താറാവുകൾ ചത്തുവീഴുന്നു; വണ്ടാനത്തും പക്ഷിപ്പനി?
Mail This Article
ആലപ്പുഴ ∙ കരുവാറ്റയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ വണ്ടാനത്തും പക്ഷിപ്പനിയെന്നു സംശയം. കിഴക്ക് വെട്ടിക്കരി പാടശേഖരത്തിലാണ് താറാവുകൾ കൂട്ടത്തോടെ ചാകുന്നത്. വണ്ടാനം കോതോലിത്തറ സന്തോഷ്, വണ്ടാനം കന്നേക്കോണിൽ ഹരിക്കുട്ടൻ എന്നിവരുടെ അറുനൂറിലധികം താറാവുകളാണ് 2 ദിവസങ്ങളിലായി ചത്തത്. ഇന്നലെ മാത്രം ഹരിക്കുട്ടന്റെ 150 താറാവുകൾ ചത്തു. ഇവർ തന്നെ താറാവുകളുടെ സാംപിളുകൾ തിരുവല്ല മഞ്ഞാടിയിലെ ലാബിലെത്തിച്ചു. പരിശോധനാഫലം കിട്ടിയിട്ടില്ല.
അതിനിടെ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി കേന്ദ്രസംഘം ഇന്നു ജില്ലയിലെത്തും. ഭോപാലിലെ ലാബിൽനിന്നുള്ള മൂന്നുപേരും തിരുവനന്തപുരത്തു നിന്നുള്ള ഡോ.സഞ്ജയ്, മഞ്ഞാടിയിൽ നിന്നുള്ള ഡോ.പ്രവീൺ പുന്നൂസ് എന്നിവരും സംഘത്തിനൊപ്പം ചേരും.കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കരുവാറ്റയിൽ ഇന്നു കള്ളിങ് നടത്തും. രോഗം ബാധിച്ച താറാവുകൾ കിടക്കുന്ന ബണ്ടിനു സമീപം വീടുകളുള്ളതിനാൽ കള്ളിങ് മറ്റൊരു സ്ഥലത്തേക്കു മാറ്റി.
സമീപവാസികളുടെ ആവശ്യം പരിഗണിച്ച് ജില്ലാ കലക്ടർ ഇടപെട്ടതിനെത്തുടർന്ന് ഇപ്പോൾ താറാവു കിടക്കുന്ന സ്ഥലത്തു നിന്ന് 500 മീറ്റർ അകലെ ആൾത്താമസമില്ലാത്ത സ്ഥലത്തേക്കാണ് കള്ളിങ് മാറ്റിയത്. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണസമിതി യോഗത്തിൽ കള്ളിങ് മറ്റൊരു സ്ഥലത്തേക്കു മാറ്റാമെന്നു തീരുമാനിക്കുകയായിരുന്നു. ഇന്നു രാവിലെ 10ന് രണ്ട് ആർആർടി ടീമംഗങ്ങളുടെ നേതൃത്വത്തിലാണ് കള്ളിങ്. കരുവാറ്റയിൽ 8600 പക്ഷികളെയാണ് കൊന്നു നശിപ്പിക്കുന്നത്.