെ.ബിന്ദു തുടങ്ങിയവരും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു. സർക്കാർ ഏറ്റെടുത്തതായി അറിയിച്ച് സ്ഥാപിച്ച ബോർഡിൽ സ്ഥലത്തിന്റെ വിസ്തീർണം രേഖപ്പെടുത്തിയതിൽ തെറ്റുണ്ടായതിൽ കലക്ടർ ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ചു. 2.9397 ഹെക്ടർ എന്നതിനു പകരം 2.274 ഹെക്ടർ എന്നാണ് തെറ്റായി രേഖപ്പെടുത്തിയത്. ഇതു തിരുത്താൻ കലക്ടർ നിർദേശിച്ചു.
പൊളിക്കുന്നത് 35,900 ചതുരശ്ര അടി കെട്ടിടസമുച്ചയം
കാപികോ റിസോർട്ടിന്റെ സ്ഥലം സർക്കാർ ഏറ്റെടുത്തതോടെ ഇവിടത്തെ 35,900 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കുക. ഇതിൽ നീന്തൽക്കുളങ്ങൾ ഉൾപ്പെടെയുള്ള 54 വില്ലകളുണ്ട്. 2007ൽ പണി തുടങ്ങിയ റിസോർട്ട് 2012ൽ ആണു പൂർത്തിയാക്കിയത്. റിസോർട്ട് പൊളിച്ച് സർക്കാർ സ്ഥലം ഏറ്റെടുക്കണമെന്ന് 2013ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2020 ജനുവരിയിൽ ഇത് സുപ്രീംകോടതി ശരിവച്ചു.
പിന്നീട് കോവിഡ് സാഹചര്യം കാരണം മുടങ്ങിയ നടപടികളാണ് ഇന്നലെ തുടങ്ങിയത്.ചുറ്റും കായലായതിനാൽ മരട് മാതൃകയിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് പ്രായോഗികമല്ലെന്ന് അധികൃതർ നേരത്തേ വിലയിരുത്തിയിരുന്നു. ഘട്ടം ഘട്ടമായി മാസങ്ങൾ നീളുന്ന പൊളിച്ചുനീക്കലിനുള്ള നിർദേശമാകും ഉണ്ടാകുക എന്നാണ് വിവരം.