ദിവസം പ്രിന്റ് ചെയ്തത് ദിവസം ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് വരെ; ‘നിലവാരം’ തീരുമാനിക്കും എൻഐഎയുടെ വരവ്
Mail This Article
ചാരുംമൂട് ∙ പരിശോധനയ്ക്കു പോയ പൊലീസ് പ്രിന്റ് ചെയ്തെടുത്തത് ‘ചൂടൻ കള്ളനോട്ട്. ഷംനാദിന്റെ ലാപ്ടോപ് പരിശോധിച്ച പൊലീസ് 2000, 500, 200 എന്നീ നോട്ടുകളുടെ മാതൃക വിവിധ ഫോൾഡറുകളിൽ സൂക്ഷിച്ചത് കണ്ടെത്തി. ഇത് പ്രിന്റ് ചെയ്ത് നോക്കിയപ്പോഴാണ് യഥാർഥ നോട്ടിന്റെ വലുപ്പത്തിലും നിറത്തിലുമുള്ള നോട്ട് ലഭിച്ചത്.
2020ലാണ് വാളകം സ്വദേശി ശ്യാമിനെ പരിചയപ്പെട്ട ഷംനാദ്, ഇയാളുടെ സഹോയത്തോടെ ലാപ്ടോപ്പിൽ കള്ളനോട്ട് തയാറാക്കാനുള്ള സംവിധാനം ഒരുക്കിയത്. ഒരു ദിവസം ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് വരെ ഷംനാദ് പ്രിന്റ് ചെയ്തിരുന്നെന്നാണ് പൊലീസ് പറയുന്നത്. ശ്യാമിന് 5,000 മുതൽ 10,000 രൂപ വരെയാണു ദിവസക്കൂലി നൽകിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
നൂറനാട് സിഐ പി.ശ്രീജിത്ത്, എസ്ഐ നിതീഷ്, ജൂനിയർ എസ്ഐ ദീപു എസ്.പിള്ള, എസ്ഐമാരായ കെ.ആർ.രാജീവ്, രാജേന്ദ്രൻ, എഎസ്ഐമാരായ പുഷ്പ ശോഭനൻ, ബിന്ദുരാജ്, സിപിഒമാരായ പ്രവീൺ, രഞ്ജിത്ത്, അരുൺ, വിഷ്ണു, ബിജു, കൃഷ്ണകുമാർ, പ്രസന്നകുമാരി, ശ്രീകല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയമുണ്ടെന്നും അന്വേഷണം തുടരുന്നതായും പൊലീസ് പറഞ്ഞു.
‘നിലവാരം’ തീരുമാനിക്കും എൻഐഎയുടെ വരവ്
പ്രതികളിൽ നിന്നു കണ്ടെടുത്ത നോട്ടുകൾ ഹൈ ക്വാളിറ്റി കൗണ്ടർഫീറ്റ് കറൻസിയാണെങ്കിൽ കേസ് അന്വേഷണം എൻഐഎയ്ക്കു കൈമാറുമെന്ന് സിഐ പി.ശ്രീജിത്ത് പറഞ്ഞു. നോട്ടുകൾ പരിശോധനയ്ക്കായി തിരുവനന്തപുരം സ്റ്റേറ്റ് ഫോറൻസിക് ലാബിലേക്ക് അയച്ചു. നോട്ടിലെ എല്ലാ അടയാളങ്ങളും കൃത്യവും തുടർച്ചയായ സീരീസുകളിലും ഉള്ളതാണ്.
റിസർവ് ബാങ്ക് അടിക്കുന്ന നോട്ടിലുള്ള അടയാളങ്ങൾ പരമാവധി ഉൾപ്പെടുത്തി നിർമിക്കുന്നതുകൊണ്ട് ആർക്കും സംശയം തോന്നില്ല. പേപ്പർ തമിഴ്നാട്ടിൽ നിന്നാണ് കൊണ്ടുവരുന്നത്. രണ്ടര വർഷമായി കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ നോട്ടുകൾ വിതരണം ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ കോടിക്കണക്കിന് രൂപ ഷംനാദ് അച്ചടിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. യഥാർഥത്തിലുള്ള 20,000 രൂപയ്ക്ക് പകരമായി ഒരു ലക്ഷം രൂപയുടെ കള്ളനോട്ടാണ് നൽകി വന്നിരുന്നത്.