മെഡിക്കൽ കോളജ് ആശുപത്രി: മാമോഗ്രാം പരിശോധന നിലച്ചിട്ട് 2 വർഷം
Mail This Article
അമ്പലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാമോഗ്രാം പരിശോധന നിലച്ചിട്ട് രണ്ടുവർഷം. സ്തനാർബുദം കണ്ടെത്താനുള്ള പരിശോധനയ്ക്ക് ഉപയോഗിക്കുന്നതാണ് മാമോഗ്രാം മെഷീൻ. ഡോ.ടി.എൻ.സീമ എംപി ഫണ്ടിൽ നിന്ന് 2015ൽ 50 ലക്ഷം രൂപ ചെലവിലാണ് മാമോഗ്രാം മെഷീൻ വാങ്ങിയത്. സാങ്കേതിക തകരാറും കാലപ്പഴക്കവും മൂലം മെഷീൻ നശിച്ചു. ഇതിനിടെ കമ്പനിയുടെ വാർഷിക അറ്റകുറ്റപ്പണിയുടെ കരാർ കാലാവധി കഴിഞ്ഞു. പുതുക്കാൻ നിർദേശം നൽകിയെങ്കിലും ഫയൽ നീങ്ങിയിട്ടില്ല.
കോവിഡിനു മുൻപ് മെഷീൻ കേടായപ്പോൾ അറ്റകുറ്റപ്പണികൾക്കായി കമ്പനിയിൽ നിന്നു വിദഗ്ധർ എത്തിയിരുന്നു. കരാർ തീർന്നതോടെ കമ്പനിയും കൈവിട്ട അവസ്ഥയാണ്. പരിശോധനയ്ക്കായി ഡിജിറ്റൽ മെഷീൻ വാങ്ങണമെന്ന നിർദേശവും നടപ്പിലായില്ല. അതിന് 2.7 കോടി രൂപ വേണ്ടിവരും.
ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ലെന്നാണു സൂചന.ഒരു മാസം കുറഞ്ഞത് 125 രോഗികളെ മാമോഗ്രാം പരിശോധന നടത്തുന്ന ആശുപത്രിയിലാണ് നിലവിൽ പരിശോധന ഇല്ലാത്തത്. മാമോഗ്രാം പരിശോധനയ്ക്ക് സ്വകാര്യ ലാബിൽ 1200 മുതൽ 1800 രൂപ വരെ നൽകേണ്ടി വരുമ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ 750 രൂപ മതിയാകുമെന്നതിനാൽ ഒട്ടേറെപ്പേരാണ് ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നത്.
സംസ്ഥാനത്ത് 1.5 ലക്ഷം പേർക്ക് അർബുദ സാധ്യത
ആരോഗ്യവകുപ്പിന്റെ കഴിഞ്ഞവർഷത്തെ സർവേ പ്രകാരം സംസ്ഥാനത്ത് 1.5 ലക്ഷം പേർക്ക് അർബുദത്തിന് സാധ്യതയുണ്ടെന്നാണു കണക്ക്. ഇതിൽ 1.3 ലക്ഷം പേർക്കും സ്തനാർബുദത്തിനാണ് സാധ്യത. ആലപ്പുഴ ജില്ലയിൽ സർവേ നടത്തിയ 1,16,155 പേരിൽ സ്തനാർബുദ സാധ്യത 35,823 പേർക്കാണ് കണ്ടെത്തിയത്. നാൽപതുവയസ്സിനു ശേഷം വർഷത്തിൽ ഒരു തവണയെങ്കിലും മാമോഗ്രാം പരിശോധന നടത്തണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. ആദ്യഘട്ടങ്ങളിൽ സ്തനാർബുദം കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാം. മുപ്പതു വയസ്സിനു മുകളിലുള്ളവരെയാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്.
അമ്മയുടെയും കുഞ്ഞിന്റെയും മരണം; ചികിത്സപ്പിഴവ് ഇല്ലെന്ന് റിപ്പോർട്ട്
ആലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സപ്പിഴവ് ഇല്ലെന്ന് അന്വേഷണ സംഘം റിപ്പോർട്ട് നൽകി. ആരോഗ്യ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് മെഡിക്കൽ എജ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ.എം.എച്ച്.അബ്ദുൽ റഷീദിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
റിപ്പോർട്ട് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ ആശുപത്രി സൂപ്രണ്ടിന്റെ നിർദേശപ്രകാരം നടത്തിയ ആഭ്യന്തര അന്വേഷണത്തിലും ചികിത്സപ്പിഴവ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് അന്വേഷണം അവസാനഘട്ടത്തിലാണ്. മെഡിക്കൽ ബോർഡിന്റെ അഭിപ്രായം കൂടി ലഭിച്ചാൽ അന്വേഷണം പൂർത്തിയാകുമെന്നു ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.
വാക്സീനില്ല, പേരിനു പോലും
ആലപ്പുഴ ∙ ജില്ലയിലെ കോവിഡ് വാക്സീൻ സ്റ്റോക് തീർന്നു. പുതിയ സ്റ്റോക് എന്ന് എത്തുമെന്നതിൽ തീരുമാനമായില്ല. 60 വയസ്സ് കഴിഞ്ഞവരും മറ്റു രോഗങ്ങൾ ഉള്ളവരും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് നിർബന്ധമുള്ള സാഹചര്യത്തിലാണ് ഈ പ്രതിസന്ധി. ജില്ലയിൽ സ്റ്റോക്കുണ്ടായിരുന്ന 2000ത്തിൽ താഴെ ഡോസ് കോവാക്സിന്റെ കാലാവധി 31ന് തീരുകയും ചെയ്തു.
കോവിഷീൽഡ് വാക്സീൻ തീർന്നിട്ട് ഒരു മാസമായി. ജില്ലയ്ക്കായി കോവിഡ് വാക്സീൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എന്ന് എത്തുമെന്നതിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇതിനു പുറമേ കുട്ടികൾക്കുള്ള കോർബെവാക്സീനും ജില്ലയിൽ തീർന്നിരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ജില്ലയിൽ ഇതു വരെ 17,35,066 പേർ ഫസ്റ്റ് ഡോസും 16,09,453 പേർ സെക്കൻഡ് ഡോസ് വാക്സീനും എടുത്തിട്ടുണ്ട്.
ബൂസ്റ്റർ ഡോസ് വാക്സീൻ എടുക്കാനുള്ളവരാണു കൂടുതൽ. നിലവിൽ പത്തിൽ താഴെ കോവിഡ് കേസുകളേ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുള്ളൂവെങ്കിലും കേസുകൾ വർധിക്കാനുള്ള സാധ്യത മുൻനിർത്തി ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പക്ഷേ, വാക്സീൻ എന്നു നൽകാമെന്ന കാര്യത്തിൽ മാത്രം അവ്യക്തത തുടരുകയാണ്.