ആലപ്പുഴ ബൈപാസ് ‘പൊളിയാണ് ’; സ്പാനുകൾ ചേരുന്ന ഭാഗത്ത് വിടവ്, നാലു കാറുകൾ നിരയായി കൂട്ടിയിടിച്ചു തകർന്നു
Mail This Article
ആലപ്പുഴ ∙ ബൈപാസ് മേൽപാലത്തിൽ സ്പാനുകൾക്കിടയിൽ വിടവ് രൂപപ്പെട്ടതിനെത്തുടർന്ന് വാഹനങ്ങളുടെ കൂട്ടയിടി. ഇന്നലെ രാവിലെ ഒൻപതോടെയാണ് നാലു കാറുകൾ നിരയായി കൂട്ടിയിടിച്ചത്. ഒന്നാം തൂണിനു മുകളിൽ സ്പാനുകൾ ചേരുന്ന ഭാഗത്താണ് കോൺക്രീറ്റും സ്ട്രിപ് സ്റ്റീലും അടർന്നത്. ബൈപാസിൽ കൊമ്മാടി ഭാഗത്തേക്കുള്ള സമീപന പാത താഴ്ന്നതാണ് സ്പാനുകൾക്കിടയിലെ സ്ട്രിപ് സ്റ്റീൽ പൊട്ടി മാറാൻ കാരണം. പൊട്ടിയ സ്ട്രിപ് സ്റ്റീൽ പാലത്തിൽ ഉയർന്നു നിന്നതു ശ്രദ്ധയിൽപെട്ട ഡ്രൈവർ പെട്ടെന്നു വാഹനത്തിന്റെ വേഗം കുറച്ചതോടെ കൂട്ടയിടിയായി.
ബൈപാസ് അറ്റകുറ്റപ്പണിക്കു കരാർ എടുത്ത ആർഡിഎസ് കമ്പനി പ്രതിനിധികളും പൊതുമരാമത്ത് എൻജിനീയറിങ് വിഭാഗവും ചേർന്നു വൈകിട്ടോടെ പരിശോധന നടത്തി. തുടർന്ന് സ്ട്രിപ് സ്റ്റീൽ വെൽഡ് ചെയ്ത് ഉറപ്പിച്ചു. വാഹന ഗതാഗതം പൂർണമായി നിരോധിക്കാതെ, നിയന്ത്രിച്ചുകൊണ്ടു തന്നെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് ശ്രമം. ഇന്നലെ വെൽഡ് ചെയ്തു ഉറപ്പിച്ച ഭാഗം ഇന്ന് കോൺക്രീറ്റ് ചെയ്തു പഴയതു പോലെയാക്കും.
അപകടശേഷം ബൈപാസ് പാലത്തിന്റെ മധ്യഭാഗത്തു കൂടി വാഹനങ്ങൾ കടന്നു പോകുന്നത് തടഞ്ഞിരുന്നു. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷമാകും പാലത്തിന്റെ മധ്യഭാഗത്തു കൂടി വാഹനങ്ങൾ കടത്തി വിടുക.
മുൻപും വിള്ളൽ
ആലപ്പുഴ ബൈപാസ് യാഥാർഥ്യമാകുന്നതിനു മുൻപു തന്നെ നിർമാണത്തിലെ പോരായ്മകൾ പ്രകടമായിരുന്നു. കുതിരപ്പന്തിക്കു തെക്കു ഭാഗത്തു മേൽപാലത്തിന്റെ തൂൺ താഴ്ന്നിരുന്നു. തുടർന്ന് ആ തൂൺ പൂർണമായി പൊളിച്ചു പണിതു. മാളികമുക്കിലെ അടിപ്പാതയുടെ കോൺക്രീറ്റിൽ വിള്ളൽ രൂപപ്പെട്ടത് ആശങ്കയ്ക്കിടയാക്കിയിരുന്നു. ബൈപാസിൽ പലയിടത്തും ടാറിങ് ഇളകുകയും കുഴികൾ രൂപപ്പെടുകയും ചെയ്തതും യാത്രക്കാരെ ബുദ്ധിമുട്ടിച്ചു.