പമ്പാനദിയിലും ജലനിരപ്പ് താഴുന്നു; വരളുന്നു, പ്രതീക്ഷകൾ
Mail This Article
മാന്നാർ ∙ അച്ചൻകോവിലാറിനു പിന്നാലെ പമ്പാനദിയിലെ ജലനിരപ്പു താഴ്ന്നു. തീരത്തെ കിണറുകൾ വറ്റി തുടങ്ങി.വേനൽ ചൂട് ശക്തമായതോടെയാണ് പമ്പാനദിയിലെ ജലനിരപ്പു താഴ്ന്നു തുടങ്ങിയത്.
സംസ്ഥാന പാതയിലെ പന്നായി പാലത്തിനു കിഴക്കു ഭാഗത്തു പമ്പാനദിയും കൈവഴിയും സംഗമിക്കുന്നയിടം, ആലപ്പുഴ– പത്തനംതിട്ട ജില്ലകൾ അതിർത്തി പങ്കിടുന്ന ഇവിടെ പച്ചപ്പു തെളിഞ്ഞത് ജലനിരപ്പു കാര്യമായി താഴ്ന്നതിന്റെ തെളിവാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഇവിടെ നേരിയ തോതിലുള്ള പച്ചപ്പു മാത്രമേ കാണാൻ സാധിക്കുമായിരുന്നുള്ളൂ.തൊട്ടു പടിഞ്ഞാറായിട്ടുള്ള പന്നായിക്കടവിലെ കുളിക്കടവിലെയും വെള്ളം വറ്റിയതിനാൽ കരഭാഗവും തെളിഞ്ഞിട്ടുണ്ട്. പടിഞ്ഞാറോട്ടു പോയാൽ മുല്ലശേരിക്കടവ്, മഹാത്മാ ജലോത്സവം നടക്കുന്ന കുര്യത്തു കടവിലെ നാലോളം പടികളിലെ വെള്ളവും ഇറങ്ങിയതായി കാണാം.
പമ്പാനാദി കടന്നു പോകുന്ന പാവുക്കര, വള്ളക്കാലി, മേൽപാടം, വീയപുരം തുടങ്ങിയ സ്ഥലങ്ങളിലും കാര്യമായി ജലനിരപ്പു താഴ്ന്നിട്ടുണ്ട്.പമ്പാനദിയുടെയും കൈവഴിയുടെയും തീരത്തുള്ള കിണറുകൾ മിക്കതും വറ്റി തുടങ്ങി. ചില കിണറുകളിൽ മൂന്നടി വെള്ളമേയുള്ളു.
ചൂടും കൂടിയാൽ സ്ഥിതിയാകെ മാറുകയും ശുദ്ധജലക്ഷാമം രൂക്ഷമാകുകയും ചെയ്യുമെന്ന ഭീതിയിലാണ് ജനങ്ങൾ. ചൂടു കൂടിയതിനാൽ നദിയിലെ പുഴ മീനുകളുടെ ലഭ്യതയും കുറഞ്ഞതായി ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.