മാക്കേക്കടവ്– നേരേകടവ് പാലം അപ്രോച്ച് റോഡിനായി കെട്ടിടങ്ങൾ പൂർണമായി പൊളിച്ചുനീക്കാൻ അനുമതി
Mail This Article
പൂച്ചാക്കൽ ∙ മാക്കേക്കടവ്– നേരേകടവ് പാലത്തിന്റെ പുനർനിർമാണം തുടങ്ങുന്നതിനു മുന്നോടിയായി മാക്കേക്കടവ് – നേരേകടവ് ഭാഗങ്ങളിൽ അപ്രോച്ച് റോഡിനായി സർക്കാർ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൂർണമായി പൊളിച്ചു നീക്കുന്നതിന് സർക്കാർ അനുമതിയായി. മാക്കേക്കടവിൽ മാത്രമായി 10 സെന്റോളം സ്ഥലത്തെ 21 പേരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് പൊളിക്കേണ്ടത്. ഇതിൽ 6 കെട്ടിടങ്ങൾ പൊളിക്കുന്നതിന് നേരത്തെ ടെൻഡർ ആയി പൊളിച്ചു തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവ പൊളിക്കുന്നതിനാണ് കഴിഞ്ഞ ദിവസം ടെൻഡറായത്. നേരേകടവ് ഭാഗത്തും കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് ടെൻഡറായിട്ടുണ്ട്.
അതേസമയം പാലം നിർമാണത്തിനുള്ള റിവൈസ് എസ്റ്റിമേറ്റിന് അനുമതി ഇനിയും ആയിട്ടില്ല. റിവൈസ് എസ്റ്റിമേറ്റ് സംബന്ധിച്ച നിർദേശം പൊതുമരാമത്ത് വകുപ്പ് ധനവകുപ്പിന് 6 മാസമായി നൽകിയിട്ട്.
ഇതിൽ ധനവകുപ്പ് പരിശോധന നടത്തിയാണ് അനുമതി നൽകേണ്ടത്. നവംബർ 1ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പാലം നിർമാണം അവസ്ഥ സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ധനവകുപ്പ് ഫയൽ പരിശോധിച്ച് പൊതുമരാമത്ത് വകുപ്പിനോട് വിശദാംശങ്ങൾ തേടിയിരുന്നു. എന്നിട്ടും അനുമതി വൈകുകയാണ്.