കള്ളനോട്ട് കേസ് : ബെംഗളൂരു കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയില്ല
Mail This Article
കായംകുളം ∙ കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൽപറ്റ സ്വദേശി സുനീറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യസൂത്രധാരനെന്നു കരുതുന്ന ബെംഗളൂരു സ്വദേശിയെ കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ല. സനീർ നൽകുന്ന വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. റിമാൻഡിൽ കഴിയുന്ന സനീറിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താലേ ബെംഗളൂരു കേന്ദ്രമാക്കിയുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകൂ എന്ന നിലപാടിലാണ് പൊലീസ്. സനീർ നൽകിയ വിവരങ്ങൾ ലോക്കൽ പൊലീസ് ബെംഗളൂരു പൊലീസിന് കൈമാറിയെങ്കിലും വിവരങ്ങളിലെ അവ്യക്തത അവരെയും കുഴക്കുന്നുണ്ട്.
പൊലീസിന് ആകെ ലഭിച്ചത് ഒരു മൊബൈൽഫോൺ നമ്പർ മാത്രമാണ്. കള്ളനോട്ടുകൾ ബെംഗളൂരുവിൽ നിന്നാണ് കായംകുളത്ത് എത്തിച്ചതെന്നാണ് പിടിയിലായവർ നൽകിയ വിവരം. ബെംഗളൂരുവിൽ നിന്ന് ഇവർക്ക് നോട്ട് ലഭിക്കുന്നതിന് ഇടനിലക്കരനായി നിന്നത് കൽപറ്റ സ്വദേശി സനീറാണ്. ഇയാൾ നേരത്തെയും തട്ടിപ്പ് കേസുകളിലും നിരോധിത നോട്ട് വിൽപന കേസിലും മറ്റും പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കള്ളനോട്ട് എത്തിച്ചതിന്റെ പിന്നിൽ രാജ്യാന്തരബന്ധമുള്ള വലിയ സംഘം പ്രവർത്തിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇവർക്ക് വൻ ലോബികളുടെ ഒത്താശയുള്ളതിനാലും ലോക്കൽ പൊലീസിന്റെ അന്വേഷണ പരിധിക്ക് അപ്പുറമുള്ള നീക്കങ്ങളാണ് കള്ളനോട്ട് ലോബി നടത്തുന്നത്. പിടിയിലായവരിൽ പലരും വെറും ഇടനിലക്കാർ മാത്രമാണെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്.