തണ്ണീർമുക്കം ഷട്ടർ; വേലിയിറക്ക സമയത്ത് അടയ്ക്കണം എന്ന ആവശ്യം ശക്തം
Mail This Article
കുട്ടനാട് ∙ തണ്ണീർമുക്കം ഷട്ടർ വേലിയിറക്ക സമയത്ത് അടയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശക്തമായ വേലിയേറ്റത്തെ തുടർന്നു തണ്ണീർമുക്കത്തെ ഷട്ടറുകൾ അടച്ചു തുടങ്ങിയിരുന്നു. എന്നാൽ ജലനിരപ്പിൽ കാര്യമായ മാറ്റമില്ലാത്തതിനാൽ മടവീണ കൈനകരി ഇരുമ്പനം, പുത്തൻതുരം പാടശേഖരങ്ങൾക്ക് ഉള്ളിലും പുറംബണ്ടിലുമായി താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങൾ ദുരിതത്തിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ ഒരടിയിലേറെ ജലനിരപ്പ് ഉയർന്നിരുന്നു. വേലിയിറക്ക സമയത്തു കയറിയ ഒരടി വെള്ളം താഴുകയും ചെയ്തിരുന്നു. വെള്ളം താഴ്ന്നു നിൽക്കുന്ന സമയത്തു ഷട്ടറുകൾ അടച്ചാൽ നിലവിൽ വെള്ളം കയറി കിടക്കുന്ന കൈനകരിയിലെ പല വീടുകളുടെ ഉള്ളിൽ നിന്നു വെള്ളം ഇറങ്ങിയേനെ. വരും ദിവസങ്ങളിൽ ഷട്ടറുകൾ പൂർണമായി അടയ്ക്കും. ജലനിരപ്പ് താഴ്ന്നു നിൽക്കുന്ന സമയത്ത് ഷട്ടർ അടയ്ക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
വെള്ളക്കെട്ട് തുടരുന്നതു കൈനകരിയിലെ 11, 12 വാർഡുകളിലെ കുടുംബങ്ങളെ ദുരിതത്തിലാക്കി. കൈനകരി പഞ്ചായത്ത് റോഡിൽ വെള്ളം കയറിയതിനാൽ ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. കുട്ടികൾക്കു സ്കൂളുകളിൽ പോലും പോകാൻ സാധിക്കുന്നില്ല.വെള്ളം കയറുന്നതിനു മുൻപു കെഎസ്ആർടിസി ബസിൽ അര മണിക്കൂർ കൊണ്ട് ആലപ്പുഴയിലെത്തിയിരുന്ന പ്രദേശവാസികൾ ഇപ്പോൾ ഒന്നര മണിക്കൂർ എടുത്താണ് ആലപ്പുഴയിൽ എത്തിച്ചേരുന്നത്.
പമ്പിങ് പുനരാരംഭിച്ചാൽ മാത്രമേ പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരമുണ്ടാവൂ. മടകുത്തൽ നടപടി വേഗത്തിലാക്കാൻ അധികൃതർ മുൻകൈ എടുക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
മടകുത്തൽ;പൊതുയോഗം ഇന്ന്
ഇരുമ്പനം പാടശേഖരത്തിലെ മടകുത്തുന്നതു സംബന്ധിച്ചു പാടശേഖര സമിതിയുടെ പൊതുയോഗം ഇന്ന് 4നു പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദിന്റെ അധ്യക്ഷതയിൽ ഇരുമ്പനം, പുത്തൻതുരം പാടശേഖര സമിതികളുടെ യോഗം കൂടിയിരുന്നു. ഈ യോഗത്തിൽ ഇരുമ്പനം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ മട കുത്താൻ ഏകദേശ ധാരണയെത്തിയിരുന്നു.