നടുറോഡിൽ പട്ടാപ്പകൽ‘തട്ടിക്കൊണ്ടുപോകൽ’,സ്റ്റേഷനിലേക്ക് ഫോൺ; പിന്നാലെ ട്വിസ്റ്റ്
Mail This Article
ഹരിപ്പാട് ∙ ‘പട്ടാപ്പകൽ റോഡിലൂടെ നടന്നു പോയ ആളെ കാറിൽ തട്ടിക്കൊണ്ടുപോയി’– സ്റ്റേഷനിലേക്ക് ഫോൺ വന്നതിനു പിന്നാലെ ഹരിപ്പാട് പൊലീസ് അന്വേഷണമാരംഭിച്ചു. ഒടുവിൽ ‘തട്ടിക്കൊണ്ടുപോയവരെ’ പിടികൂടിയപ്പോൾ കിട്ടിയത് മറ്റൊരു കഥ. മദ്യപനായ അച്ഛനെ മക്കൾ ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടു പോയതാണ് തട്ടിക്കൊണ്ടുപോക്കായി നാട്ടുകാർ തെറ്റിദ്ധരിച്ചത്.
കുമാരപുരം അനന്തപുരം ഭാഗത്തു നിന്നാണ് കാറിലെത്തിയ സംഘം ഒരാളെ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോകുന്നത് നാട്ടുകാർ കണ്ടത്. ഉടൻ ഹരിപ്പാട് പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.തുടർന്നു കാറിന്റെ നമ്പർ വച്ച് ഉടമസ്ഥനെ കണ്ടെത്തിയപ്പോഴാണ് അച്ഛന്റെ മദ്യപാനം മൂലം സഹികെട്ട മക്കൾ ഡിഅഡിക്‌ഷൻ സെന്ററിലേക്ക് കൊണ്ടുപോയതാണെന്നു മനസ്സിലായത്. ആശുപത്രി അധികൃതരുമായി പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.